മന്ത്രി മടങ്ങി ഒന്നരമാസം പിന്നിട്ടു; പ്രതീക്ഷ നശിച്ച് 29,000 ഇന്ത്യക്കാര്‍

കുവൈത്ത് സിറ്റി: കുവൈത്തില്‍ താമസരേഖകളില്ലാതെ കുടുങ്ങിക്കിടക്കുന്ന 29,000 ഇന്ത്യക്കാരെ ഉടന്‍ തിരിച്ചത്തെിക്കുമെന്ന് പ്രഖ്യാപനം നടത്തി കേന്ദ്ര വിദേശകാര്യ സഹമന്ത്രി ജനറല്‍ വി.കെ. സിങ് മടങ്ങിയിട്ട് ഒന്നരമാസം പിന്നിട്ടിട്ടും ഇക്കാര്യത്തില്‍ നടപടിയൊന്നുമായില്ല. ഇങ്ങനെ കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളില്‍ അധിക പേര്‍ക്കും പ്രതീക്ഷ നശിച്ചിട്ടുണ്ട്. വിഷയത്തില്‍ വേണ്ടത് ചെയ്യാമെന്ന് കുവൈത്ത് ഭരണകൂടം ഉറപ്പുനല്‍കിയിട്ടുണ്ടെന്ന് ഇന്ത്യന്‍ എംബസിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചിരുന്നു. വി.കെ. സിങ് കുവൈത്ത് തൊഴില്‍-സാമൂഹികക്ഷേമ മന്ത്രി, വിദേശമന്ത്രി എന്നിവരുമായുള്ള ചര്‍ച്ചയില്‍ തൊഴില്‍ പ്രശ്നങ്ങളടക്കം ഉന്നയിച്ചെന്നാണ് അറിയിച്ചത്. തുടര്‍നടപടികള്‍ ഇല്ലാത്തതിനാലോ മന്ത്രിയുടെ പ്രഖ്യാപനങ്ങള്‍ പൊള്ളയായിരുന്നതിനാലോ തൊഴിലാളികള്‍ ഇപ്പോഴും പൊലീസിനെ പേടിച്ച് ഭീതിയോടെ തൊഴിലിടങ്ങളില്‍ കഴിയുന്ന സ്ഥിതിയാണുള്ളത്. കുവൈത്തില്‍ താമസരേഖകള്‍ ഇല്ലാത്തതിനാല്‍ എംബസി ഷെല്‍ട്ടറിലും നാടുകടത്തല്‍ കേന്ദ്രത്തിലുമായി കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ നാട്ടിലത്തെിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് പ്രവാസി സംഘടനകള്‍ ആവശ്യമുന്നയിച്ചിരുന്നു. സൗദി പ്രശ്നത്തില്‍ സ്വീകരിച്ച നയതന്ത്ര സമീപനം കുവൈത്തിലെ ഇന്ത്യന്‍ പ്രവാസികളുടെ കാര്യത്തിലും വേണമെന്നാണ് മനുഷ്യാവകാശ പ്രവര്‍ത്തകരും പ്രവാസി സംഘടനകളും ആവശ്യപ്പെടുന്നത്. നടപടിക്രമങ്ങളിലെ കാലതാമസം മൂലം നിരവധിപേരാണ് നാട്ടിലേക്കു മടങ്ങാനാവാതെ വിവിധ പൊലീസ് ലോക്കപ്പുകളിലും എംബസി അഭയകേന്ദ്രത്തിലും കഴിയുന്നത്. കുവൈത്തില്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞ് വരുന്ന പുതിയ പാര്‍ലമെന്‍റ് വിദേശികളോട് എന്ത് സമീപനമാവും സ്വീകരിക്കുകയെന്ന് കണ്ടറിയണം. പ്രതിപക്ഷ, ഇസ്ലാമിസ്റ്റ് കക്ഷികള്‍ക്ക് ആധിപത്യമുണ്ടായാല്‍ വിദേശികളോട് കര്‍ക്കശനിലപാടും കടുത്ത സ്വദേശി പക്ഷപാതവും സ്വീകരിക്കാനാണ് സാധ്യതയെന്നതാണ് മുന്‍ അനുഭവം. 29,000ത്തിലധികം ഇന്ത്യക്കാര്‍ ഇഖാമ നിയമലംഘകരായി കുവൈത്തില്‍ താമസിക്കുന്നുണ്ടെന്നാണ് എംബസിയുടെ കണക്ക്. വീട്ടുജോലിക്കിടെ ഒളിച്ചോടിയും മറ്റും അനധികൃത താമസക്കാരായി മാറിയവരാണ് ഇവരിലേറെയും. ഇവരെ നാട്ടിലേക്ക്  അയക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്ന് അംബാസഡര്‍ സുനില്‍ ജെയിന്‍ പറഞ്ഞ കൂട്ടത്തില്‍ ഇക്കാര്യത്തില്‍ എംബസിക്കുള്ള പരിമിതികളും അദ്ദേഹം വിശദീകരിച്ചിരുന്നു. അഭയകേന്ദ്രത്തില്‍ കഴിയുന്ന സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാരെ തിരിച്ചയക്കുന്ന കാര്യത്തില്‍ കുവൈത്ത് നിയമങ്ങള്‍ മറികടന്ന് ഇടപെടാന്‍ കഴിയില്ളെന്നാണ് ഇന്ത്യന്‍ എംബസിയുടെ വിശദീകരണം. മന്ത്രിക്ക് വിവരം ധരിപ്പിക്കുന്നതിലപ്പുറം ശക്തമായ സമ്മര്‍ദം ചെലുത്താന്‍ കഴിഞ്ഞിട്ടില്ളെന്നാണ് അന്തിമ വിശകലനത്തില്‍ വ്യക്തമാവുന്നത്. മാധ്യമപ്രവര്‍ത്തകരുടെയും പ്രവാസി സംഘടനാ പ്രതിനിധികളുടെയും ചോദ്യങ്ങള്‍ക്ക് ഒഴുക്കന്‍ മട്ടിലുള്ള ഉത്തരങ്ങള്‍ പറഞ്ഞ് ഒഴിയുകയായിരുന്നു അദ്ദേഹം. അന്നേ പലരും ഫലപ്രാപ്തിയില്‍ സംശയം പ്രകടിപ്പിച്ചിരുന്നു.
 

Tags:    
News Summary - indian

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.