കുവൈത്ത് സിറ്റി: ശൈഖ് ജാബിർ മുബാറക് അൽ ഹമദ് അസ്സബാഹ് കുവൈത്ത് പ്രധാനമന്ത്രിപദം സ്നേഹപൂർവം നിരസിച്ചു. കഴിഞ്ഞ ദിവസം കുവൈത്ത് മന്ത്രിസഭ രാജിവെച്ചതിന് പിന്നാലെ ശൈഖ് ജാബിർ മുബാറക് അസ്സബാഹിനെ തിങ്കളാഴ്ച അമീർ ശൈഖ് സബാഹ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ് വീണ്ടും പ്രധാനമന്ത്രിയായി നിശ്ചയിച്ചെങ്കിലും അദ്ദേഹം ബഹുമാനത്തോടെ പ്രധാനമന്ത്രി സ്ഥാനത്ത് തുടരാന്‍ താല്പര്യമില്ലെന്ന് അറിയിക്കുകയായിരുന്നു.
അമീറിന് തന്നിലുള്ള വിശ്വാസത്തില്‍ സന്തുഷ്ടനാണ്. രാജ്യത്തിനായി സേവനമർപ്പിക്കുക എന്നത് അഭിമാനമുള്ള കാര്യമാണ്. എന്നാൽ, രാജ്യം ഏല്‍പ്പിക്കുന്ന ഉത്തരവാദിത്തങ്ങള്‍ പൂർണാർഥത്തിൽ നിറവേറ്റാന്‍ സാധിക്കുമോ എന്ന ആശങ്ക കാരണമാണ് താൻ സ്ഥാനം നിരസിക്കുന്നതെന്ന് ശൈഖ് ജാബിർ മുബാറക് അസ്സബാഹ് പറഞ്ഞു. സ്ഥാനം നിരസിക്കുന്നതില്‍ അദ്ദേഹം അമീറിനോട് മാപ്പ് ചോദിക്കുകയും ചെയ്തു.
അതിനിടെ പുതിയ സർക്കാർ ഉടൻ നിലവിൽ വരുമെന്ന് അമീർ വ്യക്തമാക്കിയതായി സ്പീക്കർ മർസൂഖ് അൽഗാനിം പറഞ്ഞു. സ്ഥിരതയുള്ള ഭരണ സംവിധാനം നിലവിൽ വരുമെന്നും ജനങ്ങൾ പ്രതീക്ഷാപൂർവം കാത്തിരിക്കണമെന്നും സ്പീക്കർ കൂട്ടിച്ചേർത്തു. പുതിയ മന്ത്രിസഭ രൂപവത്കരിക്കുന്നതിന് മുന്നോടിയായി അമീർ പ്രധാനമന്ത്രി ശൈഖ് ജാബിർ മുബാറക് അസ്സബാഹ്, സ്പീക്കർ മർസൂഖ് അൽ ഗാനിം, മുൻ പ്രധാനമന്ത്രിയും ഭരണകുടുംബത്തിലെ പ്രമുഖനുമായ ശൈഖ് നാസർ മുഹമ്മദ് അസ്സബാഹ് എന്നിവരുമായി കൂടിക്കാഴ്ച നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.