കുവൈത്ത് സിറ്റി: ഇഷ്ബിലിയയിൽ പ്രാദേശിക ബാങ്കിന്റെ എ.ടി.എമ്മിൽ മോഷണശ്രമം. മോഷ്ടിക്കാൻ ശ്രമിച്ച രണ്ട് അജ്ഞാതർക്കായി ഫർവാനിയ ഡിറ്റക്ടീവുകൾ തിരച്ചിൽ ആരംഭിച്ചു. പ്രതികളെയും അവർ ഉപയോഗിച്ച വാഹനത്തെയും തിരിച്ചറിയാൻ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചുവരുകയാണ്.
എ.ടി.എമ്മിൽ മോഷണശ്രമം നടന്നതായി ആഭ്യന്തര മന്ത്രാലയത്തിന്റെ ഓപറേഷൻസ് റൂമിന് റിപ്പോർട്ട് ലഭിക്കുകയായിരുന്നു. തുടർന്ന് സംഭവസ്ഥലത്തെത്തിയ സുരക്ഷ ഉദ്യോഗസ്ഥർ രണ്ടുപേർ മെഷീൻ തുറക്കാൻ ശ്രമിച്ചതായി കണ്ടെത്തി. പ്രതികൾ തങ്ങളുടെ വാഹനം എ.ടി.എമ്മിലേക്ക് ഇടിച്ചുകയറ്റിയതായും കണ്ടെത്തി. എന്നാൽ മോഷ്ടാക്കൾക്ക് കൃത്യം നടത്താനായില്ല. ഇതോടെ പ്രതികൾ രക്ഷപ്പെട്ടു. പ്രതികളെ തിരിച്ചറിയുന്നതിനും കുറ്റകൃത്യത്തിന് ഉപയോഗിച്ച വാഹനം കണ്ടെത്തുന്നതിനുമായി സുരക്ഷ ഉദ്യോഗസ്ഥർ പ്രദേശത്തു നിന്നുള്ള സി.സി.ടി.വി ദൃശ്യങ്ങൾ വിശകലനം ചെയ്തുവരുകയാണ്.
കവർച്ച ശ്രമം മുൻകൂട്ടി ആസൂത്രണം ചെയ്തതായിരിക്കാമെന്നാണ് സൂചന. പ്രതികളെ ഉടൻ പിടികൂടാനാകുമെന്നാണ് പ്രതീക്ഷ. പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും എ.ടി.എമ്മുകൾക്കോ ബാങ്ക് പരിസരങ്ങൾക്കോ സമീപം അസാധാരണ പെരുമാറ്റം ശ്രദ്ധയിൽപ്പെട്ടാൽ 112 ഹോട്ട്ലൈനിൽ റിപ്പോർട്ട് ചെയ്യണമെന്നും അധികൃതർ ഉണർത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.