കുവൈത്ത് സിറ്റി: വ്രതകാലത്തിന് ഇനി 100 ദിവസത്തിൽ താഴെ മാത്രം ബാക്കിനിൽക്കെ തയാറെടുപ്പുകളിൽ അനിശ്ചിതത്വം സൃഷ്ടിച്ച് ഒമിക്രോൺ. ഒമിക്രോൺ വൈറസ് വ്യാപന ഭീഷണിയുടെ പശ്ചാത്തലത്തിൽ നേരത്തേ തീരുമാനമെടുക്കാൻ കഴിയില്ല. കഴിഞ്ഞ രണ്ട് വർഷങ്ങളിൽ ഒത്തുകൂടലുകൾക്ക് വിലക്കുള്ളതിനാൽ സംഘടനകളുടെ ഇഫ്താർ പരിപാടികൾ നടന്നിരുന്നില്ല.
ഇപ്പോൾ നിയന്ത്രണങ്ങളോടെ പൊതുപരിപാടികൾക്ക് അനുമതിയുണ്ട്. സംഘടനകളുടെ ഇഫ്താർ ഇത്തവണ ഉണ്ടാകുമോ എന്നത് വരുന്ന ആഴ്ചകളിലെ കോവിഡ് സാഹചര്യമനുസരിച്ചാണ് തീരുമാനിക്കുക. റമദാൻ ഒരുക്കങ്ങൾ സംബന്ധിച്ച് ഒൗഖാഫ് മന്ത്രാലയം പ്രാഥമിക ചർച്ച ആരംഭിച്ചതായാണ് റിപ്പോർട്ട്. ആരോഗ്യ സാഹചര്യങ്ങളിൽ വ്യക്തത വരുന്നതു വരെ കാത്തിരുന്നശേഷം തീരുമാനമെടുക്കാനാണ് ധാരണ. പള്ളികൾ ഇപ്പോൾ തുറന്നുപ്രവർത്തിക്കുന്നു. ഇതേ നില തുടരുകയാണെങ്കിൽ പള്ളികളിൽ തറാവീഹ്, ഖിയാമുല്ലൈൻ നമസ്കാരങ്ങൾ ഉണ്ടാകും. 2020ൽ റമദാൻ സമയത്ത് പള്ളികൾ അടച്ചിട്ടിരിക്കുകയായിരുന്നു. കഴിഞ്ഞ വർഷം നിയന്ത്രണങ്ങളോടെ തുറന്നുപ്രവർത്തിച്ചു. ഇത്തവണ അതിനേക്കാൾ മെച്ചമാണ് സാഹചര്യം.
ഒമിക്രോൺ സംബന്ധിച്ച അന്തർദേശീയ വാർത്തകളും കുവൈത്തിൽ ഏതാനും കേസുകൾ കണ്ടെത്തിയതും സമീപ ദിവസങ്ങളിൽ കോവിഡ് കേസുകൾ വർധിച്ചുവരുന്നതും നേരിയ ആശങ്ക പടർത്തുന്നുണ്ട്.
വാക്സിനേഷനിൽ ഗണ്യമായ പുരോഗതി കൈവരിച്ചതിനാൽ ഒമിക്രോണിനെ മറികടക്കാൻ രാജ്യത്തിന് കഴിയുമെന്നാണ് പ്രതീക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.