കുവൈത്ത് സിറ്റി: പശ്ചിമേഷ്യൻ സംഘർഷത്തിന്റെയും യുദ്ധത്തിന്റെയും പശ്ചാത്തലത്തിൽ ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവ് രേഖപ്പെടുത്തി ഇന്ത്യൻ രൂപ. ഇതോടെ രൂപയുമായുള്ള വിനിമയ നിരക്കിൽ കുവൈത്ത് ദീനാർ വലിയ ഉയർച്ച രേഖപ്പെടുത്തി. ഒരു മാസത്തോളമായി ഒരു കുവൈത്ത് ദീനാറിന് ശരാശരി 300 രൂപ ലഭിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം ഇത് 303രൂപക്ക് മുകളിലെത്തി.
ചരിത്രത്തിലാദ്യമായി യു.എസ് ഡോളറിനെതിരെ രൂപയുടെ മൂല്യം വ്യാഴാഴ്ച 93 കടന്നിരുന്നു. വ്യാഴാഴ്ച വ്യാപാരത്തിനിടെ ഒരു ഡോളറിന് 93.24 രൂപ എന്ന താഴ്ന്ന നിരക്കിലേക്കാണ് രൂപ കൂപ്പുകുത്തിയത്. സംഘർഷം ആഗോള വിപണിയിൽ തീർത്ത അനിശ്ചിതത്വവും ക്രൂഡ് ഓയിൽ വിലവർധനവുമാണ് ഇന്ത്യൻ രൂപക്ക് തിരിച്ചടിയായത്. ഇന്ത്യൻ ഓഹരി വിപണികൾ കൂപ്പുകുത്തിയതും ആഘാദമായി.
യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ വിദേശ ധനകാര്യ സ്ഥാപനങ്ങൾ ഇന്ത്യൻ ഓഹരി വിപണിയിൽ നിന്ന് വൻതോതിൽ നിക്ഷേപം പിൻവലിക്കുന്നത് തുടരുകയാണ്.
ഓഹരികൾ വിറ്റഴിക്കുന്നതിലൂടെ ലഭിക്കുന്ന രൂപ ഡോളറാക്കി മാറ്റുന്നത് ആഭ്യന്തര കറൻസിയുടെ മൂല്യത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. സുരക്ഷിത നിക്ഷേപം എന്ന നിലയിൽ നിക്ഷേപം രൂപയിൽ നിന്നും ഡോളറിലേക്ക് മാറ്റുന്നതും വ്യാപകമായിട്ടുണ്ട്.
എണ്ണ വിലയിലെ വർധന തുടരുകയാണെങ്കിൽ വരും ദിവസങ്ങളിൽ രൂപയുടെ മൂല്യം ഇനിയും കുറയാൻ സാധ്യതയുണ്ട്. ഇത് രൂപയുമായുള്ള കുവൈത്ത് ദീനാറിന്റെ വിനിമയ നിരക്ക് ഇനിയും ഉയർത്താനിടയാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.