കുവൈത്ത് സിറ്റി: ഇസ്രായേൽ ആക്രമണം കനപ്പിച്ചതോടെ കുവൈത്തിൽ ജോലി തരപ്പെട്ട ഫലസ്തീൻ അധ്യാപകർ അഭിമുഖീകരിക്കുന്നത് അജ്ഞാത വിധി. കുവൈത്തിലേക്ക് 530ഓളം ഫലസ്തീൻ അധ്യാപകരെ റിക്രൂട്ട്ചെയ്യാൻ കുവൈത്ത് വിദ്യാഭ്യാസ മന്ത്രാലയം അടുത്തിടെ ധാരണയിലെത്തിയിരുന്നു.
ഇവരെ രാജ്യത്തെത്തിക്കാനുള്ള ശ്രമം നടക്കുന്നതിനിടെയാണ് ഫലസ്തീനിൽ ഇസ്രായേൽ ആക്രമണം ആരംഭിച്ചത്. ഇതോടെ നടപടികൾ നിലച്ചു. ഫലസ്തീനിയൻ അധ്യാപകർക്ക് കുവൈത്തിലെത്താൻ കഴിയാത്ത അവസ്ഥയാണ് നിലവിൽ. തുടർച്ചയായ ആക്രമണവും റഫ ക്രോസിങ്ങുമായി ബന്ധപ്പെട്ട സങ്കീർണതകളുമാണ് യാത്രക്ക് തടസ്സം.
കുവൈത്തിൽ ജോലി ചെയ്യാൻ തെരഞ്ഞെടുത്തവരിൽ 20 പേരുമായി മാത്രമാണ് നിലവിൽ ആശയവിനിമയം നടത്താൻ കഴിയുന്നതെന്ന് അറബ് ടൈംസ് റിപ്പോർട്ടു ചെയ്തു. ബാക്കിയുള്ളവരുമായുള്ള ആശയവിനിമയം ഏതാണ്ട് വിച്ഛേദിക്കപ്പെട്ടിട്ടുണ്ട്. ഇസ്രായേൽ ബോംബാക്രമണത്തിൽ രണ്ട് അധ്യാപകർ ഇതിനകം കൊല്ലപ്പെട്ടതായും റിപ്പോർട്ടിൽ പറയുന്നു. ബാക്കിയുള്ളവരുടെ അവസ്ഥ എന്താണെന്ന് ആർക്കും ഉറപ്പില്ല.
അവർ ജീവിച്ചിരിപ്പുണ്ടോ, ബോംബ് സ്ഫോടനത്തിൽ കൊല്ലപ്പെട്ടോ, കാണാതാവുകയോ നാടുവിടുകയോ ചെയ്തിട്ടുണ്ടോ എന്നും വ്യക്തമല്ല. ഇവരുമായി ആശയവിനിമയം നടത്താൻ ഫലസ്തീൻ എംബസി പലതവണ ശ്രമിച്ചെങ്കിലും നടന്നില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. ആക്രമണത്തിന്റെ തുടക്കത്തിൽ കുവൈത്തിൽ ജോലി ചെയ്യുന്ന ഒരു ഫലസ്തീൻ അധ്യാപകന്റെ കുടുംബം കൊല്ലപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.