കുവൈത്ത് സിറ്റി: കേരള അസോസിയേഷൻ കുവൈത്ത് സംഘടിപ്പിക്കുന്ന ഏഴാമത് കണിയാപുരം രാമചന്ദ്രൻ സ്മാരക അന്താരാഷ്ട്ര ഹ്രസ്വ ചലച്ചിത്രോത്സവം ‘നോട്ടം 2019’ ഡിസംബർ 20ന് നടക്കും. സാൽമിയ ഇന്ത്യൻ മോഡൽ സ്കൂൾ (സിംസ് സാൽമിയ) ഓഡിറ്റോറിയത്തിൽ രാവിലെ 11 മുതലാണ് പരിപാടി. പ്രദർശന വിഭാഗം, മത്സര വിഭാഗം, ഓപൺ ഫോറം, കുട്ടികൾക്കായുള്ള പ്രത്യേക ഷോർട്ട് ഫിലിം മത്സരം എന്നിവയുണ്ടാകും. 36 സിനിമകളാണ് മത്സര വിഭാഗത്തിലുള്ളത്. പ്രശസ്ത സിനിമാപ്രവർത്തകരായ ഡോ. സി.എസ്. വെങ്കിടേശ്വരൻ, ടി. കൃഷ്ണനുണ്ണി, സജീവൻ അന്തിക്കാട് എന്നിവർ അംഗങ്ങളായ ജൂറിയാണ് അവാർഡ് നിർണയിക്കുക. ഫെസ്റ്റിവലിനോടനുബന്ധിച്ചുള്ള ടെക്നിക്കൽ വർക്ഷോപ് ശനിയാഴ്ച വൈകീട്ട് ആറുമണി മുതൽ അബ്ബാസിയ സാരഥി ഓഡിറ്റോറിയത്തിൽ അരങ്ങേറും.
സിനിമ മേഖലക്ക് കഴിഞ്ഞ 40 വർഷമായി നൽകുന്ന സേവനം മുൻനിർത്തി പ്രശസ്ത സൗണ്ട് ഡിസൈനർ ടി. കൃഷ്ണനുണ്ണിയെ ഫെസ്റ്റിവലിൽ ആദരിക്കും. മികച്ച ഹ്രസ്വചിത്രത്തിനുള്ള ഗ്രാൻഡ് ജൂറി പുരസ്കാരം, പ്രേക്ഷക പുരസ്കാരം, മികച്ച പ്രവാസി ചിത്രം, തിരക്കഥ, എഡിറ്റർ, സംവിധായകൻ, ഛായാഗ്രാഹകൻ, സൗണ്ട് ഡിസൈനർ, നടൻ, നടി, ബാലതാരം, കുട്ടികളുടെ മികച്ച ചിത്രം എന്നിവക്ക് പുരസ്കാരം നൽകും. വാർത്ത സമ്മേളനത്തിൽ കേരള അസോസിയേഷൻ പ്രസിഡൻറ് ഷാഹിൻ ചിറയിൻകീഴ് അധ്യക്ഷത വഹിച്ചു. ഫെസ്റ്റിവൽ ഡയറക്ടർ വിനോദ് വലുപറമ്പിൽ പരിപാടി വിശദീകരിച്ചു. അസോസിയേഷൻ ജനറൽ സെക്രട്ടറി പ്രവീൺ നന്തിലത്ത്, ജനറൽ കോഒാഡിനേറ്റർ ഉണ്ണി താമരാൽ, കൺവീനർമാരായ ബേബി ഔസേഫ്, യാസിർ എന്നിവർ പങ്കെടുത്തു. കൂടുതൽ വിവരങ്ങൾക്ക് nottamkwt@gmail.com എന്ന മെയിൽ ഐഡിയിലോ 97287058, 60753530, 60642533, 55831679, 99647998, 66769981, എന്നീ നമ്പറുകളിലോ ബന്ധപ്പെടുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.