ഗ​സ്സ​യി​ലേ​ക്ക് ദു​രി​താ​ശ്വാ​സ വ​സ്തു​ക്ക​ളു​മാ​യി നീ​ങ്ങു​ന്ന ട്ര​ക്കു​ക​ൾ

കനത്ത മഴയും കൊടും തണുപ്പും; ഗസ്സയിൽ ടെന്റുകൾ ഒരുക്കി റഹ്മ ഗ്ലോബൽ സൊസൈറ്റി

കുവൈത്ത് സിറ്റി: കനത്ത മഴയും കൊടും തണുപ്പും അനുഭവപ്പെടുന്ന ഗസ്സയിൽ ദുരിതാശ്വാസ പദ്ധതിയുടെ ആദ്യ ഘട്ടം ആരംഭിച്ചു റഹ്മ ഗ്ലോബൽ സൊസൈറ്റി. ഗസ്സയിലെ കുടിയിറക്കപ്പെട്ടതും ദുരിതമനുഭവിക്കുന്നതുമായ കുടുംബങ്ങൾക്ക് അടിയന്തര അഭയ പദ്ധതിയുടെ ഭാഗമായി ഏകദേശം 3,000 ടെന്റുകളും 1,000 കക്കൂസുകളും അടങ്ങുന്ന ദുരിതാശ്വാസ ട്രക്കുകൾ ഗസ്സയിലേക്ക് അയച്ചു. ഈജിപ്ഷ്യൻ റെഡ് ക്രസന്റിന്റെ (ഇ.ആർ.സി) സഹകരണത്തോടെയാണ് ഇവ നടപ്പാക്കുക.

ഗസ്സയിൽ കനത്ത മഴയും കൊടും തണുപ്പും അനുഭപ്പെടുന്ന നിർണായക സമയത്താണ് ഈ സഹായം നൽകുന്നതെന്ന് റഹ്മ ഗ്ലോബൽ സൊസൈറ്റി ഡയറക്ടർ ജനറൽ ഡോ. ഈസ അൽ ദഫിരി പറഞ്ഞു. വീടുകൾ നഷ്ടപ്പെട്ടതിനാൽ തുറസ്സായ സ്ഥലങ്ങളിൽ ഉറങ്ങേണ്ടിവരുന്ന ആയിരക്കണക്കിന് ആളുകൾക്ക് അഭയം ഒരുക്കലും സംരക്ഷണവും ഇതുവഴി ലക്ഷ്യമിടുന്നു. ഗസ്സയിലെ വഷളാകുന്ന മാനുഷിക സാഹചര്യവും ആവശ്യ വസ്തുക്കളുടെ അഭാവവും നേരിടുന്ന ഘട്ടത്തിൽ ഷെൽട്ടർ പദ്ധതി പ്രധാന മുൻ‌ഗണനയാണെന്ന് അൽ ദഫിരി കൂട്ടിച്ചേർത്തു. സാധ്യമായ അത്രയും ദുരിതബാധിത കുടുംബങ്ങളിലേക്ക് പദ്ധതി എത്തിച്ചേരുന്നുവെന്ന് ഉറപ്പാക്കുന്നതിന് സൊസൈറ്റി ശ്രമം നടത്തുന്നുണ്ട്.

ഗസ്സയിൽ അസോസിയേഷൻ അടുത്തിടെ നിരവധി ദുരിതാശ്വാസ പദ്ധതികൾ നടപ്പാക്കിയിരുന്നു. ദുരിതബാധിത കുടുംബങ്ങളെയും കുടിയിറക്കപ്പെട്ടവരെയും ലക്ഷ്യമിട്ട് ‘100,000 ഭക്ഷണം’ കാമ്പയിനിന്റെ ഭാഗമായി ഭക്ഷ്യവസ്തുക്കളും വിതരണം ചെയ്തു. ഇതിന്റെ തുർച്ചയാണ് ഷെൽട്ടർ പദ്ധതി. ഉദാരമതികളുടെ സംഭാവനകൾക്കും ഈ മാനുഷിക ദൗത്യത്തിന് കുവൈത്ത് ഔദ്യോഗിക സ്ഥാപനങ്ങൾ നൽകുന്ന പിന്തുണക്കും സഹായങ്ങൾക്കും അൽ ദഫിരി നന്ദി പറഞ്ഞു.

Tags:    
News Summary - Heavy rain and bitter cold; Rahma Global Society sets up tents in Gaza

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.