ഫലസ്തീൻ ജനത നേരിടുന്നത് ക്രൂരമായ ആക്രമണങ്ങളും ദുരിതവും- കുവൈത്ത് കിരീടാവകാശി

കുവൈത്ത് സിറ്റി: ഗസ്സയിലെ ദുരന്തത്തെയും ഫലസ്തീൻ ജനതയുടെ ദുരിതങ്ങളെയും ഐക്യരാഷ്രടസഭയിൽ ഉയർത്തികാട്ടി കുവൈത്ത് കിരീടാവകാശി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ മുബാറക് അസ്സബാഹ്. യു.എൻ രക്ഷാ കൗൺസിലിന്റെ അടിയന്തര യോഗത്തിൽ ജി.സി.സി രാജ്യങ്ങളെ പ്രതിനിധീകരിച്ച് സംസാരിച്ച കിരീടാവകാശി ഫലസ്തീൻ പ്രശ്‌നം ഉൾപ്പെടെയുള്ള മിഡിൽ ഈസ്റ്റിലെ സ്ഥിതിഗതികൾ വിശദീകരിച്ചു.


ഫലസ്തീൻ ജനത ക്രൂരമായ ആക്രമണങ്ങളും, ദുരിതവും, അന്യായമായ ഉപരോധവും അനുഭവിക്കുകയാണ്. ഇസ്രായേൽ ആക്രമണത്തിൽ 60,000 ലധികം പേർ കൊല്ലപ്പെട്ടു. ഇതിൽ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണ്. ഗസ്സയിൽ നടക്കുന്നത് വംശഹത്യയും വംശീയ ഉന്മൂലനവുമാണെന്നും കിരീടാവകാശി ചൂണ്ടികാട്ടി.ദ്വിരാഷ്ട്ര പരിഹാരത്തിലൂടെ മാത്രമേ മേഖലയിൽ യുക്തവും ശാശ്വതവുമായ നീതി കൈവരിക്കാൻ കഴിയൂ.ഇസ്രായേൽ അധിനിവേശം അവസാനിപ്പിക്കാനും, ഫലസ്തീൻ ജനതയുടെ അവകാശങ്ങൾ ഉറപ്പാക്കാനും കിഴക്കൻ ജറുസലം തലസ്ഥാനമാക്കി സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കണം.

ഫലസ്തീൻ ജനതയോടുള്ള അചഞ്ചലമായ ഐക്യദാർഢ്യം ജി.സി.സി ആവർത്തിക്കുന്നു. ഇസ്രായേൽ കുറ്റകൃത്യങ്ങൾ ഫലസ്തീനികൾക്കെതിരെ മാത്രമല്ല, പ്രാദേശിക, അന്തർദേശീയ സുരക്ഷക്ക് മൊത്തത്തിൽ ഭീഷണിയാണ്. ഖത്തറിനെതിരായ ഇസ്രായേൽ ആക്രമണത്തെ ശക്തമായി അപലപിച്ച കിരീടാവകാശി ഒരു ജി.സി.സി രാജ്യത്തിന്റെ സുരക്ഷയെ ദുർബലപ്പെടുത്തുന്നത് എല്ലാ അംഗങ്ങൾക്കുമെതിരായ ആക്രമണമാണെന്ന് വ്യക്തമാക്കി. ഫലസ്തീൻ പ്രശ്‌നം പരിഹരിക്കൽ, ദ്വിരാഷ്ട്ര പരിഹാരം എന്നിവ ലക്ഷ്യമിട്ട് നടന്ന ഉന്നതതല അന്താരാഷ്ട്ര ഉച്ചകോടിയിൽ ഫലസ്തീൻ രാഷ്ട്രത്തിന് വിവിധ രാജ്യങ്ങൾ നൽകിയ അംഗീകാരത്തെ കിരീടാവകാശി സ്വാഗതം ചെയ്തു.

ഇസ്രായേൽ ആക്രമണം ഉടനടി അവസാനിപ്പിക്കാനും ഗസ്സയിൽ മാനുഷിക സഹായം ലഭ്യമാകുന്നത് ഉറപ്പാക്കുന്നതിനും, സാധാരണക്കാരെ സംരക്ഷിക്കുന്നതിനുമുള്ള പ്രായോഗിക നടപടികളിലേക്ക് യു.എൻ സുരക്ഷാ കൗൺസിൽ നീങ്ങണമെന്നും കുവൈത്ത് കിരീടാവകാശി ആവശ്യപ്പെട്ടു.

Tags:    
News Summary - Palestinian people facing brutal attacks and suffering - Kuwaiti Crown Prince

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.