കുവൈത്ത് സിറ്റി: കുവൈത്തിനെതിരായ തുടർച്ചയായ ഇറാൻ ആക്രമണങ്ങളെ അപലപിച്ചു ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി. അമീർ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹിനെ ഫോണിൽ വിളിച്ച നരേന്ദ്ര മോദി കുവൈത്തിനോടും ജനങ്ങളോടും ഇന്ത്യയുടെ ഐക്യദാർഢ്യം അറിയിച്ചു.
കുവൈത്തിലെ സിവിലിയന്മാർക്കെതിരായ സമീപകാല ആക്രമണത്തെയും അന്താരാഷ്ട്ര വിമാനത്താവളം ആക്രമണത്തെയും അപലപിക്കുന്നതായി പ്രധാനമന്ത്രി മോദി ഫോൺ സംഭാഷണത്തിനിടെ വ്യക്തമാക്കി. ആക്രമണത്തിൽ ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി പ്രധാനമന്ത്രി പറഞ്ഞു. ആക്രമണങ്ങൾ കുവൈത്തിന്റെ പരമാധികാരം, അന്താരാഷ്ട്ര നിയമം, ഐക്യരാഷ്ട്രസഭ ചാർട്ടർ എന്നിവയുടെ നഗ്നമായ ലംഘനം ആണെന്നും രാജ്യത്തെ നിരപരാധികളായ പൗരന്മാർക്കും താമസക്കാർക്കും എതിരായ ഭീഷണിയാണെന്നും അദ്ദേഹം വിശേഷിപ്പിച്ചു.
രാജ്യത്തിന്റെ പരമാധികാരം, സുരക്ഷ, സ്ഥിരത എന്നിവ സംരക്ഷിക്കുന്നതിനായി സ്വീകരിക്കുന്ന എല്ലാ നടപടികൾക്കും ഇന്ത്യയുടെ പൂർണ പിന്തുണയും ആവർത്തിച്ചു. കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം ആക്രമണത്തിൽ ഇന്ത്യൻ പൗരന്റെ മരണത്തിൽ അമീർ ആത്മാർത്ഥമായ അനുശോചനവും സഹതാപവും പ്രകടിപ്പിച്ചു. മരിച്ചവരുടെ മേൽ കരുണയും പരിക്കേറ്റവർ വേഗത്തിൽ സുഖംപ്രാപിക്കട്ടെയെന്നും അദ്ദേഹം പ്രാർത്ഥിച്ചു.
കുവൈത്തിനെ പിന്തുണക്കുന്ന ഇന്ത്യയുടെ നിലപാടിനും, രാജ്യത്തിന്റെ സുരക്ഷയും സ്ഥിരതയും നിലനിർത്തുന്നതിനുള്ള നടപടികൾക്ക് നൽകുന്ന പിന്തുണക്കും പ്രധാനമന്ത്രി മോദിയോട് അമീർ നന്ദി രേഖപ്പെടുത്തി. ഇന്ത്യൻ പ്രധാനമന്ത്രിക്ക് മികച്ച ആരോഗ്യവും ക്ഷേമവും തുടരട്ടെയെന്നും ഇന്ത്യയിലെ ജനങ്ങൾക്ക് കൂടുതൽ പുരോഗതിയും സമൃദ്ധിയും കൈവരട്ടെയെന്നും അമീർ ആശംസിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.