കുവൈത്ത് സിറ്റി: കാൽപന്തുകളിയുടെ ആവേശപ്പെരുമയിലാണ് രാജ്യം. രണ്ടുവർഷത്തെ കായിക വിലക്കിന് ശേഷം കുവൈത്ത് കളിക്കളത്തിലേക്ക് തിരിച്ചുവരുന്നതിെൻറ തൊട്ടുടനെ വിരുന്നെത്തിയ രാജ്യാന്തര ടൂർണമെൻറ് വൻ വിജയമാക്കാനുള്ള ഒരുക്കത്തിലാണ് നാട്. ഉദ്ഘാടന മത്സരത്തിൽ വെള്ളിയാഴ്ച വൈകീട്ട് 6.30ന് ആതിഥേയരായ കുവൈത്ത് സൗദിയുമായി ഏറ്റുമുട്ടും. അന്നുതന്നെ രാത്രി ഒമ്പതിന് ഒമാൻ യു.എ.ഇയുമായി മത്സരിക്കും. കുവൈത്ത്, സൗദി, യു.എ.ഇ എന്നിവരടങ്ങുന്ന എ ഗ്രൂപ്പിലാണ് ഒമാൻ കളിക്കുക. ഖത്തർ, ഇറാഖ്, ബഹ്റൈൻ, യമൻ എന്നീ ടീമുകളാണ് ബി ഗ്രൂപ്പിലുള്ളത്. ശൈഖ് ജാബിർ സ്റ്റേഡിയത്തിൽ നടക്കുന്ന ജി.സി.സി കപ്പ് ഫുട്ബാൾ മത്സരവുമായി ബന്ധപ്പെട്ട ട്രാഫിക്- സുരക്ഷാ നടപടിക്രമങ്ങൾ പൂർത്തിയായി. ഉദ്ഘാടന ദിവസമായ വെള്ളിയാഴ്ച ഉച്ചക്ക് ഒരു മണിമുതൽ പൊതുജനങ്ങൾക്കായി സ്റ്റേഡിയത്തിെൻറ കവാടങ്ങൾ തുറന്നുകൊടുക്കും. പൊതുജനങ്ങൾക്ക് മൂന്നിടങ്ങളിലാണ് വാഹനം പാർക്ക് ചെയ്യാൻ സൗകര്യമേർപ്പെടുത്തിയത്. സിക്സ്ത് റിങ് വരെ നീണ്ടുനിൽക്കുന്ന ഫർവാനിയ ആശുപത്രിക്ക് അഭിമുഖമായുള്ള മൈതാനം, മുഹമ്മദ് ബിൻ ഖാസിം റോഡുവരെ നീളുന്ന ഫണ്ടമെൻറൽ സ്റ്റഡീസ് കോളജിന് അഭിമുഖമായുള്ള മൈതാനം, ഫർവാനിയ മഖ്ഹക്ക് എതിർവശമുള്ള മൈതാനം എന്നിവിടങ്ങളിലാണ് പൊതുജനങ്ങൾ വാഹനം നിർത്തിയിടേണ്ടത്. കാണികൾക്ക് മൈതാനത്ത് പ്രവേശിക്കാൻ വ്യത്യസ്ത കവാടങ്ങളാണ് ഏർപ്പെടുത്തിയത്. ഒമ്പതാം നമ്പർ കവാടം കുവൈത്തി കുടുംബങ്ങൾക്കുള്ളതാണ്. ആറ്, ഏഴ്, എട്ട് കവാടങ്ങൾ യുവാക്കൾക്കും നാലാം നമ്പർ ഗേറ്റ് അതിഥികൾക്കുള്ളതുമാണ്. അംഗപരിമിതർ അഞ്ചാം നമ്പർ ഗേറ്റിലൂടെയാണ് പ്രവേശിക്കേണ്ടത്. മാധ്യമ പ്രവർത്തകർ, സന്നദ്ധ പ്രവർത്തകർ തുടങ്ങിയവർക്കുള്ളതാണ് 10ാം നമ്പർ ഗേറ്റ്. താരങ്ങൾക്കും മത്സരം വീക്ഷിക്കാനെത്തുന്നവർക്കും ഗ്രൗണ്ടിന് അകത്തും പുറത്തുമായി കുറ്റമറ്റ സുരക്ഷയാണ് ഒരുക്കുക. ഇതിനുവേണ്ടി പ്രത്യേക സുരക്ഷ വിഭാഗത്തെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ജാബിർ സ്റ്റേഡിയത്തിന് അനുബന്ധമായ റോഡുകളിൽ ഗതാഗത കുരുക്കില്ലാതാക്കാൻ ട്രാഫിക് വിഭാഗത്തിന് നിർദേശം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.