കുവൈത്ത് സിറ്റി: രാജ്യത്ത് ഉള്ളിക്ഷാമം അനുഭവപ്പെടുകയും വില കുത്തനെ കൂടുകയും ചെയ്ത പശ്ചാത്തലത്തിൽ ഈജിപ്തിൽനിന്ന് ഉള്ളി ഇറക്കുമതിക്ക് ഏർപ്പെടുത്തിയിരുന്ന വിലക്ക് അധികൃതർ പിൻവലിച്ചു. കുവൈത്ത് വ്യവസായ- വാണിജ്യ മന്ത്രാലയം വ്യാഴാഴ്ചയാണ് ഈജിപ്തിൽനിന്ന് ഉള്ളി ഇറക്കുമതി പുനരാരംഭിച്ചുകൊണ്ടുള്ള പ്രത്യേക ഉത്തരവ് ഇറക്കിയത്. മുളക്, സബർജൽ പോലുള്ള ഭക്ഷ്യയുൽപന്നങ്ങൾക്കേർപ്പെടുത്തിയിരുന്ന വിലക്കും എടുത്തു മാറ്റി. ഇറക്കുമതി പുനരാരംഭിക്കാനാവശ്യമായ നിർദേശങ്ങൾ ബന്ധപ്പെട്ട കമ്പനികൾക്കും അതിർത്തി കവാടങ്ങളിലെ ഉദ്യോഗസ്ഥർക്കും നൽകിയതായി വാണിജ്യ മന്ത്രാലയം കുവൈത്ത് വാർത്താ ഏജൻസിയെ അറിയിച്ചു. ഈജിപ്തിൽനിന്നുള്ള ഇറക്കുമതി പുനരാരംഭിക്കുന്നതോടെ രാജ്യത്ത് കഴിഞ്ഞ ദിവസങ്ങളിൽ കൂടിയ ഉള്ളിവില വീണ്ടും കുറയും.
ഇന്ത്യ, ഇറാൻ എന്നീ രാജ്യങ്ങളിൽനിന്നാണ് കുവൈത്ത് വിപണിയിലേക്ക് ഉള്ളിയെത്തിയിരുന്നത്. ഇന്ത്യയിൽനിന്നുള്ള വരവ് കുറഞ്ഞതും പരിശോധന നടപടികളിൽ കാലതാമസം നേരിട്ടതുമാണ് രാജ്യത്ത് ഉള്ളിക്ഷാമവും വിലവർധനയും അനുഭവപ്പെടാൻ കാരണമെന്നാണ് അധികൃതർ വിശദീകരിച്ചത്. നാലു ദീനാറുണ്ടായിരുന്ന 18 കിലോ ഉള്ളിച്ചാക്കിന് എട്ടു ദീനാർവരെ കൊടുക്കേണ്ട സാഹചര്യമാണ്. വ്യാപകമായി കീടങ്ങൾ കണ്ടെത്തിയതിനാലാണ് ഈജിപ്തിൽനിന്ന് ഉള്ളിയുടെയും സമാന ഉൽപന്നങ്ങളുടെയും ഇറക്കുമതി നിർത്തിവെച്ചിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.