പാർലമെന്റ് മന്ദിരം
കുവൈത്ത് സിറ്റി: രാജ്യത്ത് സെപ്റ്റംബർ 29നു പാർലമെന്റ് തെരഞ്ഞെടുപ്പ് നടത്തുന്നതിനുള്ള ഔദ്യോഗിക വിജ്ഞാപനം പുറത്തിറങ്ങി. കിരീടാവകാശി ഒപ്പുവെച്ച ഉത്തരവ് ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ചതോടെ രാജ്യത്ത് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം പ്രാബല്യത്തിൽ വന്നു. ഇതോടെ രാജ്യം തെരഞ്ഞെടുപ്പുചൂടിലേക്ക് പ്രവേശിച്ചു.
തിങ്കളാഴ്ച മുതൽ സ്ഥാനാർഥികളുടെ രജിസ്ട്രേഷൻ ആരംഭിക്കും. നാമനിർദേശം സമർപ്പിക്കാനുള്ള അവസാന തീയതി സെപ്റ്റംബർ ഏഴാണ്. തെരഞ്ഞെടുപ്പ് തീയതിക്ക് ഏഴു ദിവസം മുമ്പ് വരെ സ്ഥാനാർഥികൾക്ക് നാമനിർദേശം പിൻവലിക്കാം.
തെരഞ്ഞെടുപ്പിൽ ജനങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിനായി വോട്ടെടുപ്പുദിനം പൊതു അവധി പ്രഖ്യാപിച്ചു. തെരഞ്ഞെടുപ്പ് വകുപ്പ് പുറത്തിറക്കിയ വോട്ടർ പട്ടികയുടെ അടിസ്ഥാനത്തിൽ 7,96,000 വോട്ടർമാരാണ് രാജ്യത്തുള്ളത്. ഇതിൽ 4,08,000 വനിതകളാണ്. മൊത്തം വോട്ടർമാരുടെ 51.3 ശതമാനം വരും ഇത്. 3,88,000 പുരുഷ വോട്ടർമാരാണ് രാജ്യത്തുള്ളത്.
പുതിയ വോട്ടർപട്ടികപ്രകാരം 2020 ഡിസംബറിലെ തെരഞ്ഞെടുപ്പിനേക്കാൾ വോട്ടർമാരുടെ എണ്ണത്തിൽ 40 ശതമാനം വർധനയുള്ളതായി കണക്കാക്കുന്നു. പുതിയ നിരവധി പാർപ്പിടമേഖലകൾ മണ്ഡലങ്ങളിലേക്ക് ചേർത്തതാണ് വർധനക്ക് കാരണം. ഒരു മണ്ഡലത്തിൽനിന്ന് പത്തു പേർ എന്ന തോതിൽ അഞ്ചു മണ്ഡലങ്ങളിൽ നിന്നായി അമ്പതു പേരാണ് ജനപ്രതിനിധികളായി എത്തുക.
മുൻ പാർലമെന്റ് അംഗങ്ങളിൽ വലിയൊരു വിഭാഗം തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. മൂന്നു തവണ സ്പീക്കറായിരുന്ന അഹ്മദ് അൽ-സദൂന്റെ നേതൃത്വത്തിലാണ് പ്രതിപക്ഷം മത്സരത്തിനിറങ്ങുന്നത്. അതിനിടെ പാർലമെന്ററി കാര്യമന്ത്രിയും പാർപ്പിടകാര്യ സഹമന്ത്രിയുമായ ഈസ അൽ കന്ദരി തെരഞ്ഞടുപ്പിൽ മത്സരിക്കുന്നതിനായി മന്ത്രിസ്ഥാനം രാജിവെച്ചു.
തെരഞ്ഞെടുപ്പിന്റെ അതേ ദിവസം, അല്ലെങ്കിൽ പരമാവധി അടുത്ത ദിവസം രാവിലെയോടെ ഫലം പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
പാർലമെന്റും സർക്കാറും തമ്മിലുള്ള നിലയ്ക്കാത്ത രാഷ്ട്രീയ തർക്കങ്ങൾ അവസാനിപ്പിക്കുന്നതിനായി ഈ മാസം ആദ്യത്തിലാണ് അമീർ ശൈഖ് നവാഫ് അൽ അഹമ്മദ് അസ്സബാഹ് ദേശീയ അസംബ്ലി പിരിച്ചുവിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.