പ്രധാനമന്ത്രി ശൈഖ് അഹമ്മദ് അബ്ദുല്ല അൽ അഹമ്മദ് അസ്സബാഹ്, ശൈഖ് ഫഹദ് യൂസുഫ് സൗദ് അസ്സബാഹ്, ഡോ.അംതൽ അൽ ഹുവൈല, ഡോ.നൂറ അൽ മെഷാൻ
ഇനി പുതിയ സർക്കാർ
കുവൈത്ത് സിറ്റി: രാജ്യത്ത് പ്രധാനമന്ത്രി ശൈഖ് അഹമ്മദ് അബ്ദുല്ല അൽ അഹമ്മദ് അസ്സബാഹിന്റെ നേതൃത്വത്തിലുള്ള പുതിയ മന്ത്രിസഭ നിലവിൽ വന്നു. പുതിയ മന്ത്രിസഭക്ക് അംഗീകാരം നൽകുന്ന ഉത്തരവിൽ ഞായറാഴ്ച രാത്രിയാണ് ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ് ഒപ്പുവെച്ചത്. കഴിഞ്ഞ കാബിനറ്റിലെ ഭൂരിഭാഗം മന്ത്രിമാരെയും നിലനിർത്തിയ പ്രധാനമന്ത്രി വലിയ മാറ്റം ഇല്ലാതെയാണ് പുതിയ സർക്കാർ രൂപവത്കരിച്ചത്. മന്ത്രിമാരിൽ രണ്ടു വനിതകളുണ്ട്. മുൻ മന്ത്രി ഡോ. നൂറ അൽ മെഷാനും, ഡോ.അംതൽ അൽ ഹുവൈലുമാണ് പുതുമുഖങ്ങൾ. ഉപപ്രധാനമന്ത്രിയായും പ്രതിരോധ, ആഭ്യന്തര മന്ത്രിയായും ശൈഖ് ഫഹദ് അൽ യൂസഫ് അസ്സബാഹിനെ നിലനിർത്തി.
മുൻ വൈദ്യുതി, ജല മന്ത്രിയായിരുന്ന മഹമൂദ് ബുഷെഹ്രി വർഷങ്ങൾക്കു ശേഷം അതേ സ്ഥാനത്ത് തിരിച്ചെത്തി. പുതിയ മുഖമായ അംതൽ അൽ ഹുവൈലയെ സാമൂഹികകാര്യ മന്ത്രിയായി നിയമിച്ചു. പുതുമുഖമായ മുഹമ്മദ് അൽ വാസ്മിയാണ് നീതിന്യായ, ഇസ്ലാമിക കാര്യ മന്ത്രി. പുതുമുഖമായ ഒമർ അൽ ഒമറിന് വാണിജ്യ, വ്യവസായ, വാർത്താവിനിമയ സഹമന്ത്രി സ്ഥാനവും ലഭിച്ചു. അബ്ദുൽ റഹ്മാൻ അൽ മുതൈരിയെ വാർത്താവിതരണ മന്ത്രിയായും, ഇമാദ് അൽ അതിഖിയെ എണ്ണ മന്ത്രിയായും നിലനിർത്തി. ധനകാര്യ വകുപ്പ് മന്ത്രിയായിരുന്ന അൻവർ അൽ മുദാഫിനും മാറ്റമില്ല. ആരോഗ്യ വകുപ്പും മുൻ മന്ത്രി തന്നെ കൈകാര്യം ചെയ്യും. ഏപ്രിൽ നാലിന് നടന്ന ദേശീയ അസംബ്ലി തെരഞ്ഞെടുപ്പിന് പിറകെ മുൻ പ്രധാനമന്ത്രി ശൈഖ് ഡോ. മുഹമ്മദ് സബാഹ് അൽ സാലിം അസ്സബാഹ് സർക്കാറിന്റെ രാജി സമർപ്പിച്ചിരുന്നു. തുടർന്ന് ശൈഖ് അഹമ്മദ് അബ്ദുല്ല അൽഅഹമ്മദ് അസ്സബാഹിനെ അമീർ പ്രധാനമന്ത്രിയായി നിയമിക്കുകയും മന്ത്രിമാരെ തെരഞ്ഞെടുക്കാൻ ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു. കുവൈത്തിലെ 46ാമത് സർക്കാറായാണ് പുതിയ മന്ത്രിസഭ അധികാരമേൽക്കുന്നത്.
