കുവൈത്ത് സിറ്റി: ഉപയോഗിച്ചതും കേടായതുമായ ടയറുകളുടെ നിർമാർജനം സംബന്ധിച്ച നിർദേശങ്ങളുമായി കുവൈത്ത് മുനിസിപ്പാലിറ്റി.
മന്ത്രിസഭ യോഗ തീരുമാനമനുസരിച്ചാണ് ഏഴ് നിർദേശങ്ങൾ അടങ്ങിയ അഡ്മിനിസ്ട്രേറ്റിവ് സർക്കുലർ പുറപ്പെടുവിച്ചതെന്ന് മുനിസിപ്പാലിറ്റി ആക്ടിങ് ഡയറക്ടർ ജനറൽ മനാൽ അൽ-അസ്ഫോർ അറിയിച്ചു.
സർക്കുലർ പ്രകാരം കേടായതും ഉപയോഗിച്ചതുമായ ടയറുകൾ സൽമിയിലെ ടയർ റീസൈക്ലിങ് ഫാക്ടറികളിലേക്കാണ് മാറ്റേണ്ടത്. റീസൈക്ലിങ് ഫാക്ടറികൾ മുഴുവൻ സമയവും ടയറുകൾ സ്വീകരിക്കണമെന്നും മുനിസിപ്പാലിറ്റി നിർദേശിച്ചു. പഴകിയ ടയറുകൾ മാറ്റുന്നതിനുള്ള അനുമതി ലഭിച്ച ട്രാൻസ്പോർട്ടർമാർ പ്രതിദിനാടിസ്ഥാനത്തിൽ ടയർ ട്രാൻസ്പോർട്ട് സ്റ്റേറ്റ്മെന്റ് തയാറാക്കുകയും ആവശ്യമായ എല്ലാ വിവരങ്ങളും ഫോമിൽ ഉൾപ്പെടുന്നതായി ഉറപ്പുവരുത്തുകയും വേണം.
അതോടൊപ്പം ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് എല്ലാ മാസവും മുനിസിപ്പാലിറ്റിക്ക് സമർപ്പിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.
ലൈസൻസില്ലാത്ത വാഹനങ്ങൾ ടയറുകൾ കൊണ്ടുപോകാൻ പാടില്ല. നിയമം ലംഘിക്കുന്നവർക്കെതിരെ പിഴ അടക്കമുള്ള ശക്തമായ നടപടികൾ സ്വീകരിക്കും.
പരാതികളോ അന്വേഷണം ആവശ്യമായ കാര്യങ്ങളോ ഉണ്ടെങ്കിൽ മുനിസിപ്പാലിറ്റിയെ നേരിട്ട് ബന്ധപ്പെടാമെന്നും അധികൃതർ അറിയിച്ചു.
20,000 ചതുരശ്രമീറ്റർ സ്ഥലത്താണ് സൽമിയ ടയർ സംസ്കരണ പ്ലാൻറ് സ്ഥാപിച്ചിട്ടുള്ളത്. ഇവിടെ 30 ലക്ഷം ടയർ പ്രതിവർഷം വിവിധ ഉൽപന്നങ്ങളാക്കി മാറ്റാൻ കഴിയും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.