കുവൈത്ത് സിറ്റി: നിരവധി മാറ്റങ്ങളോടെ ഗതാഗതനിയമം പരിഷ്കരിച്ച് കുവൈത്ത് സർക്കാർ ഉത്തരവിറക്കി. ഗസറ്റിൽ പ്രസിദ്ധീകരിച്ച് മൂന്ന് മാസങ്ങൾക്കുശേഷം പുതുക്കിയ വ്യവസ്ഥകൾ പ്രാബല്യത്തിൽ വരും. വാഹന ലൈസൻസുകളും അനുവദനീയമായ വാഹനങ്ങളുടെ എണ്ണവും, വാഹനമോടിക്കാനുള്ള വ്യവസ്ഥകൾ, ഗതാഗതലംഘനങ്ങൾക്കുള്ള പിഴ വ്യവസ്ഥകളും ഉൾപ്പെടെ നിരവധി മാറ്റങ്ങൾ നടപ്പാക്കും.
വാഹനങ്ങളിൽ അമിത ശബ്ദം ഉണ്ടാക്കുന്നതും വാഹനാപകടസ്ഥലത്തുനിന്ന് രക്ഷപ്പെടുന്നതും വാഹനങ്ങൾ റോഡിൽ ഉപേക്ഷിക്കുന്നതും കുറ്റകരമാണ്. ലൈസൻസ് ലഭിച്ച് ആദ്യ വർഷത്തിനുള്ളിൽ രണ്ട് നിയമലംഘനങ്ങൾ നടത്തിയാൽ ലൈസൻസ് താൽക്കാലികമായി റദ്ദാക്കും. സാധുവായ ഡ്രൈവിങ് ലൈസൻസ് ഇല്ലാതെ വാഹനം ഓടിച്ചാൽ മൂന്നു മാസം വരെ തടവും 150 മുതൽ 300 ദീനാർ വരെ പിഴയും ചുമത്തും.
വാഹനാപകടസ്ഥലത്തുനിന്ന് രക്ഷപ്പെടുന്നവർക്ക് മൂന്നു മാസം തടവും 150 ദീനാർ പിഴയും ലഭിക്കും. അശ്രദ്ധമായോ രീതിയിൽ വാഹനം ഓടിച്ച് അപകടമുണ്ടാക്കിയാൽ ഒരു വർഷത്തിൽ കൂടുതൽ തടവും 3,000 ദീനാർ വരെ പിഴയും ലഭിക്കും.
ബ്രേക്കില്ലാതെ വാഹനമോടിക്കുന്നതിന് രണ്ടു മാസം തടവും 200 ദീനാർ വരെ പിഴയും ചുമത്തും. നടപ്പാതകളിൽ വാഹനം ഓടിക്കുന്നതോ പാർക്ക് ചെയ്യുന്നതോ കണ്ടെത്തിയാൽ ഒരു മാസം തടവും 100 ദീനാർ വരെ പിഴയും ലഭിക്കും. വാഹനം ഓടിക്കുമ്പോൾ ആവശ്യമായ ലൈറ്റുകൾ ഓണാക്കാത്തതിന് 45 മുതൽ 75 ദീനാർ വരെ പിഴ ചുമത്തുമെന്നും അധികൃതർ അറിയിച്ചു.
പൊലീസ്, ആംബുലൻസുകൾ, ഫയർ ട്രക്കുകൾ, സിവിൽ ഡിഫൻസ് വാഹനങ്ങൾ, ഔദ്യോഗിക വാഹനവ്യൂഹങ്ങൾ തുടങ്ങിയ സർക്കാർ വാഹനങ്ങൾക്ക് വഴിമാറാതിരിക്കുകയോ പിന്തുടരുകയോ ചെയ്യുന്നത് നിരോധിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.