കാറ്റലിൻ റെയ്മണ്ട്, കാറ്റലിൻ റെയ്മണ്ട് ബൈക്ക് റേസിങ്ങിൽ
കുവൈത്ത് സിറ്റി: കുതിരയെ പറപ്പിക്കുന്ന എട്ടാം ക്ലാസുകാരി... അതുമാത്രമാണോ കുവൈത്തിലെ സ്വകാര്യ സ്കൂൾ വിദ്യാർഥിയായ കാറ്റലിൻ റെയ്മണ്ടിന്റെ പ്രത്യേകത. ഒരിക്കലുമല്ല. റേസിങ് ട്രാക്കിൽ പുരുഷ കേസരികളെ പിന്തള്ളി കവാസാക്കി 112 അടക്കമുള്ള ബൈക്കുകൾ പറപറപ്പിക്കുന്നത് കൂടി കാണുമ്പോൾ കാറ്റലിൻ കേവല കൗതുകത്തിനപ്പുറം വിസ്മയമാകും നമുക്ക് മുന്നിൽ. പരിചയപ്പെടാം ചെറിയ പ്രായത്തിൽ വലിയ നേട്ടങ്ങൾ കരസ്ഥമാക്കിയ ഈ കൊച്ചു കുട്ടിയെ....
കാറ്റലിൻ പകൽ സമയത്ത് ഏറ്റവും ബ്രില്ല്യൻറ് ആയ സ്കൂൾ വിദ്യാർഥിനിയാണെങ്കിൽ രാത്രി സമയത്ത് കൂർമതയും ഏകാഗ്രതയുമുള്ള മോട്ടോക്രോസ് റേസറാണ്. അച്ഛനും അപ്പൂപ്പനും സഹോദരനുമെല്ലാം കാണിക്കുന്ന അഭ്യാസങ്ങൾ കണ്ടാണ് ആ പിഞ്ചു ഹൃദയത്തിൽ റേസർ ആവണമെന്ന ആഗ്രഹവും വളർന്നത്. ത്രില്ലടിപ്പിക്കുന്ന മരുഭൂമിയിലെ റേസിങ് ട്രാക്കുകൾ, ഉയരങ്ങളിലേക്ക് ബൈക്ക് പായിച്ച് വായുവിലൂടെ പറക്കുന്നതുമെല്ലാം അവൾക്ക് ആനന്ദകരമായ കാര്യങ്ങളായിരുന്നു. ലക്ഷ്യം തീവ്രമാകുമ്പോൾ പേടി ഓടിയകലും.
അങ്ങനെ കാറ്റലിനും ട്രാക്കിലെത്തി. 11ാമത്തെ വയസ്സിൽ സഹോദരൻ പകർത്തിയ കുതിരകളുടെ ചിത്രങ്ങൾ അവളെ കുതിരയോട്ട മത്സരത്തിലേക്കും ആകർഷിച്ചു. അവിടെയും അവൾ അത്ഭുതങ്ങൾ കാണിച്ചു. കുതിരയോട്ടത്തിന് ശാരീരിക ശക്തി മാത്രമുണ്ടായാൽ പോര, കുതിരയോടുള്ള ആഴത്തിലുള്ള വൈകാരിക ബന്ധവും ബഹുമാനവും വിശ്വാസവും വേണം.
കാറ്റലിൻ റെയ്മണ്ട് കുതിരയോട്ടത്തെ കുറിച്ച് പറഞ്ഞ വാക്കുകളാണിത്. കുവൈത്തിൽ നടന്ന ഒന്നിലധികം മത്സരങ്ങളിൽ വിജയിയായി അവൾ തനിക്കിത് കുട്ടിക്കളിയല്ലെന്ന് തെളിയിച്ചു. നാളെകൾ കാറ്റലിൻ റെയ്മണ്ടിന്റേതാണ്. നാട് കാണാനിരിക്കുന്നതേയുള്ളൂ അത്ഭുതങ്ങൾ...
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.