നാമനിർദേശ പത്രിക സമർപ്പിക്കാനെത്തിയവർ
കുവൈത്ത് സിറ്റി: പാർലമെന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനായി 42 പുതിയ സ്ഥാനാർഥികൾ വ്യാഴാഴ്ച പത്രിക നൽകി. ഇതോടെ നാലു ദിവസത്തെ രജിസ്ട്രേഷനുശേഷം സ്ഥാനാർഥികളുടെ എണ്ണം 15 സ്ത്രീകൾ അടക്കം 264 ആയി. വ്യാഴാഴ്ച പത്രിക നൽകിയവരിൽ മൂന്ന് സ്ത്രീകളും ഉൾപ്പെടുന്നു. പിരിച്ചുവിട്ട സഭയിലെ അംഗവും മുൻ എം.പിയുമായ ഖലൈൽ അൽ സലേയും പുതിയ സ്ഥാനാർഥികളിൽ ഉൾപ്പെടുന്നു. ഇതോടെ പിരിച്ചുവിട്ട സഭയിൽനിന്ന് മത്സര രംഗത്തുള്ളവരുടെ എണ്ണം 28 ആയി.
മുൻ സഭകളിലെ നാല് അംഗങ്ങളും വ്യാഴാഴ്ച മത്സരിക്കാൻ രജിസ്റ്റർ ചെയ്തു. അസ്കർ അൽ എനേസി, അലി അൽ ദേക്ബാസി, ദൈഫുല്ലാഹ് ബൈരാമിയ, അബ്ദുല്ല അൽ കന്ദരി എന്നിവരാണ് പത്രിക നൽകിയത്. രാജ്യം ഒരു പുതിയ യുഗത്തിലൂടെയും പരിഷ്കാരങ്ങളുടെ കാലഘട്ടത്തിലൂടെയുമാണ് കടന്നുപോകുന്നതെന്ന് നാമനിർദേശ പത്രിക സമർപ്പിച്ചശേഷം എനേസി പറഞ്ഞു. തർക്കങ്ങളിൽ ഏറെ സമയം പാഴാക്കിയെന്നും ഇനി പ്രവർത്തിക്കേണ്ട സമയമാണെന്നും മുൻ എം.പി ദേക്ബാസി വ്യക്തമാക്കി. സ്ഥാനാർഥികളുടെ രജിസ്ട്രേഷൻ സെപ്റ്റംബർ ഏഴിന് അവസാനിക്കും.
കുവൈത്ത് സിറ്റി: രണ്ടാം മണ്ഡലത്തിൽ പ്രൈമറി തെരഞ്ഞെടുപ്പ് സംഘടിപ്പിച്ചെന്നാരോപിച്ച് കസ്റ്റഡിയിലെടുത്ത ആറുപേരിൽ നാലുപേർക്ക് പാർലമെന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ അനുമതി. ആഭ്യന്തര മന്ത്രാലയമാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തതെന്ന് പ്രാദേശിക മാധ്യമം റിപ്പോർട്ടുചെയ്തു. ജയിലിൽ കഴിയുന്നതിനാൽ പുറത്തുപോയി തെരഞ്ഞെടുപ്പിന് രജിസ്റ്റർ ചെയ്യാൻ ഇവർക്ക് കഴിയുമായിരുന്നില്ല. ഇതോടെ തെരഞ്ഞെടുപ്പ് കമീഷനിലെ ഉദ്യോഗസ്ഥർ ജയിലിൽ എത്തി നാല് സ്ഥാനാർഥികളെയും അഭിഭാഷകരുടെ സാന്നിധ്യത്തിൽ രജിസ്റ്റർ ചെയ്തു. അപേക്ഷകളിൽ സൂക്ഷ്മ പരിശോധനക്ക് ശേഷമാകും മത്സരത്തിന് യോഗ്യരാണോ എന്ന് നിശ്ചയിക്കുക.
കുവൈത്ത് സിറ്റി: തെരഞ്ഞെടുപ്പിന്റെ വിവരങ്ങളും അറിയിപ്പുകളും വിശദമായി ഇൻഫർമേഷൻ മന്ത്രാലയം ജനങ്ങളിലെത്തിക്കും. ഇതിനായി മന്ത്രാലയം തയാറാണെന്ന് ആക്ടിങ് അണ്ടർ സെക്രട്ടറി മുഹമ്മദ് ബിൻ നാജി വ്യക്തമാക്കി. തെരഞ്ഞെടുപ്പ് വിജഞാപനത്തിന് പിറകെ ഇതാരംഭിച്ചതായും അദ്ദേഹം പറഞ്ഞു. വോട്ടിങ്, ബാലറ്റുകളുടെ എണ്ണൽ, ഫലപ്രഖ്യാപനം എന്നിവ തൽസമയം അപ്ഡേറ്റ് ചെയ്യും.
തെരഞ്ഞെടുപ്പിന്റെ പ്രാധാന്യത്തെക്കുറിച്ചും ശരിയായ സ്ഥാനാർഥിയെ തിരഞ്ഞെടുക്കുന്നതിനെക്കുറിച്ചും അവബോധം വളർത്തുന്ന പ്രത്യേക പരിപാടികൾ അവതരിപ്പിക്കും. ഓരോ സ്ഥാനാർഥിക്കും തന്റെ കാഴ്ചപ്പാടുകൾ അവതരിപ്പിക്കുന്നതിന് രണ്ട് മിനിറ്റ് സമയം നൽകും. തെരഞ്ഞെടുപ്പ് കവറേജിനായി മാധ്യമപ്രവർത്തകർക്ക് എല്ലാ സൗകര്യങ്ങളും ഒരുക്കുമെന്നും ബിൻ നാജി പറഞ്ഞു.
അതേസമയം, തെരഞ്ഞെടുപ്പ് കവറേജിനുള്ള മാനദണ്ഡം ലംഘിക്കുന്ന മാധ്യമങ്ങൾ, അവരുടെ പ്രവർത്തനങ്ങൾക്ക് നിയമപരമായി ഉത്തരവാദികളായിരിക്കുമെന്നും മുഹമ്മദ് ബിൻ നാജി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.