കുവൈത്ത് സിറ്റി: സിറിയൻ തലസ്ഥാനമായ ഡമസ്കസിലെ പ്രസിഡൻഷ്യൽ കൊട്ടാരത്തിന് സമീപം ഇസ്രായേൽ സേന നടത്തിയ വ്യോമാക്രമണത്തെ കുവൈത്ത് ശക്തമായി അപലപിച്ചു. സിറിയയുടെ പരമാധികാരത്തിന് നേരെയുള്ള നഗ്നമായ ലംഘനമാണിതെന്നും കുവൈത്ത് വിദേശകാര്യ മന്ത്രാലയം ചൂണ്ടികാട്ടി.
സുരക്ഷ കാരണങ്ങളാൽ ഇത്തരം ആക്രമണങ്ങളെ ന്യായീകരിക്കുന്നത് രാജ്യത്തിന്റെ പരമാധികാരത്തിന്റെ ലംഘനത്തെ ന്യായീകരിക്കുന്നില്ലെന്ന് വിദേശകാര്യ മന്ത്രാലയം ഊന്നിപ്പറഞ്ഞു.
സുരക്ഷാ കാരണങ്ങൾ പറഞ്ഞ് ഇത്തരം ആക്രമണങ്ങളെ ന്യായീകരിക്കാനാകില്ല. സുരക്ഷക്കും സ്ഥിരതക്കും ഭീഷണിയായി ഇസ്രായേൽ മേഖലയിലെ രാജ്യങ്ങളിൽ നടത്തുന്ന ആവർത്തിച്ചുള്ള ലംഘനങ്ങളും കുറ്റകൃത്യങ്ങളും തടയാൻ അന്താരാഷ്ട്ര സമൂഹം നിയമപരവും മാനുഷികവുമായ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു.
സിറിയയുടെ ഐക്യത്തിനും അതിന്റെ പ്രദേശങ്ങളുടെ സമഗ്രതക്കും വേണ്ടിയുള്ള കുവൈത്തിന്റെ ഉറച്ച പിന്തുണയും വിദേശകാര്യമന്ത്രാലയം ആവർത്തിച്ചു. വെള്ളിയാഴ്ച പുലർചയാണ് ഇസ്രായേൽ വ്യോമസേന സിറിയയിലെ പ്രസിഡന്റിന്റെ കൊട്ടാരത്തിന് സമീപം ആക്രമണം നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.