പ്രഫ. സിദ്ദീഖ് ഹസൻ
കുവൈത്ത് സിറ്റി: പ്രഫ. കെ.എ. സിദ്ദീഖ് ഹസെൻറ വിയോഗത്തിൽ നന്മയോർമകളുടെ കണ്ണീർ നനവുമായി കുവൈത്തും. അഞ്ചുതവണ അദ്ദേഹം കുവൈത്ത് സന്ദർശിച്ചിട്ടുണ്ട്. ഉത്തരേന്ത്യയിലെ ദരിദ്ര ജനങ്ങളുടെ ജീവിത നിലവാരവും വിദ്യാഭ്യാസവും ഉയർത്താൻ രൂപവത്കരിച്ച വിഷൻ 2016 പദ്ധതിയുടെ ധനസമാഹരണവുമായി ബന്ധപ്പെട്ടാണ് രണ്ടുതവണ അദ്ദേഹം കുവൈത്തിലെത്തിയത്. ഇത് പിന്നീട് വിഷൻ 2026 പദ്ധതിയായി പരിഷ്കരിച്ചു. പദ്ധതിയുടെ വ്യാപ്തിയും ഉദ്ദേശ്യശുദ്ധിയും ഫലസാധ്യതകളും മനസ്സിലാക്കിയ കുവൈത്തിലെ ഇന്ത്യൻ സമൂഹം നല്ല രീതിയിൽ സഹകരിച്ചു. മൂന്നുതവണ വന്നത് പൊതുപരിപാടികൾക്കായിരുന്നു.
ഒരിക്കൽ ഇടപെട്ടവർക്ക് പിന്നീട് മറക്കാൻ കഴിയാത്ത സ്നേഹം തുളുമ്പുന്ന സൗമ്യ സ്വഭാവമായിരുന്നു അദ്ദേഹത്തിെൻറത്. നിലപാടുകളിലെ കാർക്കശ്യവും നിശ്ചയദാർഢ്യവുമെല്ലാം അതാവശ്യപ്പെടുന്ന സന്ദർഭത്തിലാണ്. അല്ലാത്തപ്പോൾ എളിമയും ലാളിത്യവും നിറഞ്ഞ പെരുമാറ്റം. തന്നോടാണ് ഇൗ മനുഷ്യന് ഏറ്റവും അധികം സ്നേഹമെന്ന് ഒാരോരുത്തർക്കും തോന്നും. വിയോഗവാർത്ത അറിഞ്ഞത് മുതൽ സമൂഹ മാധ്യമങ്ങളിൽ അനുശോചനക്കുറിപ്പുകളുടെ പ്രവാഹമാണ്. സ്നേഹത്തിനപ്പുറം സമൂഹത്തിന് അദ്ദേഹം ബാക്കിവെച്ച നന്മയുടെയും തണൽ തുടരുന്ന സംരംഭങ്ങൾക്കും സംവിധാനങ്ങൾക്കും മൂല്യങ്ങൾക്കുമുള്ള നന്ദി പ്രകടനമാണ് ജനങ്ങളുടെ കുറിപ്പുകളിൽ തെളിയുന്നത്.
വിഷൻ 2016െൻറ ധനസമാഹരണത്തിനായി 2000ത്തിൽ കുവൈത്തിലെത്തിയ അദ്ദേഹം ഉത്തരേന്ത്യക്കാരായ ബിസിനസ് സമൂഹത്തെ അഭിസംബോധന ചെയ്ത് ഉർദുവിലും ഇംഗ്ലീഷിലും സംസാരിച്ചു. സിദ്ദീഖ് ഹസനെ അവരിൽ പലരും ആദ്യമായി കാണുകയായിരുന്നുവെങ്കിലും അദ്ദേഹം തങ്ങളുടെ ദരിദ്രമായ നാടുകളിൽ തുടങ്ങിവെച്ച വിദ്യാഭ്യാസ വികസന സംരംഭങ്ങൾ അവർക്ക് പരിചയമുണ്ടായിരുന്നു.
ഉത്തരേന്ത്യയിൽ റിക്ഷ വലിച്ച് ചുമച്ച് തുപ്പുന്ന മനുഷ്യർക്ക് മാന്യമായ ജീവിതവും അവരുടെ മക്കൾക്ക് നല്ലൊരു ഭാവിയും ഉണ്ടാക്കിനൽകാൻ ഒാടിനടക്കുകയായിരുന്നുവല്ലോ സിദ്ദീഖ് ഹസൻ. ആ വലിയ സ്വപ്നങ്ങൾക്കു പിന്നിൽ ഇൗ ചെറിയ മനുഷ്യനാണെന്നത് അവരെ അത്ഭുതപ്പെടുത്തി. അനുശോചനക്കുറിപ്പുകളിലെ വാചകങ്ങൾ എത്രശരി ''ഉൗട്ടാൻ നടന്ന് ഉണ്ണാൻ മറന്നൊരു മനുഷ്യൻ''.
