Representational Image
കുവൈത്ത് സിറ്റി: അന്താരാഷ്ട്രതലത്തിൽ നിരോധിച്ച ആയുധങ്ങൾ ഇസ്രായേൽ ഗസ്സക്കാർക്കുനേരെ പ്രയോഗിക്കുകയാണെന്ന് ഗസ്സയിലെ കുവൈത്ത് സ്പെഷലൈസ്ഡ് ഹോസ്പിറ്റൽ ഡയറക്ടർ ഡോ. സുഹൈബ് അൽ ഹംസ്. ആശുപത്രിയിലെത്തിയ പരിക്കേറ്റവരുടെ എണ്ണവും തരങ്ങളും അഭൂതപൂർവമാണ്. ചിലർക്ക് ശരീരത്തിന്റെ ഭൂരിഭാഗവും പൊള്ളലേറ്റ് ചർമം കറുത്തതായി മാറുന്നു. ചില രോഗികൾ അജ്ഞാത വാതകങ്ങൾ മൂലം ശ്വാസംമുട്ടി മരിക്കുകയും ചെയ്തുവെന്നും അൽ ഹംസ് വ്യക്തമാക്കി. ആരോഗ്യസംവിധാനം തകർന്നതായി ആരോഗ്യ മന്ത്രാലയം പ്രഖ്യാപിച്ചതിനു പിന്നാലെ ഗസ്സ ഒരു ദുരന്തത്തിലൂടെയാണ് കടന്നുപോകുന്നത്.
കഴിഞ്ഞ 20 ദിവസമായി ഇടവേളകളില്ലാതെ മെഡിക്കൽ ടീമുകൾ കഷ്ടപ്പെട്ടു ജോലി ചെയ്യുകയാണ്. ഇതിനിടെ അധിനിവേശസേന ആശുപത്രിയിൽ ബോംബെറിഞ്ഞ് നിരവധി ആളുകളെ കൊല്ലുകയും പരിക്കേൽപിക്കുകയും ചെയ്തു. ആശുപത്രികൾ നിറഞ്ഞുകവിഞ്ഞ് പരമാവധി ശേഷിയിൽ എത്തിയതിനാൽ ഗസ്സയിൽനിന്ന് പരിക്കേറ്റവരെ ഒഴിപ്പിക്കാൻ റഫ അതിർത്തി ക്രോസിങ് തുറക്കാനും വൈദ്യസഹായം അനുവദിക്കാനും അൽ ഹംസ് അന്താരാഷ്ട്ര സമൂഹത്തോട് ആവശ്യപ്പെട്ടു. ഫലസ്തീൻ ജനതക്കും ഗസ്സക്കും കുവൈത്ത് നൽകുന്ന തുടർച്ചയായ പിന്തുണയെ അദ്ദേഹം പ്രശംസിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.