മന്ത്രിമാർ
- ശൈഖ് ഫഹദ് യൂസുഫ് സൗദ് അസ്സബാഹ് (ഒന്നാം ഉപപ്രധാനമന്ത്രി, പ്രതിരോധം, ആഭ്യന്തരം)
- ശരീദ അൽ മൗഷർജി (ഡെപ്യൂട്ടി പ്രധാനമന്ത്രി, ക്യാബിനറ്റ് കാര്യ സഹമന്ത്രി)
- ഡോ. ഇമാദ് അൽ അത്തിഖി (ഡെപ്യൂട്ടി പ്രധാനമന്ത്രി, എണ്ണ മന്ത്രി)
- അബ്ദുൽ റഹ്മാൻ അൽ മുതൈരി (വാർത്താവിതരണം)
- ഡോ. അഹമ്മദ് അൽ അവാദി (ആരോഗ്യം)
- ഡോ. അൻവർ അൽ മുദാഫ് (ധനകാര്യ, നിക്ഷേപം)
- ഡോ. അദേൽ അൽ അദ്വാനി (വിദ്യാഭ്യാസം)
- അബ്ദുല്ല അൽ യഹ്യ (വിദേശകാര്യം)
- ഡോ. നൂറ അൽ മെഷാൻ (പൊതുമരാമത്ത്, മുനിസിപ്പാലിറ്റി)
- ഡോ. മുഹമ്മദ് അൽ വാസ്മി (നീതിന്യായ, ഇസ്ലാമിക കാര്യം)
- ഒമർ അൽ ഒമർ (വാണിജ്യ, വാർത്താവിനിമയം)
- ഡോ. മഹ്മൂദ് ബുഷെഹ്രി (വൈദ്യുതി, ജലം, പാർപ്പിടം)
- ഡോ. അംതൽ അൽ ഹുവൈല (സാമൂഹ്യകാര്യം, യുവജന വകുപ്പ്)
ശൈഖ് അഹമ്മദ് അബ്ദുല്ല അൽഅഹമ്മദ് അസ്സബാഹ്
1952ൽ ജനിച്ച ശൈഖ് അഹമ്മദ് അബ്ദുല്ല അൽഅഹമ്മദ് അസ്സബാഹ് പ്രാഥമിക പഠനം ശർഖിയ സ്കൂളിലും തുടർ പഠനം ലെബനാനിലെ അമേരിക്കൻ സ്കൂളിലുമാണ് പൂർത്തിയാക്കിയത്. 1976ൽ ഇല്ലിനോയിസ് യൂനിവേഴ്സിറ്റിയിൽ നിന്ന് ബാങ്ക് ഫണ്ടിംഗിലും നിക്ഷേപത്തിലും ബിരുദം നേടി. 1978 വരെ കുവൈത്തിലെ ഫിനാൻസ് സെന്ററിൽ ജോലി ചെയ്ത ശൈഖ് അഹമ്മദ് പിന്നീട് സെൻട്രൽ ബാങ്ക് ഓഫ് കുവൈത്തിലേക്ക് മാറുകയും അവിടെ 1987 വരെ ജോലി ചെയ്യുകയും ചെയ്തു.
1987 മുതൽ 1998 വരെ ബർഗൻ ബാങ്കിന്റെ ബോർഡ് ചെയർമാനായിരുന്നു. 1999 ജൂലൈയിൽ ധനകാര്യ മന്ത്രിയായും വാർത്താവിനിമയ മന്ത്രിയായും നിയമിതനായി. 2001 ഫെബ്രുവരിയിൽ കമ്യൂണിക്കേഷൻസ് മന്ത്രിയായി നിയമിതനായി. 2003 ജൂലൈയിൽ വാർത്താവിനിമയ മന്ത്രിയായും ആസൂത്രണ മന്ത്രിയായും ഭരണകാര്യ സഹമന്ത്രിയായും ചുമതലയേറ്റു. 2005 ജൂണിൽ ആരോഗ്യ മന്ത്രിയായും ശൈഖ് അഹമ്മദ് അബ്ദുല്ല അൽഅഹമ്മദ് അസ്സബാഹ് സേവനം ചെയ്തു. 2009 ഫെബ്രുവരി മുതൽ എണ്ണ മന്ത്രിയായും നിയമിതനായി. കിരീടാവകാശിയുടെ ദീവാനി തലവനായും സേവനം ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.