ഗസ്സയിലേക്കുള്ള ആംബുലൻസുകൾ വിമാനത്തിൽ
കുവൈത്ത് സിറ്റി: ഗസ്സയിലേക്കുള്ള കുവൈത്തിന്റെ 21ാമത് ദുരിതാശ്വാസ വിമാനം ഈജിപ്തിലെ അൽ അരിഷ് വിമാനത്താവളത്തിലെത്തി. 40 ടൺ വൈദ്യസഹായവും അവശ്യവസ്തുക്കളും അടങ്ങുന്നതാണ് സഹായം. നാല് ആംബുലൻസുകൾ, വിവിധ തരത്തിലുള്ള ദുരിതാശ്വാസ സഹായസാമഗ്രികൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. 22 ചാരിറ്റബ്ൾ സൊസൈറ്റികൾ ഫലസ്തീനിനായുള്ള ദുരിതാശ്വാസ കാമ്പയിനിന്റെ വ്യാഴാഴ്ച അയച്ച സഹായത്തിന് സംഭാവന നൽകി.
ഈജിപ്ഷ്യൻ റെഡ് ക്രസന്റ് സൊസൈറ്റി സാധനങ്ങൾ ഫലസ്തീൻ റെഡ് ക്രസന്റ് സൊസൈറ്റിക്ക് കൈമാറുമെന്ന് കുവൈത്ത് ദുരിതാശ്വാസ സഹായ സൊസൈറ്റി ഡെപ്യൂട്ടി ഡയറക്ടർ ജനറലും ഫലസ്തീൻ കാമ്പയിനിനുള്ള പിന്തുണയുടെ ജനറൽ കോഓഡിനേറ്ററുമായ ഒമർ അൽ തുവൈനി പറഞ്ഞു.
ഇസ്രായേൽ ആക്രമണത്തിന്റെ തുടക്കം മുതൽ കുവൈത്ത് ദുരിതാശ്വാസ സഹായം എയർ ബ്രിഡ്ജ് വഴി ഗസ്സയിലേക്ക് അയക്കുന്നുണ്ട്. ഗസ്സയിലേക്ക് ഭക്ഷണം, വസ്ത്രങ്ങൾ, ടെന്റുകൾ, പുതപ്പുകൾ, സോളാർ പാനലുകൾ, ഡ്രില്ലിങ് ഉപകരണങ്ങൾ, ബുൾഡോസറുകൾ, ട്രക്കുകൾ, മെഡിക്കൽ സപ്ലൈസ്, ആംബുലൻസുകൾ എന്നിവ കുവൈത്ത് അയക്കുന്നുണ്ട്. സഹായം എത്തിക്കുന്ന രാജ്യങ്ങളിൽ കുവൈത്ത് മൂന്നാംസ്ഥാനത്താണ്.
ജോർഡൻ ഫീൽഡ് ആശുപത്രിക്കുനേരെയുള്ള ആക്രമണത്തെ കുവൈത്ത് അപലപിച്ചു
കുവൈത്ത് സിറ്റി: ഗസ്സയിലെ ജോർഡൻ ഫീൽഡ് ആശുപത്രിക്കുനേരെ ഇസ്രായേൽ സേന നടത്തിയ ബോംബാക്രമണത്തെ കുവൈത്ത് അപലപിച്ചു. ആക്രമണത്തിൽ ഏഴ് ആശുപത്രി ജീവനക്കാർക്ക് പരിക്കേറ്റു. ഇസ്രായേൽ ബോംബാക്രമണത്തിൽ പരിക്കേറ്റ ഫലസ്തീനികളെ ചികിത്സിക്കുന്നതിനിടെയാണ് ആശുപത്രി ജീവനക്കാർക്ക് പരിക്കേറ്റത്.
സംഭവത്തിൽ ജോർഡന് കുവൈത്ത് ഐക്യദാർഢ്യം അറിയിച്ചു. ഇസ്രായേൽ അധിനിവേശശക്തികൾ അന്താരാഷ്ട്ര നിയമങ്ങളോ മാനുഷിക നിയമങ്ങളോ പാലിക്കുന്നില്ലെന്ന് തെളിയിക്കുന്നതാണ് ആക്രമണമെന്നും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. ആശുപത്രികൾ, രോഗികൾ, മെഡിക്കൽ ടീമുകൾ എന്നിവയെ ലക്ഷ്യംവെച്ചുള്ള ഇസ്രായേൽ ആക്രമണങ്ങൾ തടയാൻ യു.എൻ രക്ഷാസമിതിയും അന്താരാഷ്ട്ര സമൂഹവും ഇടപെടണമെന്ന കുവൈത്തിന്റെ ആഹ്വാനം മന്ത്രാലയം പുതുക്കി.
ഫലസ്തീൻ ജനതക്കെതിരെ ഇസ്രായേലി സേന അനുദിനം നടത്തുന്ന കുറ്റകൃത്യങ്ങൾ ഉടൻ അവസാനിപ്പിക്കണമെന്നും കുവൈത്ത് ആവശ്യപ്പെട്ടു. ഗസ്സയിൽ ആശുപത്രികളെ ലക്ഷ്യമിട്ട് ഇസ്രായേൽ ആക്രമണം കടുപ്പിച്ചിട്ടുണ്ട്. അൽശിഫ ആശുപത്രിയിലടക്കം ഇതിനകം നിരവധി ആശുപത്രികൾ ആക്രമിക്കപ്പെട്ടു. പല ആശുപത്രികളും പ്രവർത്തനം അവസാനിപ്പിച്ചിട്ടുണ്ട്. നിരവധി ആശുപത്രി ജീവനക്കാർക്ക് ജീവൻ നഷ്ടപ്പെടുകയുമുണ്ടായി. ഗസ്സയിലെ കുവൈത്ത് ആശുപത്രി ഒഴിയാൻ ഇസ്രായേൽ സേന നേരത്തേ ആവശ്യപ്പെട്ടിരുന്നു. ഇത് സാധ്യമല്ലെന്ന് ആശുപത്രി ജീവനക്കാർ വ്യക്തമാക്കിയിട്ടുണ്ട്.അതിനിടെ, കഴിഞ്ഞ ദിവസം ഖത്തറിന്റെ ഗസ്സ പുനർനിർമാണ സമിതിയുടെ ആസ്ഥാനത്തും ഇസ്രായേൽ സേന ആക്രമണം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.