കെ.കെ.എം.എ
കുവൈത്ത് സിറ്റി: ജമാഅത്തെ ഇസ്ലാമി മുൻ അസിസ്റ്റൻറ് അമീർ പ്രഫ. കെ.എ. സിദ്ദീഖ് ഹസെൻറ വേർപാടിൽ കെ.കെ.എം.എ അനുശോചനം അറിയിച്ചു. പാവപ്പെട്ടവരുടെ ജീവിതം പ്രയാസരഹിതമാക്കാനും നല്ല സമൂഹത്തെ ഉണ്ടാക്കാനും നിരന്തരം ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്ത ഉത്തമ മനുഷ്യസ്നേഹിയും സാമൂഹിക പ്രവർത്തകനുമായിരുന്നു അദ്ദേഹം. അദ്ദേഹത്തിെൻറ വിയോഗത്തിൽ സമൂഹത്തിനുണ്ടായ ദുഃഖത്തിൽ പങ്കുചേരുന്നതായി കെ.കെ.എം.എ അറിയിച്ചു.
അവഗണിക്കപ്പെട്ടവർക്ക് പ്രത്യാശ നൽകിയ നേതാവ് –കെ.െഎ.ജി
കുവൈത്ത് സിറ്റി: അവഗണിക്കപ്പെട്ട പിന്നാക്ക ന്യൂനപക്ഷ ജനവിഭാഗങ്ങൾക്ക് ജീവിതത്തിൽ പ്രത്യാശയും പ്രതീക്ഷയും നൽകി അവരെ കൈപിടിച്ചുയർത്തിയ അതുല്യനായ നേതാവായിരുന്നു പ്രഫസർ സിദ്ദീഖ് ഹസനെന്ന് കേരള ഇസ്ലാമിക് ഗ്രൂപ് കുവൈത്ത് കേന്ദ്ര കൂടിയാലോചന സമിതി അഭിപ്രായപ്പെട്ടു.
രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽ അടിസ്ഥാന സൗകര്യങ്ങളില്ലാതെ ദുരിത ജീവിതം നയിക്കുന്നവർക്കായി ബൃഹത്തായ സേവനപദ്ധതികൾക്ക് അദ്ദേഹം തുടക്കം കുറിച്ചു. ഒട്ടനവധി സാമൂഹിക സേവന സംരംഭങ്ങൾക്ക് നേതൃത്വം നൽകുകയും ജീവിതത്തിെൻറ സമസ്ത മേഖലകളിലും ഇസ്ലാമിെൻറ മാനവിക മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുകയും ചെയ്ത നേതാവായിരുന്നു അദ്ദേഹം.
സാമൂഹിക രാഷ്ട്രീയ വിഷയങ്ങളിൽ ധീരമായ ഇടപെടലുകൾ നടത്തിയ അദ്ദേഹം സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളുമായും സ്നേഹവും സൗഹൃദവും കാത്തുസൂക്ഷിച്ചിരുന്നു. അദ്ദേഹത്തിെൻറ വിയോഗം ഇസ്ലാമിക പ്രസ്ഥാനത്തിനും പൊതുസമൂഹത്തിനും തീരാനഷ്ടമാണെന്ന് കെ.െഎ.ജി അനുശോചനക്കുറിപ്പിൽ ചൂണ്ടിക്കാട്ടി.
എം.ഇ.എസ് കുവൈത്ത്
കുവൈത്ത് സിറ്റി: ജമാഅത്തെ ഇസ്ലാമി മുൻ അഖിലേന്ത്യ ഉപാധ്യക്ഷനും കേരള മുൻ അമീറും മാധ്യമം മുൻ ചെയർമാനുമായിരുന്ന പ്രഫ. കെ.എ. സിദ്ദീഖ് ഹസെൻറ നിര്യാണത്തിൽ എം.ഇ.എസ് കുവൈത്ത് അനുശോചിച്ചു. ഇന്ത്യയിലെ സാമൂഹിക വിദ്യാഭ്യാസ മേഖലയില് പിന്നാക്കം നില്ക്കുന്ന ജനവിഭാഗങ്ങളുടെ പുരോഗമനത്തിനായി പ്രവർത്തിച്ച അദ്ദേഹം എഴുത്തുകാരൻ, ഇസ്ലാമിക പണ്ഡിതന്, വാഗ്മി, സാമൂഹിക പ്രവര്ത്തകൻ എന്നീനിലകളിൽ സമൂഹത്തിനുവേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച ഒരു മഹദ്വ്യക്തിത്വമായിരുന്നു. അദ്ദേഹം നേതൃത്വംകൊടുത്ത വിഷൻ 2026 കേരളത്തിനു പുറത്ത് താമസിക്കുന്ന പിന്നാക്ക വിഭാഗങ്ങളിൽ ഉണ്ടാക്കിയ പുരോഗതികൾ എടുത്തുപറയേണ്ടതാണ്. അദ്ദേഹത്തിെൻറ വിയോഗം മുസ്ലിം സമുദായത്തിനും പൊതുസമൂഹത്തിനും നികത്താൻ പറ്റാത്ത നഷ്ടം തന്നെയാണെന്ന് എം.ഇ.എസ് അനുശോചനക്കുറിപ്പിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.