പൊലീസ് പരിശോധനയിൽ
കുവൈത്ത് സിറ്റി: നിയമലംഘകരെ കണ്ടെത്തുന്നതിനായും പൊതുസുരക്ഷ ഉറപ്പാക്കുന്നതിനും രാജ്യത്ത് കർശന പരിശോധനകൾ തുടരുന്നു. ആഭ്യന്തര മന്ത്രാലയം കഴിഞ്ഞ ദിവസം സാൽമിയയിൽ ശക്തമായ പരിശോധന കാമ്പയിൻ നടത്തി. ആക്ടിങ് പ്രധാനമന്ത്രി ശൈഖ് ഫഹദ് യൂസഫ് സൗദ് അസ്സബാഹിന്റെ നേരിട്ടുള്ള നേതൃത്വത്തിലായിരുന്നു പരിശോധന.
പരിശോധനയിൽ 2,841 ഗതാഗത നിയമലംഘനങ്ങൾ കണ്ടെത്തി നടപടി സ്വീകരിച്ചു. താമസ, തൊഴിൽ നിയമങ്ങൾ ലംഘിച്ചതിന് 15 പേർ അറസ്റ്റിലായി. അറസ്റ്റ് വാറണ്ടുകൾ നിലവിലുള്ള 17 പേരും തിരിച്ചറിയൽ രേഖകൾ ഇല്ലാത്തതിന് മൂന്നു പേരെയും കസ്റ്റഡിയിലെടുത്തു.
നിയമപരമായ കേസുകൾ തീർപ്പാക്കാത്തതിനെത്തുടർന്ന് ഒമ്പതു വാഹനങ്ങളും മോട്ടോർ സൈക്കിളുകളും പിടിച്ചെടുത്തു. ഗതാഗത നിയമലംഘനങ്ങൾക്ക് മൂന്ന് മോട്ടോർ സൈക്കിളുകളും പിടിച്ചെടുത്തു. മദ്യം കൈവശം വെച്ചതിന് ഒരാൾ പിടിയിലായി. ജനറൽ ട്രാഫിക് ഡിപാർട്ട്മെന്റ്, ജനറൽ എമർജൻസി പൊലീസ് ഡിപാർട്ട്മെന്റ്, സെൻട്രൽ ഓപറേഷൻസ് ഡിപാർട്ട്മെന്റ്, സ്പെഷ്യൽ സെക്യൂരിറ്റി സെക്ടർ എന്നിവയുടെ പിന്തുണയോടെയായിരുന്നു പരിശോധന.
നിയമലംഘകരെ തിരിച്ചറിയുന്നതിനും പിടികൂടുന്നതിനുമായി രാജ്യത്തിന്റെ എല്ലാ മേഖലകളിലും പരിശോധന തുടരുമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. സുരക്ഷാ ഉദ്യോഗസ്ഥരുമായി സഹകരിക്കാനും സംശയാസ്പദമായതോ നിയമവിരുദ്ധമായതോ ആയ പ്രവർത്തനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ 112 എന്ന അടിയന്തര ഹോട്ട്ലൈനിൽ അറിയിക്കാനും അഭ്യർത്ഥിച്ചു.
കുവൈത്ത് സിറ്റി: ജലീബ് അൽ ഷുയൂഖിൽ റെസിഡൻഷ്യൽ കെട്ടിടങ്ങൾക്കുള്ളിലെ വാണിജ്യ സ്ഥാപനങ്ങളിൽ ആഭ്യന്തര മന്ത്രാലയം പരിശോധന. കഴിഞ്ഞ ദിവസങ്ങളിലായി നടന്ന പരിശോധനയിൽ നിയമം ലംഘിച്ചും ലൈസൻസില്ലാതെയും നിരവധി വാണിജ്യ സ്ഥാപനങ്ങൾ ഇവിടെ പ്രവർത്തിക്കുന്നതായി കണ്ടെത്തി.
147 പേരെ അറസ്റ്റ് ചെയ്തു. ഇവരെ നിയമനടപടികൾക്കായി ബന്ധപ്പെട്ടവർക്ക് കൈമാറി. ലൈസൻസില്ലാതെ സ്ഥാപനങ്ങൾ പ്രവർത്തിച്ച സ്ഥലങ്ങളിലെ വൈദ്യുതി വിച്ഛേദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.