എന്തായിരുന്നു ഒാളം; ഇത്തവണ എന്ത്​ ​ഒാണം!

കുവൈത്ത് സിറ്റി: മലയാളികളുടെ മനസ്സിൽ പൂവിളികളുയർത്തി ഇന്ന്​ തിരുവോണം. കോവിഡ്​ പ്രതിസന്ധിയിൽ പൊലിമയില്ലാതെയാണ്​ ഇത്തവണ നാട്ടിലെ പോലെ തന്നെ പ്രവാസ ലോകത്തും ഒാ​ണാഘോഷം. മൂന്നുമാസത്തോളം നീളുന്നതായിരുന്നു കുവൈത്തിലെ ഒാ​ണാഘോഷം. സാധാരണ ആഗസ്​റ്റ്​ തുടക്കം മുതൽ ആരംഭിക്കുന്ന പരിപാടികൾ ഒക്ടോബർ അവസാനം കഴിഞ്ഞും തുടരാറുണ്ട്​. ചെറുതും വലുതുമായി 200ലേറെ കൂട്ടായ്മകൾ ഓണാഘാഷം സംഘടിപ്പിക്കാറുണ്ട്​. താലപ്പൊലിയും വർണപ്പൊലിമയേറിയ സാസ്കാരിക ഘോഷയാത്രയുമെല്ലാം ഉണ്ടാവും. കൊട്ടിപ്പാടാൻ മികച്ച ടീമുകൾ ഇവിടെത്തന്നെയുണ്ട്. നാട്ടിലെ ഏത് പ്രഫഷനൽ ടീമിനോടും കിടപിടിക്കാവുന്ന ശിങ്കാരിമേളവും ഗാനമേള ട്രൂപ്പുകളും റെഡിയാണ്. നഴ്സുമാരായും വിവിധ കമ്പനികളിലും ജോലി ചെയ്യുന്ന കലാകാരന്മാർ നല്ല പരിശീലന മികവോടെയാണ് അരങ്ങിലെത്താറുള്ളത്. പ്രധാന സംഘടനകളെല്ലാം നാട്ടിൽനിന്ന് വിശിഷ്​ടാതിഥികളെ കൊണ്ടുവരും.

രാഷ്​ട്രീയ നേതാക്കളും സാംസ്കാരിക പ്രവർത്തകരും കവികളും അതിഥികളായെത്തും. ചലച്ചിത്ര പിന്നണി ഗായകരെ അണിനിരത്തിയുള്ള ഗാനമേള എന്നിവയെല്ലാം മുൻവർഷങ്ങളിലെ ഒാണവിശേഷങ്ങളായിരുന്നു. എന്നാൽ, ഇത്തവണ അതൊന്നുമില്ല. കോവിഡാണ്​ എല്ലാം അട്ടിമറിച്ചത്​. പൊതുപരിപാടികൾക്ക്​ ഇപ്പോഴും അനുമതിയില്ല. ജോലിയും വരുമാനവും ഇല്ലാതെ ആളുകൾ പ്രയാസപ്പെടുന്നതിനാലും നല്ലൊരു വിഭാഗം പ്രവാസികൾ നാട്ടിലായതിനാലും സ്​പോൺസർമാരായ വ്യാപാര സ്ഥാപനങ്ങൾക്ക്​ ക്ഷീണമുള്ളതിനാലും അനുമതിയുണ്ടെങ്കിൽ തന്നെയും ഇത്തവണ ആഘോഷത്തിനുള്ള മൂഡിലല്ല പ്രവാസ ലോകം. ഒാണക്കാലത്തെ കലാപരിപാടികൾക്കെത്തുന്ന നാട്ടിലെ കലാകാരന്മാർക്കും കോവിഡ്​ കനത്ത പ്രഹരമാണ്​ ഏൽപിച്ചത്​.

ചലച്ചിത്ര, സീരിയൽ താരങ്ങളും സംവിധായകരും മാപ്പിളപ്പാട്ട് ഗായകരും സാംസ്​കാരിക പ്രവർത്തകരും എഴുത്തുകാരും ഒാണക്കാലത്ത്​ പ്രവാസലോകത്ത്​ വന്നുപോവാറുണ്ട്​. ഇത്തവണ ചില കൂട്ടായ്​മകൾ ഒാൺലൈനായി ഒാണസംഗമം സംഘടിപ്പിക്കുന്നുണ്ട്​. സദ്യയില്ലാതെ എന്ത്​ ഒാണാഘോഷം എന്നതിനാൽ ഒാൺലൈൻ ഒാണാഘോഷത്തിന്​ പൊലിമ കുറവാണ്​. അതേസമയം, നിരവധി ബാച്ചിലർ മുറികളിലും കുടുംബങ്ങളുടെ ഫ്ലാറ്റുകളിലും ചെറിയ തോതിൽ ഒത്തുകൂടലും ഒാണസദ്യയുമുണ്ടാവും. പ്രമുഖ ഷോപ്പിങ്​ കോംപ്ലക്​സുകളിലും ഹൈപ്പർ മാർക്കറ്റുകളിലും തോരണങ്ങൾ അലങ്കരിക്കുകയും മാവേലിയെ അണിയിച്ച്​ നിർത്തുകയും ചെയ്​തിട്ടുണ്ട്​.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.