ഇന്ത്യയിലെ വരുന്ന പൊതു തെരഞ്ഞെടുപ്പ് നമ്മുടെ രാജ്യത്തിന്റെ ഭാഗധേയം നിശ്ചയിക്കും. നിലവിൽ രാജ്യത്തെ സ്ഥിതി തികച്ചും ആശങ്കജനകമാണ്. ഫാഷിസ്റ്റ് ഭരണകൂടം അധികാര ദുർവിനിയോഗത്തിലൂടെ ജനാധിപത്യവും മതേതരത്വവും ഇന്ത്യന്‍ ഭരണഘടനയെപ്പോലും ഇല്ലാതാക്കുന്ന തരത്തിലുള്ള അധമ പ്രവർത്തനങ്ങളാണ് നടത്തുന്നത്. ഇവർ ഒരിക്കല്‍ കൂടെ അധികാരത്തില്‍ വന്നാല്‍ ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കാനുള്ള ശ്രമങ്ങള്‍ ശക്തമാക്കും. രാജ്യത്തിന്റെ അഖണ്ഡതക്കും നമ്മള് ഉയർത്തിപ്പിടിക്കുന്ന മതേതരത്വത്തിനും എതിരായിരിക്കും അത്. അഴിമതിയും തൊഴിലില്ലായ്മയും വിലക്കയറ്റവും രൂക്ഷമായ ഒരു കാലഘട്ടമാണിത്. വ്യത്യസ്ത മതങ്ങള്‍ തമ്മില്‍ വെറുപ്പ് ജനിപ്പിച്ച് അതില്‍ രാഷ്ട്രീയ ലക്ഷ്യം നേടാനുള്ള ഫാഷിസ്റ്റ് നടപടികള്‍ ലോകരാജ്യങ്ങള്‍ക്ക് മുന്നില്‍ ഇന്ത്യയുടെ പേര് നഷ്ടപ്പെടുത്തി.
ബി.ജെ.പി നേതൃത്വം നല്കുന്ന കേന്ദ്ര സർക്കാർ സംസ്ഥാനങ്ങളോട് കാണിക്കുന്ന ശത്രുതാപരമായ സമീപനം തുടരാന്‍ അനുവദിക്കരുത്. ഇതിനുള്ള പ്രതിവിധി ബി.ജെ.പി സർക്കാർ അധികാര ഭ്രഷ്ടരാകുക എന്നതാണ്. ബി.ജെ.പി ഗവർമെന്റിനെ നേരിടുന്ന പ്രതിപക്ഷ സഖ്യമായ ഇൻഡ്യ മുന്നണിയില്‍ ഇടതുപക്ഷത്തിന്റെ പിന്തുണ ഉണ്ടെങ്കില്‍ മാത്രമേ പൊതു സ്വീകാര്യത ഉണ്ടാകുകയുള്ളൂ. കേരളത്തിന് വേണ്ടിയും മതന്യൂനപക്ഷങ്ങള്‍ക്കു വേണ്ടിയും ശബ്ദിക്കുന്ന എം.പിമാർ ഉണ്ടാകുകയുമുള്ളൂ. തിരഞ്ഞെടുത്ത് വിടുന്ന കോണ്‍ഗ്രസ് നേതാക്കള്‍ എപ്പോള്‍ വേണമെങ്കിലും ബി.ജെ.പിയിലേക്ക് പോയേക്കുമെന്ന സ്ഥിതിവിശേഷമാണ്. മാത്രമല്ല സി.എ.എ ഉള്‍പ്പടെയുള്ള പൊതു വിഷയങ്ങളിലും കശ്മീർ പ്രശ്നത്തിലും കൃത്യമായ നിലപാട് സ്വീകരിക്കാന്‍ ഇടതുപക്ഷത്തിനാകുന്നുണ്ട്. നേരത്തെ യു.പി.എ സർക്കാറിനൊപ്പം നിന്ന സമയത്ത് പോലും ഇടതുപക്ഷം ജനഹിതമല്ലാത്ത നിലപാടുകളെ ശക്തിയുക്തം എതിർത്ത് തങ്ങള്‍ ജനപക്ഷത്താണെന്ന് തെളിയിച്ചവരാണ്.
രാജ്യം കണ്ട രാഷ്ട്രീയ തട്ടിപ്പായ ഇലക്ട്രൽ ബോണ്ടില്‍ പോലും തുടക്കം മുതലേ ശക്തമായ നിലപാടെടുത്തത് ഇടതു പാർട്ടികള്‍ മാത്രമാണ്. അരുണ്‍ ജയ്റ്റ്ലി ധനമന്ത്രിയായിരുന്ന കാലത്ത് ബജറ്റില്‍ ബോണ്ടിനെക്കുറിച്ച് പരാമർശിച്ചതിന് പിറകെ തന്നെ സി.പി.എം രംഗത്തുവന്നിരുന്നു. ഇലക്ട്രൽ ബോണ്ടില്‍ സുപ്രീം കോടതിയെ സമീപിച്ച ഏക രാഷ്ട്രീയ പാർട്ടിയും സി.പി.എമ്മാണ്. എന്തുകൊണ്ട് ഇടതുപക്ഷം എന്ന ചോദ്യത്തിനുള്ള വ്യക്തമായ ഉത്തരമാണ് സുവ്യക്തമായ രാഷ്ട്രീയ നിലപാടുകൊണ്ടും പ്രവർത്തനങ്ങള്‍കൊണ്ടും ഇടതുപക്ഷം വ്യക്തമാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.