കുവൈത്ത് സിറ്റി: കുവൈത്തിൽ 2020 ദേശീയ ദിനത്തോടനുബന്ധിച്ച് അമീരി കാരുണ്യ പ്രകാരം ശിക്ഷയിളവ് ലഭിക്കുക 600നും 700നും ഇടക്ക് തടവുകാർക്കാണ്. 11 വർഷത്തെ ഏറ്റവും കുറഞ്ഞ എണ്ണമാണിത്. കഴിഞ്ഞ തവണ 706 തടവുകാർക്ക് ഇളവ് നൽകി. ഇത് 10 വർഷ കാലയളവിലെ കുറഞ്ഞ എണ്ണമായിരുന്നു. ഇത്തവണ വീണ്ടും കുറയുമെന്നാണ് ആഭ്യന്തര മന്ത്രാലയത്തിലെ ജയിൽകാര്യ അസിസ്റ്റൻറ് അണ്ടർ സെക്രട്ടറി മേജർ ജനറൽ ഫറാജ് അൽ സൗബി നൽകുന്ന സൂചന. 2018 ദേശീയ ദിനത്തോടനുബന്ധിച്ച് 2280 പേർക്ക് ശിക്ഷയിളവ് നൽകിയിരുന്നു. ദേശീയ ദിനാഘോഷ ഭാഗമായാണ് അമീരി കാരുണ്യം പ്രഖ്യാപിക്കുക. ആഭ്യന്തരമന്ത്രാലയം, നീതിന്യായ മന്ത്രാലയം, അമീരി ദീവാനി എന്നിവയിലെ പ്രതിനിധികളടങ്ങിയ പ്രത്യേക സമിതിയാണ് അന്തിമപട്ടിക തയാറാക്കുന്നത്. സമിതി പട്ടിക തയാറാക്കുന്ന ജോലി ആരംഭിച്ചിട്ടുണ്ട്. സ്വദേശികൾക്കും വിദേശികൾക്കും ഇളവ് ലഭിക്കും. തടവുകാലത്തെ നല്ലനടപ്പ് ഉൾപ്പെടെ മാനദണ്ഡങ്ങൾ പരിഗണിച്ച് മോചനം നൽകുകയോ ശിക്ഷ കാലാവധി കുറച്ചുകൊടുക്കുകയോ ആണ് ചെയ്തുവരുന്നത്. തീവ്രവാദ കേസിലും മനുഷ്യക്കടത്ത് കേസിലും ഉൾപ്പെട്ടവർക്ക് അമീരി കാരുണ്യത്തിൽ ഇളവില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.