സാൽമിയ അപ്പാർട്ട്മെന്റിലുണ്ടായ തീപിടിത്തം (ചിത്രം:1), വീട്ടിലുണ്ടായ അപകടത്തിൽ പുക ഉയരുന്നു (ചിത്രം:2)
കുവൈത്ത് സിറ്റി: തിങ്കളാഴ്ച മൂന്നിടത്ത് തീപിടിത്തം റിപ്പോർട്ടു ചെയ്തു. സാൽമിയയിൽ കെട്ടിടത്തിലും വീട്ടിലും തീപിടിത്തമുണ്ടായി. രണ്ടിടത്തും അഗ്നിശമന സേനാംഗങ്ങൾ എത്തി തീ നിയന്ത്രിച്ചു. തിങ്കളാഴ്ച രാവിലെ സാൽമിയ ഏരിയയിലെ ഹോട്ടൽ അപ്പാർട്ട്മെന്റായി ഉപയോഗിക്കുന്ന കെട്ടിടത്തിലാണ് ആദ്യ സംഭവം. അൽ ബിദയിലെയും സാൽമിയ സെന്ററിലെയും അഗ്നിശമന സേനാംഗങ്ങൾ ഉടൻ സഥലത്തെത്തി. കെട്ടിടത്തിലെ അഞ്ചാം നിലയിലെ അപ്പാർട്ട്മെന്റിലാണ് തീപിടിത്തം ഉണ്ടായത്. തീ ആറാം നിലയിലേക്കും വ്യാപിച്ചെങ്കിലും അഗ്നിശമന സേനാംഗങ്ങൾ ഇടപെട്ട് നിയന്ത്രണവിധേയമാക്കി.
സാൽമിയയിൽ ഒരു വീട്ടിലും തിങ്കളാഴ്ച തീപിടിത്തമുണ്ടായി. ഉച്ചയോടെയാണ് സംഭവം. സാൽമിയ സെന്റർ, അൽ ബിദാ സെന്റർ എന്നിവിടങ്ങളിൽ നിന്നുള്ള അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി. അപകടത്തിൽ ശ്വാസംമുട്ടൽ അനുഭവപ്പെട്ട അഞ്ച് പേർക്ക് അപകടസ്ഥലത്ത് തന്നെ ചികിത്സ നൽകി.
അതിനിടെ, വിദേശകാര്യ മന്ത്രാലയത്തിന്റെ കെട്ടിടത്തിൽ ചെറിയ തീ പിടിത്തം ഉണ്ടായതായി മന്ത്രാലയം അറിയിച്ചു. അതിവേഗത്തിൽ തീയണച്ചു. ആളപായമോ കനത്ത നാഷനഷ്ടമോ ഉണ്ടായിട്ടില്ല. എല്ലാ തൊഴിലാളികളും സുരക്ഷിതരാണെന്നും ഫയർഫോഴ്സും നാഷണൽ ഗാർഡ് സ്റ്റാഫും ഉടൻ ഇടപെട്ട് ജീവനക്കാരെ കെട്ടിടത്തിൽനിന്ന് പുറത്തെത്തിച്ചതായും മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.