1. കുവൈത്ത് നാഷനൽ പ്ലാനറ്റേറിയം, 2. പ്ലാനറ്റേറിയത്തിലെ കാഴ്ചകൾ
കുവൈത്ത് സിറ്റി: നവീകരണത്തിനായി അടച്ചിട്ടിരുന്ന കുവൈത്ത് നാഷനൽ പ്ലാനറ്റേറിയം വീണ്ടും തുറന്നു. തിങ്കൾ മുതൽ വ്യാഴം വരെ തുറന്നു പ്രവർത്തിക്കുന്ന പ്ലാനറ്റേറിയത്തിൽ ദിവസവും അഞ്ച് പ്രദർശനങ്ങൾ ഉണ്ട്. രാവിലെ 10,11,12 വൈകീട്ട് 5:30, 6:30 എന്നിങ്ങനെയാണ് പ്രദർശന സമയം. പ്രവേശനം സൗജന്യമാണ്.
ഒമ്പത് 4കെ വിഡിയോ പ്രൊജക്ടറുകൾ അടങ്ങുന്ന പുതിയ സംവിധാനം ഉപയോഗിച്ച് പ്ലാനറ്റേറിയത്തിലെ സാങ്കേതികവിദ്യ പൂർണമായും നവീകരിച്ചിട്ടുണ്ട്. പുതിയ കമ്പ്യൂട്ടർ സാങ്കേതികവിദ്യയോടെ ശബ്ദ സംവിധാനത്തിന്റെ നവീകരണവും പൂർത്തിയായി. കുവൈത്ത് നാഷനൽ മ്യൂസിയത്തിന്റെ ഭാഗമായി 1986ൽ തുറന്ന പ്ലാനറ്റേറിയം ഗൾഫ് മേഖലയിലെ ആദ്യ പ്ലാനറ്റേറിയമാണ്. 15 മീറ്റർ വീതിയുള്ള തിരശ്ചീന താഴികക്കുടമുള്ള പ്ലാനറ്റേറിയത്തിന്റെ കെട്ടിടം എണ്ണപ്പാത്രത്തോട് സാമ്യമുള്ളതാണ്. 1990ൽ ഗൾഫ് യുദ്ധകാലത്ത് ഇതിന് കാര്യമായ കേടുപാടുകൾ വന്നെങ്കിലും പിന്നീട് പുനർനിർമിച്ചു. തുടർന്ന് വീണ്ടും നവീകരണത്തിനായി അടച്ചിട്ടിരിക്കുകയായിരുന്നു.കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാ പ്രായത്തിലുമുള്ള പൊതുജനങ്ങൾക്കും അക്കാദമിക് തലത്തിലുള്ളവർക്കും വിനോദവും വിജ്ഞാനവും പ്ലാനറ്റേറിയം നൽകുന്നു. ജ്യോതിശാസ്ത്രം, ഭൂമിശാസ്ത്രം, ജൈവവൈവിധ്യം, കാലാവസ്ഥാശാസ്ത്രം തുടങ്ങിയവയുടെ വിശദാംശങ്ങൾ ദൃശ്യങ്ങളുടെയും ശബ്ദങ്ങളുടെയും സാന്നിധ്യത്തിൽ ഇവിടെനിന്ന് മനസ്സിലാക്കാം. കുവൈത്ത് സിറ്റിയിൽ നാഷനൽ മ്യൂസിയത്തോടു ചേർന്നാണ് പ്ലാനറ്റേറിയം സ്ഥിതിചെയ്യുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.