കുവൈത്ത് സിറ്റി: ഇസ്ലാം മത വിശ്വാസികൾ വ്രതാനുഷ്ഠാനത്തിന്റെ റമദാൻ മാസത്തിലേക്കു പ്രവേശിക്കുന്നു. ഒരുക്കങ്ങളെല്ലാം പൂർത്തിയാക്കി റമദാൻ പിറ തെളിയുന്നതും കാത്തിരിക്കുകയാണ് വിശ്വാസികൾ. ശഅ്ബാൻ 29 പൂർത്തിയാകുന്ന വെള്ളിയാഴ്ച മാസപ്പിറവി കണ്ടാൽ ശനിയാഴ്ച മുതൽ വ്രതം ആരംഭിക്കും.
സ്വദേശി, വിദേശി കുടുംബങ്ങളെല്ലാം റമദാൻ ഷോപ്പിങ്ങിന്റെ അവസാനവട്ട തിരക്കിലായിരുന്നു കഴിഞ്ഞ ദിവസങ്ങളിലെല്ലാം. റമദാനെ ഏറ്റവും പൊലിമയോടെയും സന്തോഷത്തോടെയും സ്വീകരിക്കുന്നവരാണ് വിശ്വാസികൾ. നോമ്പുകാലത്തേക്ക് ആവശ്യമായ ഭക്ഷണസാധനങ്ങൾ വാങ്ങുന്നതടക്കം റമദാൻ ഒരുക്കങ്ങൾ ഏവരും നേരത്തെ പൂർത്തിയാക്കും.
മത സംഘടനകളും കൂട്ടായ്മകളും റമദാനെ വരവേൽക്കുന്നതിനായി വിവിധ പരിപാടികളും പൂർത്തിയാക്കിയിട്ടുണ്ട്. റമദാനെ ആത്മാവിന്റെയും ശരീരത്തിന്റെയും ശുദ്ധീകരണ വേദിയാക്കിമാറ്റാൻ വിശ്വാസികളോട് പ്രഭാഷകർ ആഹ്വാനം ചെയ്തു.
ഇഫ്താറിനായും വിപുലമായ ഒരുക്കങ്ങളാണ് നടന്നുവരുന്നത്. നൂറുകണക്കിനാളുകള്‍ക്ക് ഒന്നിച്ചിരുന്ന് നോമ്പ് തുറക്കാന്‍ സൗകര്യമുള്ള ഇടങ്ങൾ ഒരുക്കൽ കുവൈത്തിൽ പതിവാണ്. ചെറിയ ഹാളുകളുടെ ലഭ്യതക്കുറവ് ഇഫ്താർ സംഗമങ്ങൾ സംഘടിപ്പിക്കുന്നതിൽ മലയാളി സംഘടനകൾക്ക് പ്രയാസം സൃഷ്ടിക്കുന്നുണ്ട്.
ഇതിന് ബദൽ മാർഗങ്ങൾ കണ്ടെത്താനുള്ള ശ്രമത്തിലാണ് സംഘടനകൾ. അതേസമയം പള്ളികളോടു ചേർന്നുള്ള ഇഫ്താർ കൂടാരങ്ങൾ ഇത്തവണയും ഉണ്ടാകും. പ്രവാസികൾക്ക് നോമ്പുതുറക്കാൻ ഇവ വലിയ ആശ്വാസമാണ്.
വിലക്കുറവ് അടക്കമുള്ള ഓഫറുകളുമായി ഹൈപ്പർമാർക്കറ്റുകളും ഷോപ്പിങ് സെന്ററുകളിലുമെല്ലാം റമദാനെ വരവേൽക്കാൻ ഒരുങ്ങിക്കഴിഞ്ഞു.
രാജ്യത്തെ പള്ളികളിൽ ഇഫ്താറുകൾ, തറാവീഹ് നമസ്കാരങ്ങൾ, രാത്രിനമസ്കാരങ്ങൾ എന്നിവക്കായി ഒരുക്കങ്ങൾ പൂർത്തിയായി. അന്തർദേശീയ തലത്തിൽ വരെ പ്രശസ്തരായ ഖുർആൻ പാരായണ പ്രതിഭകളെ രാത്രി നമസ്കാരത്തിന് നേതൃത്വം നൽകാൻ ഔഖാഫ് ചുമതലപ്പെടുത്തിയിട്ടുണ്ട്.
റമദാനിൽ ഓഫിസുകളുടെ പ്രവർത്തി സമയവും പുനഃക്രമീകരിക്കും. തൊഴിൽ സമയം ഫ്ലക്സിബിൾ ആക്കി ആറുമണിക്കൂറാക്കി ചുരുക്കും. സ്കൂൾ പ്രവൃത്തിസമയവും കുറയും.
തണുപ്പുകാലത്താണ് ഇത്തവണ റമദാൻ എത്തുന്നത് എന്നതിനാൽ സുഖകരമായ കാലാവസ്ഥയിലാണ് ഇത്തവണ റമദാൻ എത്തുന്നത്. പകലിന്റെ ദൈർഘ്യവും കുറവാണ്.
കുവൈത്ത് സിറ്റി: റമദാൻ മാസത്തിന് മുന്നോടിയായി രാജ്യത്തെ പൗരന്മാർക്കും താമസക്കാർക്കും അമീർ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ് ആശംസകൾ നേർന്നു.
റമദാനിലെ ഒന്നും രണ്ടും ദിവസങ്ങളിൽ വൈകുന്നേരം 7.30 മുതൽ ബയാൻ പാലസിലെ അസ്സബാഹ് കുടുംബത്തിന്റെ ദിവാനിൽ അമീറും, കിരീടാവകാശി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ മുബാറക് അസ്സബാഹും അതിഥികളെ സ്വീകരിക്കുമെന്നും അമീരി ദീവാൻ അറിയിച്ചു.
കിരീടാവകാശി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ മുബാറക് അസ്സബാഹും പൗരന്മാർക്കും താമസക്കാർക്കും റമദാൻ ആശംസകൾ നേർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.