കുവൈത്ത് സിറ്റി: ഇറാഖിലെ മുതന്ന പ്രവിശ്യയിൽ കണ്ടെത്തിയ കൂട്ടക്കുഴിമാടം ഗൾഫ് യുദ്ധ കാലത്ത് കുവൈത്തിൽനിന്ന് കാണാതായവരുടേതാണെന്ന് സംശയം. അധിനിവേശകാലത്ത് കുവൈത്ത ിൽനിന്ന് യുദ്ധത്തടവുകാരായി പിടിക്കപ്പെട്ടവരെ കൊലപ്പെടുത്തി മരുഭൂമിയിൽ അടക്കം ചെയ്തതാകാൻ സാധ്യതയുണ്ടെന്ന് പ്രവിശ്യ ഗവർണർ അഹ്മദ് അൽ മൻഫിയെ ഉദ്ധരിച്ച് ഇറാഖ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
അന്താരാഷ്ട്ര റെഡ്ക്രോസ് സംഘം മുതന്ന മരുഭൂമിയിൽ നടത്തിയ പര്യവേക്ഷണത്തിൽ കുവൈത്ത് യുദ്ധത്തടവുകാരുടേതെന്ന് സംശയിക്കുന്ന ഏതാനും ശരീരാവശിഷ്ടങ്ങൾ അടുത്തിടെ കണ്ടെത്തിയിരുന്നു. പരിശോധനക്കായി ഇവയുടെ ഡി.എൻ.എ സാമ്പിളുകൾ ബഗ്ദാദിലെ ഫോറൻസിക് ലാബിലേക്ക് അയച്ചിട്ടുണ്ട്. സ്ഥിരീകരണത്തിനായി കുവൈത്തിലും ഡി.എൻ.എ പരിശോധന സാധ്യമാക്കാനുള്ള നടപടികൾ സ്വീകരിച്ചു വരുന്നതിനിടെയാണ് ആളുകളെ കൂട്ടമായി മറവു ചെയ്ത ശ്മശാനം കണ്ടെടുത്തത്. അൽ മുതന്ന ഗവർണർ അഹ്മദ് അൽ മൻഫിയാണ് മരുഭൂപ്രദേശത്ത് കൂട്ടക്കുഴിമാടം കണ്ടെത്തിയ കാര്യം പുറംലോകത്തെ അറിയിച്ചത്.
കുഴിമാടം ഇറാഖ് അധിനിവേശകാലത്ത് കുവൈത്തിൽനിന്നു കാണാതായവർ ഉൾപ്പെടെയുള്ളവരെ കൊലപ്പെടുത്തി അടക്കം ചെയ്തതാകാമെന്നും മുതന്ന ഗവർണർ അഭിപ്രായപ്പെട്ടു.
പ്രാദേശിക സുരക്ഷാസേനയും ഇൻറലിജൻസ് വിഭാഗവുമാണ് മരുപ്രദേശത്ത് കുഴിമാടം കണ്ടെത്തിയത്. ഇതു സംബന്ധിച്ച കൂടുതൽ അന്വേഷണം നടത്താൻ ബന്ധപ്പെട്ട വകുപ്പുകൾക്ക് നിർദേശം നൽകിയതായും മുതന്ന ഗവർണർ വ്യക്തമാക്കി.
1990ലെ അധിനിവേശ കാലത്ത് കുവൈത്തിൽനിന്നു കാണാതായ യുദ്ധത്തടവുകാരുടെ വിവരങ്ങൾ തേടി കുവൈത്തി അന്താരാഷ്ട്ര വേദികളിൽ നിരന്തരം ആവശ്യമുന്നയിക്കാറുണ്ട്. കാണാതായവർക്ക് വേണ്ടിയുള്ള അന്വേഷണത്തിൽ മുതന്നയിലെ കണ്ടെത്തൽ പുതിയ വഴിത്തിരിവാകുമെന്നാണ് നിരീക്ഷകരുടെ അഭിപ്രായം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.