കുവൈത്ത് സിറ്റി: വ്യാജ പൗരത്വം പിടിക്കപ്പെട്ടതിന് പിന്നാലെ സിറിയൻ സഹോദരന്മാർ കുവൈത്തിൽനിന്ന് രക്ഷപ്പെട്ടു. മരിച്ച കുവൈത്ത് പൗരന്റെ ഫയലിൽ തിരിമറി നടത്തിയാണ് രണ്ട് സിറിയൻ സഹോദരന്മാർ ഉൾപ്പെടെ കുവൈത്ത് പൗരത്വം സ്വന്തമാക്കിയത്. ഇവരുടെ ഭാര്യമാരും മക്കളും പേരക്കുട്ടികളും ഉൾപ്പെടെ 80 പേരുടെ വ്യാജ പൗരത്വം സംബന്ധിച്ച വിവരങ്ങളാണ് കഴിഞ്ഞ ദിവസം പുറത്തു വന്നത്. 55 കേസുകൾ ഒരാളുമായി ബന്ധപ്പെട്ടും 25 കേസുകൾ സഹോദരനുമായി ബന്ധപ്പെട്ടുമാണ്.
ഡി.എൻ.എ പരിശോധന ഉൾപ്പെടെ നടത്തി പൗരത്വത്തിൽ വ്യക്തത വരുത്താൻ അധികൃതർ ഒരുങ്ങുന്നതിനിടെയാണ് ഇവർ രാജ്യം വിട്ടത്. ഇവരെ രാജ്യം വിടാൻ സഹായിച്ചവരെയും വ്യാജ പൗരത്വം നേടാൻ സഹായിച്ചവരെയും കണ്ടെത്താൻ അധികൃതർ അന്വേഷണം ഊർജിതമാക്കി.
അനധികൃതമായി കുവൈത്ത് പൗരത്വം നേടിയ എല്ലാവരെയും പിടികൂടാൻ ലക്ഷ്യമിട്ട് പഴയ ഫയലുകൾ ഉൾപ്പെടെ പരിശോധിക്കുന്ന ഊർജിത ദൗത്യത്തിലാണ് അധികൃതർ. ഇതിനായി രൂപവത്കരിച്ച സുപ്രീം കമ്മിറ്റിയുടെ നേതൃത്വത്തിൽ കഴിഞ്ഞ മാസങ്ങളിലെ പരിശോധനയിൽ പതിനായിരക്കണക്കിന് പേരുടെ പൗരത്വമാണ് കുവൈത്ത് റദ്ദാക്കിയത്. കുവൈത്തികൾക്കുള്ള വിവിധ സർക്കാർ ആനുകൂല്യങ്ങൾ സ്വന്തമാക്കാനാണ് അനധികൃതമായി പൗരത്വം നേടുന്നത്.
പാർപ്പിടവും സൗജന്യ വിദ്യാഭ്യാസ-ചികിത്സാ സൗകര്യങ്ങളും റേഷൻ ഉൾപ്പെടെ ആനുകൂല്യങ്ങളുമാണ് ആളുകളിൽ കുവൈത്തി പൗരത്വം നേടാനുള്ള ആഗ്രഹമുണ്ടാക്കുന്നത്. പാസ്പോർട്ട്-പൗരത്വ വകുപ്പിലെ ഉദ്യോഗസ്ഥർക്ക് പണവും പാരിതോഷികങ്ങളും നൽകിയാണ് നിരവധി പേർ കുവൈത്തി പൗരത്വം കരസ്ഥമാക്കിയത്. വ്യാജ സർട്ടിഫിക്കറ്റുകൾ ഹാജരാക്കിയും മറ്റ് അനധികൃത മാർഗങ്ങളിലൂടെയും പൗരത്വ സർട്ടിഫിക്കറ്റുകളും പാസ്പോർട്ടുകളും കൈവശപ്പെടുത്തിയവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ നേരത്തെ വ്യക്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.