കുവൈത്ത് സിറ്റി: കുവൈത്തിലേക്ക് വിദേശികളുടെ പ്രവേശന വിലക്ക് ഞായറാഴ്ച മുതൽ പ്രാബല്യത്തിലാകും. കോവിഡ് വ്യാപന പശ്ചാത്തലത്തിൽ രണ്ടാഴ്ചത്തേക്കാണ് പ്രവേശനവിലക്ക് ഏർപ്പെടുത്തിയത്. നയതന്ത്ര പ്രതിനിധികൾ, സർക്കാർ, സ്വകാര്യമേഖലയിലെ ആരോഗ്യജീവനക്കാർ എന്നിവർക്ക് വിലക്കിൽ ഇളവുണ്ട്. ഇതുസംബന്ധിച്ച് വ്യോമയാനവകുപ്പ് വിമാനക്കമ്പനികൾക്ക് നിർദേശം നൽകി. പ്രവേശനവിലക്ക് ഏർപ്പെടുത്തിയതോടെ അടിയന്തരമായി കുവൈത്തിലേക്ക് എത്തേണ്ട നിരവധി പ്രവാസികൾ പ്രയാസത്തിലാകും.
നാട്ടിൽനിന്ന് ജോലി, വിസ പുതുക്കൽ എന്നിവയുമായി ബന്ധപ്പെട്ട് അടിയന്തരമായി എത്തേണ്ടവരും ഇടത്താവളമായി ഇതിനകം യു.എ.ഇയിലും തുർക്കിയിലും ഉൾപ്പെടെ എത്തിപ്പെട്ടവരും കുടുങ്ങി. നേരത്തേതന്നെ ഇന്ത്യ ഉൾപ്പെടെ 35 രാജ്യങ്ങളിൽനിന്ന് കുവൈത്തിലേക്ക് നേരിട്ട് വരാൻ അനുമതിയില്ലാത്തതിനാലാണ് ഇടത്താവള രാജ്യങ്ങളിൽ ക്വാറൻറീന് ആളുകൾ എത്തിയത്.
ഇടത്താവള രാജ്യങ്ങളിൽ എത്തിയവർ കുവൈത്തിലേക്ക് വരാൻ കഴിയാതെ താമസത്തിനും ഭക്ഷണത്തിനും ബുദ്ധിമുട്ടും. രണ്ടാഴ്ചത്തേക്കാണ് നിയന്ത്രണം പ്രഖ്യാപിച്ചതെങ്കിലും കോവിഡ് വ്യാപനം അധികമായാൽ നീട്ടാനുള്ള സാധ്യത തള്ളാനാകില്ല. ചിലർ തിരിച്ച് നാട്ടിലേക്കുതന്നെ പോകാനുള്ള തയാറെടുപ്പിലാണ്. ഇടത്താവളത്തിലെ ക്വാറൻറീൻ പൂർത്തിയാക്കി അടുത്ത ദിവസങ്ങളിൽ കുവൈത്തിലേക്ക് വരാനിരുന്നവർ പെെട്ടന്നുള്ള പ്രവേശന വിലക്കിൽ പകച്ചുപോയി.
ദുബൈയിൽ കുടുങ്ങിക്കിടക്കുന്ന മലയാളി പ്രവാസികളെ സന്നദ്ധ സംഘടനകൾ സഹായിക്കുമെന്ന പ്രതീക്ഷയുണ്ട്. സമീപ ദിവസങ്ങളിൽ കോവിഡ് വ്യാപനം വർധിച്ചതും വിവിധ രാജ്യങ്ങളിൽ വ്യാപനശേഷി കൂടുതലുള്ള, ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസ് സാന്നിധ്യം കണ്ടെത്തിയതുമാണ് കടുത്ത നടപടിക്ക് കുവൈത്ത് സർക്കാറിനെ പ്രേരിപ്പിച്ചത്.
ദുബൈയിൽ കുടുങ്ങിയവരിൽ വനിതകളും ഉൾപ്പെടും. വിസ കാലാവധി കഴിയാറായതോടെ പുതിയ വിസ എടുക്കേണ്ട അവസ്ഥയിലാണ്. അടുത്ത ദിവസങ്ങളിൽ ഷെഡ്യൂൾ ചെയ്ത വിമാനങ്ങളെല്ലാം റദ്ദാക്കിയിട്ടുണ്ട്. അവസാനദിനമായ ശനിയാഴ്ച വരെ ചിലർക്ക് യാത്രചെയ്യാൻ കഴിഞ്ഞതാണ് ഏക ആശ്വാസം. ഈ വിമാനങ്ങളെല്ലാം റദ്ദാക്കിയിട്ടുണ്ട്. യു.എ.ഇയിൽ തങ്ങുന്ന യാത്രക്കാർ ഒന്നുകിൽ നാട്ടിലേക്ക് മടങ്ങണം, അല്ലെങ്കിൽ കൂടുതൽ തുക മുടക്കി യു.എ.ഇയിൽ തങ്ങണം.
വേണം പ്രവാസി സംഘടനകളുടെ കൈത്താങ്ങ്
കുവൈത്ത് സിറ്റി: പ്രവാസികൾ എപ്പോഴൊക്കെ പ്രതിസന്ധിയിലായിട്ടുണ്ടോ, അപ്പോഴെല്ലാം ഓടിയെത്തിയവരാണ് യു.എ.ഇയിലെ പ്രവാസി സംഘടനകൾ. കോവിഡ് മഹാമാരി ആശങ്കയുണർത്തിയ സമയത്ത് സ്വന്തം ജീവൻ പോലും വകവെക്കാതെ ഓടിയെത്തിയവരാണ് ഇവർ. സൗദിയിലേക്കും കുവൈത്തിേലക്കും പോകാൻ കടം വാങ്ങിച്ച് നാട്ടിൽനിന്നെത്തിയ പ്രവാസികൾക്കും നിങ്ങളുടെ തുണ അത്യാവശ്യമാണ്. പ്രാദേശിക കൂട്ടായ്മകളും വ്യക്തികളും ഇപ്പോൾ സഹായം നൽകുന്നുണ്ടെങ്കിലും എല്ലാവരിലേക്കും എത്തുന്നില്ല. ജീവിതച്ചെലവ് ഏറെയുള്ള ദുബൈയിൽ ഒരുദിവസം തങ്ങണമെങ്കിൽ നല്ലൊരു തുക വേണ്ടിവരും.
താമസത്തിനും ഭക്ഷണത്തിനും പുറമെ വിസ കാലാവധി കഴിയാറായവരുമുണ്ട്. എങ്ങനെയെങ്കിലും ലക്ഷ്യസ്ഥാനത്തെത്തണമെന്ന ആഗ്രഹത്താലാണ് അവർ ഇപ്പോഴും ഇവിടെ പിടിച്ചുനിൽക്കുന്നത്. നാട്ടിൽനിന്ന് കടം വാങ്ങി വന്നതിനാൽ തിരിച്ചുപോകുന്നതിനെ കുറിച്ച് ആലോചിക്കാൻ പോലും കഴിയില്ല. ഈ സാഹചര്യത്തിൽ കൈത്താങ്ങാവാൻ യു.എ.ഇയിലെ പ്രവാസി സംഘടനകൾ കൂടുതൽ ഇടപെടുമെന്ന പ്രതീക്ഷയിലാണ് നമ്മുടെ സഹോദരൻമാർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.