കുവൈത്ത് സിറ്റി: ഗൾഫ് സഹകരണ കൗൺസിൽ (ജി.സി.സി) രാജ്യങ്ങൾ ചേർന്ന് നടപ്പാക്കുന്ന ഗൾഫ് റെയിൽവേ പദ്ധതി 2030 ഡിസംബറോടെ പൂർത്തിയാക്കുമെന്ന് ഗൾഫ് റെയിൽവേ അതോറിറ്റി അറിയിച്ചു.അബൂദബിയിൽ നടന്ന വേൾഡ് റെയിൽ- 2025 സമ്മേളനത്തിലാണ് അതോറിറ്റി ഡയറക്ടർ ജനറൽ മുഹമ്മദ് ബിൻ ഫഹദ് അൽ ഷബ്രാമി ഇക്കാര്യം വ്യക്തമാക്കിയത്.
കുവൈത്ത്, സൗദി അറേബ്യ, ബഹ്റൈൻ, ഖത്തർ, യു.എ.ഇ, ഒമാൻ എന്നീ ആറു രാജ്യങ്ങളെ 2,117 കിലോമീറ്റർ നീളമുള്ള റെയിൽ ശൃംഖലയിലൂടെ ബന്ധിപ്പിക്കുന്നതാണ് പദ്ധതി. പദ്ധതി പൂർത്തിയായാൽ ഗതാഗതം, വ്യാപാരം, ടൂറിസം മേഖലകൾക്ക് വലിയ ഉണർവ് ലഭിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
പാസഞ്ചർ ട്രെയിനുകൾ മണിക്കൂറിൽ 200 കിലോമീറ്റർ വേഗതയിലും ചരക്ക് ട്രെയിനുകൾ 80 മുതൽ 120 കിലോമീറ്റർ വേഗതയിലും ഓടുമെന്ന് അറിയിച്ചു. പ്രാദേശിക സമ്പദ്വ്യവസ്ഥയും ഗതാഗത സംവിധാനവും ശക്തിപ്പെടുത്തുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. പദ്ധതിയുടെ ഭാഗമായ കുവൈത്തിലെ പാത നിർമിക്കുന്നതുമായി ബന്ധപ്പെട്ട് തുർക്കിയ കമ്പനിയായ പ്രോയാപിയുമായി ഈ വർഷം ഏപ്രിലിൽ കുവൈത്ത് കരാറിൽ ഒപ്പിട്ടിരുന്നു. കുവൈത്തിലെ റെയിൽവേ ശൃംഖലയുടെ ആദ്യ ഘട്ടത്തിനായുള്ള സമഗ്രമായ പഠനം, വിശദമായ രൂപകൽപ്പന, ടെൻഡർ രേഖ തയാറാക്കൽ എന്നിവ ഉൾപ്പെടുന്നതാണ് കരാർ.
കുവൈത്തിലെ ഷാദാദിയ മുതൽ നുവൈസീബ് വരെ നീളുന്ന 111 കിലോമീറ്റർ ട്രാക്ക് നിർമാണത്തിനാണ് പ്രോയാപി സഹായിക്കുക. വിശദമായ പഠനം, രൂപകൽപ്പന, മണ്ണ് പരിശോധന, പാതകൾ നിർണയിക്കൽ എന്നിവയെല്ലാം ഇതിൽ ഉൾപ്പെടുന്നു. 12 മാസമാണ് അനുവദിച്ച കാലപരിധി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.