കുവൈത്ത് സിറ്റി: കൊറോണ വൈറസിെൻറ പുതിയ വകഭേദം 'ഒമൈക്രോൺ' റിപ്പോർട്ട് ചെയ്ത രാജ്യങ്ങളിലേക്ക് നിലവിൽ കുവൈത്തിൽനിന്ന് നേരിട്ട് വിമാന സർവിസില്ല. ദക്ഷിണാഫ്രിക്ക, നമീബിയ, ബൊട്സ്വാന, സിംബാബ്വെ, മൊസാംബീക്, ലസൂട്ടു, എസ്വതനി എന്നീ രാജ്യങ്ങളിലാണ് ഇതുവരെ ഒമൈക്രോൺ വകഭേദം കണ്ടെത്തിയിട്ടുള്ളത്.
തെക്കൻ ആഫ്രിക്കൻ രാജ്യങ്ങളിൽ ഇത്യോപ്യയിലേക്ക് മാത്രമാണ് കുവൈത്തിൽനിന്ന് നേരിട്ട് സർവിസുള്ളത്. ബെൽജിയം, ഇസ്രായേൽ, ഹോേങ്കാങ് തുടങ്ങിയ രാജ്യങ്ങളിലും കണ്ടെത്തിയതായി റിപ്പോർട്ടുണ്ട്. പുതിയ സാഹചര്യത്തെ കുവൈത്ത് ഗൗരവത്തിൽ നിരീക്ഷിച്ചുവരുകയാണ്. ആരോഗ്യമന്ത്രി ഡോ. ബാസിൽ അസ്സബാഹ് അടിയന്തര യോഗം വിളിച്ചിട്ടുണ്ട്. യൂറോപ്യൻ രാജ്യങ്ങളിൽ കോവിഡ് വ്യാപനനിരക്ക് ഉയരുന്ന പശ്ചാത്തലത്തിൽകൂടിയാണ് ആരോഗ്യ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചത്. നിലവിൽ കുവൈത്തിലെ കോവിഡ് സാഹചര്യം ഏറെ മെച്ചപ്പെട്ടതിനാൽ നിയന്ത്രണങ്ങൾ മിക്കതും ഒഴിവാക്കിയിട്ടുണ്ട്. വിമാനത്താവള പ്രവർത്തനവും വ്യോമഗതാഗതവും ഏറക്കുറെ സാധാരണ നിലയിലാണ്. തീവ്ര പരിചരണ വിഭാഗത്തിൽ കഴിഞ്ഞിരുന്ന അവസാന രോഗിയും കഴിഞ്ഞ ദിവസം ആശുപത്രി വിട്ടു. ചിട്ടയോടെയുള്ള പ്രതിരോധ നടപടികളും വാക്സിനേഷൻ കാമ്പയിനിെൻറ വിജയവുമാണ് നിലവിലെ മെച്ചപ്പെട്ട അവസ്ഥക്ക് കാരണമായി വിലയിരുത്തപ്പെടുന്നത്. അതേസമയം, ദക്ഷിണാഫ്രിക്കയിൽ റിപ്പോർട്ട് ചെയ്യപ്പെട്ട കോവിഡിെൻറ പുതിയ വകഭേദം ഒന്നിലധികം തവണ ജനിതകമാറ്റത്തിന് വിധേയമായതും കൂടുതൽ അപകടകാരിയുമാണെന്നാണ് റിപ്പോർട്ടുകൾ. ബി 1 വകഭേദത്തിെൻറ 22 കേസുകളാണ് ആഫ്രിക്കയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത്.
പുതിയ സാഹചര്യത്തിൽ കുവൈത്ത് ആരോഗ്യ മന്ത്രാലയം എന്തൊക്കെ നടപടികളാണ് കൈക്കൊള്ളുക എന്നാണ് ജനങ്ങൾ ഉറ്റുനോക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.