ഐ.എൻ.എസ് വിക്രാന്തിന്റെ കമീഷനിങ് ചടങ്ങിൽ പ്രത്യേക ക്ഷണിതാവായി പങ്കെടുത്ത പി.സി. ജോർജ് ചീഫ് ഓഫ് നേവൽ സ്റ്റാഫ് അഡ്മിറൽ ഹരികുമാറിനോടൊപ്പം
കുവൈത്ത് സിറ്റി: പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിനു സമർപ്പിച്ച, ഭാരതം സ്വന്തമായി നിർമിച്ച ആദ്യ വിമാനവാഹിനിക്കപ്പലായ ഐ.എൻ.എസ് വിക്രാന്തിന്റെ കമീഷനിങ് ചടങ്ങിൽ പ്രത്യേക ക്ഷണിതാവായി കുവൈത്ത് മലയാളിയും. മൂവാറ്റുപുഴ കോതമംഗലം ഊരമന സ്വദേശിയും കുവൈത്ത് ജല വൈദ്യുതി മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥനുമായ പി.സി. ജോർജാണ് ചടങ്ങിൽ പങ്കെടുത്തത്. 60-70 കാലഘട്ടങ്ങളിൽ ഇന്ത്യൻ നാവിക സേനയിൽ ലെഫ്റ്റനന്റ് പദവിയിൽ ഇദ്ദേഹം സേവനമനുഷ്ഠിച്ചിരുന്നു.
ജോലിയിൽനിന്ന് വിരമിച്ചശേഷം 30 വർഷമായി കുവൈത്ത് ജല വൈദ്യുതി മന്ത്രാലയത്തിൽ സീനിയർ കൺസൽട്ടന്റായി സേവനം ചെയ്തുവരുകയാണ്. ചടങ്ങുകളിലേക്ക് ചീഫ് ഓഫ് നേവൽ സ്റ്റാഫിൽനിന്നാണ് ഇദ്ദേഹത്തിന് ക്ഷണക്കത്ത് ലഭിച്ചത്. ഭാര്യ ശോഭ ജോർജിനോടൊപ്പം പരിപാടിയിൽ പങ്കെടുത്ത പി.സി. ജോർജ് ചീഫ് ഓഫ് നേവൽ സ്റ്റാഫ് അഡ്മിറൽ ഹരികുമാറിനോട് ഒപ്പമുള്ള ചിത്രം പങ്കുവെച്ചു.
കുവൈത്ത് ജല വൈദ്യുതി മന്ത്രാലയത്തിൽ സീനിയർ കൺസൽട്ടന്റായി ജോലി ചെയ്യുന്ന ജോർജ് മന്ത്രാലയത്തിലെ സ്വദേശികളായ യുവ എൻജിനീയർമാർക്ക് നിരവധി പരിശീലനക്ലാസുകൾ നൽകിയിട്ടുണ്ട്. കോതമംഗലം എൻജിനീയേഴ്സ് അസോസിസേഷൻ അലുമ്നി കുവൈത്ത് ചാപ്റ്റർ, കുവൈത്ത് എൻജിനീയേഴ്സ് ഫോറം മുതലായ സംഘടനകളുടെ സ്ഥാപകരിൽ ഒരാൾകൂടിയാണ് പി.സി. ജോർജ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.