കുവൈത്ത് സിറ്റി: കുവൈത്തിൽ 7500 വർഷം പഴക്കമുള്ള ക്ഷേത്രനഗരത്തിെൻറ അവശിഷ്ടം കണ്ടെത്തി. രാജ്യത്തിെൻറ വടക്കൻ തീരപ്രദേശത്ത് ബഹ്റയിലാണ് ഉബൈദ് നാഗരികതയുടേതെന്ന് കരുതുന്ന ശേഷിപ്പുകൾ കണ്ടെടുത്തത്. പോളിഷ് സെൻറർ ഫോർ മെഡിറ്ററേനിയൻ ആർക്കിയോളജിയിലെ പ്രഫ. പീറ്റർ ബെലെൻസ്കിയുടെ നേതൃത്വത്തിലുള്ള പുരാവസ്തു ഗവേഷകരാണ് സഹസ്രാബ്ദങ്ങൾ പഴക്കമുള്ള ചരിത്രാവശിഷ്ടങ്ങൾ കണ്ടെത്തിയത്. കുവൈത്തി പുരാവസ്തു ഗവേഷകരായ സുൽത്താൻ അൽ ദുവൈഷ്, ഹാമിദ് അൽ മുത്തൈരി എന്നിവരും സംഘത്തിലുണ്ടായിരുന്നു.
ഏഴു സഹസ്രാബ്ദങ്ങൾക്കു മുമ്പ് മേഖലയിൽ പരിഷ്കൃതരായ ജനപഥം അധിവസിച്ചിരുന്നു എന്നതിലേക്ക് വെളിച്ചംവീശുന്ന തെളിവുകളാണ് ബഹ്റയിൽ കണ്ടെടുത്തതെന്നാണ് ഗവേഷണത്തിന് നേതൃത്വം നൽകിയ പീറ്റർ ബെലൻസ്കിയുടെ അഭിപ്രായം. ക്ഷേത്രത്തോട് സാമ്യമുള്ള കെട്ടിടവും നിരവധി പാത്രാവശിഷ്ടങ്ങളുമാണ് കണ്ടെടുത്തത്. പത്തോളം കെട്ടിടാവശിഷ്ടങ്ങൾ പലതവണയായി ബഹ്റ പ്രദേശത്തുനിന്ന് കണ്ടെടുത്തിട്ടുണ്ട്. മെസപ്പൊട്ടേമിയൻ സംസ്കാരത്തിെൻറ ആവിർഭാവത്തിനുമുമ്പ് നിലനിന്നിരുന്ന ഉബൈദ് സംസ്കാരത്തിെൻറ ബാക്കിപത്രമാണിതെന്നാണ് കരുതുന്നത്. ഇതുവരെ കണ്ടെത്തിയതിൽ ഏറ്റവും പഴക്കമേറിയ കാർഷിക സമൂഹമെന്നാണ് ചരിത്രത്തിൽ ഏറെയൊന്നും പരാമർശിക്കപ്പെടാത്ത ഉബൈദ് ജനതയെ പുരാവസ്തു ഗവേഷകർ വിശേഷിപ്പിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.