സോഷ്യൽ മീഡിയ ഇല്ലാതിരുന്ന പഴയ തെരഞ്ഞെടുപ്പു കാലം. ജീപ്പിലും ഓട്ടോയിലും മൈക്ക് വെച്ച് പ്രചാരണ വാഹനങ്ങൾ തലങ്ങും വിലങ്ങും ഓടുന്നുണ്ടാവും. സ്കൂൾ വിട്ടു കഴിഞ്ഞാൽ മുതിര്‍ന്ന വിദ്യാർഥികൾ തങ്ങള്‍ അനുകൂലിക്കുന്ന പാർട്ടിയുടെ സ്ഥാനാർഥിക്കു വോട്ട് ചോദിച്ചു കൊണ്ട് മുദ്രാവാക്യം വിളിച്ചു നീങ്ങും. ഒടുവിൽ ആരോ സ്കൂളിൽ പരാതി പറഞ്ഞു അത് നിർത്തിച്ചു. രാത്രി ആയാൽ വീടിന്റെ മുന്നിലുള്ള ഇടവഴിയിലൂടെ സ്ഥാനാർഥിക്കു വോട്ട് ചോദിച്ചു മുദ്രാവാക്യം വിളിച്ചുകൊണ്ട് ചെറിയ ജാഥ എന്നും ഉണ്ടാകും. അന്നത്തെ ഒരു മുദ്രാവാക്യം ഇന്നും നാവിന് തുമ്പത്തുണ്ട്, ‘പത്തു മാസ ഭരണം കൊണ്ട് എന്ത് നേടി ..., പത്തു രൂപ മുളകിനു മുപ്പതാക്കി തീർത്തതോ’.
എന്റെ നാടായ വടകരയിൽ പാർലമെന്റിലേക്കായാലും നിയമ സഭയിലേക്കായാലും സ്ഥിരമായി മത്സരിക്കുന്ന ഒരു സ്വതന്ത്ര സ്ഥാനാർഥി ഉണ്ടായിരുന്നു. വളരെ രസകരമായ വാഗ്ദാനങ്ങളാണ് അദ്ദേഹം പ്രകടന പത്രികയിൽ നൽകാറുള്ളത്. അടുത്തുള്ള കുഞ്ഞിപ്പള്ളി മൈതാനിയിൽ വിമാനം ഇറക്കും, മോന്താൽ പുഴയിൽ കപ്പൽ ഇറക്കും തുടങ്ങി മറ്റു സ്ഥാനാർഥികളുടെ പ്രകടന പത്രികയിലെ പൊള്ളത്തരങ്ങളെ പരിഹസിക്കുന്ന വാഗ്ദാനങ്ങൾ!
ഒരിക്കൽ അദ്ദേഹത്തിന്റെ പ്രചാരണ വാഹനം വടകര ചോറോട് റെയിൽവേ ഗേറ്റിന് മുമ്പിൽ തീവണ്ടി കടന്നുപോകാൻ വേണ്ടി നിർത്തിയിട്ടിരിക്കയായിരുന്നു. തീവണ്ടി പോയി ഗേറ്റ് തുറന്നപ്പോൾ അദ്ദേഹത്തിന് പിന്നിൽ വാഹനങ്ങളുടെ നീണ്ട നിര. ഉടന്‍ പ്രചാരണ വാഹനത്തില്‍ നിന്നും അനൗൺസ്മെന്റ് വന്നു, ‘നൂറു കണക്കിന് വാഹനങ്ങളുടെ അകമ്പടിയോടെ നിങ്ങളുടെ പ്രിയങ്കരനായ സ്ഥാനാർഥി ഇതാ കടന്നുവരുന്നു-അനുഗ്രഹിക്കൂ, അശീർവദിക്കൂ’. പ്രവാസത്തിലെ അവധിക്കാലത്താണു ആദ്യമായി വോട്ട് ചെയ്തത്. അന്ന് വോട്ടിങ് മെഷീൻ ഉണ്ടായിരുന്നില്ല. രാവിലെ വലിയ കുഴപ്പമില്ലാതെ പോളിങ് നടന്നു. എന്നാൽ, ഉച്ചകഴിഞ്ഞു ബൂത്തിൽ അടിപൊട്ടി. കള്ള വോട്ടിന്റെ പേരിലായിരുന്നു പാർട്ടിക്കാരുടെ അടി. അതിനിടയിലൂടെ എന്റെ ആദ്യ വോട്ട് രേഖപ്പെടുത്തി മടങ്ങി. എന്നാൽ ഞാൻ വോട്ടു ചെയ്ത സ്ഥാനാർഥി അന്ന് പരാജയപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.