നാളെ മുതൽ ഒമ്പതു ദിവസം മന്ത്രാലയങ്ങൾ അവധി

കുവൈത്ത് സിറ്റി: കുവൈത്തിൽ പെരുന്നാളിനോടനുബന്ധിച്ച് ഒമ്പതു ദിവസത്തെ ഒഴിവ് വെള്ളിയാഴ്ച ആരംഭിക്കും. ജൂലൈ 10 ഞായർ മുതൽ 14 വ്യാഴം വരെയാണ് ഔദ്യോഗിക അവധി. അതിന്റെ മുമ്പും ശേഷവുമുള്ള വാരാന്ത്യ അവധികൂടി ചേരുമ്പോഴാണ് ഒമ്പതു ദിവസം ഒഴിവ് ലഭിക്കുന്നത്. ജൂലൈ ഏഴ് വ്യാഴാഴ്ച അടക്കുന്ന മന്ത്രാലയങ്ങളും സർക്കാർ വകുപ്പുകളും ജൂലൈ 17 ഞായറാഴ്ചയാണ് തുറന്നുപ്രവർത്തിക്കുക. സ്കൂളുകൾ അവധിയായതിനാൽ കൂടുതൽ ദിവസം ലഭിച്ച അവധി ഉപയോഗപ്പെടുത്തി നിരവധി പ്രവാസികൾ നാട്ടിൽ പോകാൻ തയാറാകും. നിരവധി പേർ ഇതിനകം നാട്ടിൽ പോയി. വിമാനത്താവളത്തിൽ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. ടിക്കറ്റ് നിരക്കും ഉയർന്ന നിലയിലാണ്.

ദീർഘനാൾ സർക്കാർ സംവിധാനങ്ങൾ അവധിയാകുന്നത് സ്വകാര്യ കമ്പനികളെയും നിരവധി വ്യക്തികളെയും ബാധിക്കും. ഒരു മാസത്തിന്റെ ഏകദേശം മൂന്നിലൊന്ന് ദിവസം അടുപ്പിച്ച് അവധി നൽകുന്നത് ഉൽപാദനക്ഷമതയെയും രാജ്യത്തിന്റെ സാമ്പത്തിക പുരോഗതിയെയും ബാധിക്കുമെന്ന വിമർശനം ഉയർന്നിരുന്നു. ബാങ്കും സ്റ്റോക്ക് എക്സ്ചേഞ്ചും അടച്ചുപൂട്ടുന്നത് ബുദ്ധിപരമല്ലെന്നും ഉദ്യോഗസ്ഥരെ അലസതയിലേക്ക് തള്ളിവിടരുതെന്നും പ്രമുഖർ ഉൾപ്പെടെ സമൂഹമാധ്യമങ്ങളിലൂടെ പ്രതികരിക്കുന്നു. അതേസമയം, കൂടുതൽ ദിവസം അവധി ലഭിക്കുന്നത് നാട്ടിൽ പോകുന്നവർ ഉൾപ്പെടെ പ്രവാസികൾക്ക് ഉപകാരപ്രദമാണ്. നല്ലൊരു ശതമാനം കുവൈത്തികൾ അവധി ആഘോഷിക്കാൻ വിദേശത്ത് പോകുന്നു.

Tags:    
News Summary - Ministries will be on holiday for nine days from tomorrow

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.