കുവൈത്തിൽ പത്ത് ലക്ഷത്തിലേറെ ഇന്ത്യക്കാർ

കുവൈത്ത് സിറ്റി: കുവൈത്തിൽ പ്രവാസികളുടെ എണ്ണത്തിൽ ഇന്ത്യക്കാർ മുന്നിൽ. രാജ്യത്തെ 29.5 ലക്ഷം വിദേശികളിൽ പത്ത് ലക്ഷത്തിലേറെ പേര്‍ ഇന്ത്യക്കാരാണ്. സിവില്‍ ഇന്‍ഫര്‍മേഷന്‍ പുറത്തിറക്കിയ കണക്കിലാണ് പുതിയ വിവരങ്ങൾ. ഇന്ത്യക്കാരിൽ വലിയൊരു വിഭാഗം മലയാളികളാണ്.

സിവില്‍ ഇന്‍ഫര്‍മേഷന്‍ റിപ്പോർട്ട് പ്രകാരം 44 ലക്ഷത്തി അറുപത്തി നാലായിരമാണ് കുവൈത്തിലെ മൊത്തം ജനസംഖ്യ. ഇതില്‍ 15 ലക്ഷം സ്വദേശികളും 29.5 ലക്ഷം വിദേശികളുമാണ്. 35 ശതമാനം സ്വദേശികളും 65 ശതമാനം വിദേശികളും എന്നതാണ് ജനസംഖ്യയിലെ അനുപാതം.

കഴിഞ്ഞ രണ്ട് വര്‍ഷം വിദേശി ജനസംഖ്യയില്‍ കുറവ് വന്നെങ്കിലും, വിദേശികൾ ഭൂരിപക്ഷം നിലനിർത്തുന്നു. അതേസമയം, സ്വദേശികളുടെ എണ്ണത്തില്‍ നേരിയ വര്‍ദ്ധനവ് ഉണ്ടായതായും കണക്കുകൾ കാണിക്കുന്നു.

ഫർവാനിയ ഗവർണറേറ്റിലാണ് രാജ്യത്തെ ഏറ്റവും ജനസാന്ദ്രത. സ്വദേശികളും പ്രവാസികളുമായി 11 ലക്ഷത്തിലേറെ പേര്‍ ഇവിടെ താമസിക്കുന്നതായി സിവില്‍ ഇന്‍ഫര്‍മേഷന്‍ വ്യക്തമാക്കുന്നു. ജന സാന്ദ്രതയിൽ അഹമ്മദി ഗവർണറേറ്റ് രണ്ടാം സ്ഥാനത്തും ഹവല്ലി മൂന്നാമതുമാണ്.

അതിനിടെ രാജ്യത്ത് അപ്പാർട്ട്‌മെന്റുകളുടെ ശരാശരി വാടക ഉയര്‍ന്ന് വരുന്നതായി കുവൈത്ത് ഫിനാൻസ് ഹൗസ് പുറത്തിറക്കിയ റിപ്പോർട്ട് ചൂണ്ടിക്കാട്ടി. സാമ്പത്തിക വര്‍ഷത്തെ രണ്ടാം പാദത്തിൽ 1.4 ശതമാനം വർദ്ധിച്ച് അപ്പാർട്ട്‌മെന്‍റ് വാടക 326 ദിനാറും സ്വകാര്യ വീടുകളുടെ വാടക 5.3 ശതമാനം ഉയര്‍ന്ന് 583 ദിനാറായതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

Tags:    
News Summary - More than ten lakh Indians in Kuwait

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.