കുവൈത്ത് സിറ്റി: വിമാനങ്ങളിൽ പ്രത്യേക സമയങ്ങളിൽ ടിക്കറ്റ് നിരക്ക് വർധിപ്പിക്കുന്നത് തടയാൻ കോടതി ഇടപെടൽ ഉണ്ടാകുമോ എന്ന പ്രതീക്ഷയിൽ പ്രവാസികൾ. ഗള്‍ഫ് രാജ്യങ്ങളിൽനിന്ന് നാട്ടിലേക്കും തിരിച്ചും സര്‍വിസ് നടത്തുന്ന വിമാനങ്ങളിലെ ടിക്കറ്റുകളുടെ അമിതവിലയെ ചോദ്യംചെയ്തുള്ള റിട്ട് ഹരജിയില്‍ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷനോട് (ഡി.ജി.സി.എ) കഴിഞ്ഞ ദിവസം ഡല്‍ഹി ഹൈകോടതി വിശദീകരണം ആവശ്യപ്പെട്ടിരുന്നു. 1937ലെ എയര്‍ക്രാഫ്റ്റ് റൂള്‍സിലെ റൂള്‍ 135(1) അവ്യക്തവും ഏകപക്ഷീയവും ഭരണഘടന വിരുദ്ധവുമാണെന്ന് ചൂണ്ടിക്കാട്ടി ഡല്‍ഹി ആസ്ഥാനമായുള്ള കേരള പ്രവാസി അസോസിയേഷന് സമര്‍പ്പിച്ച ഹരജിയിലാണ് കോടതി ഇടപെടൽ ഉണ്ടായത്.
ഗൾഫ് മേഖലയിലെ രാജ്യങ്ങളിൽനിന്ന് കേരളത്തിലേക്കും ഇന്ത്യയുടെ മറ്റു ഭാഗങ്ങളിലേക്കും യാത്രചെയ്യുന്നതിന് വിമാനക്കമ്പനികൾ യുക്തിരഹിതവും അമിതവുമായ നിരക്ക് ഈടാക്കുന്നുവെന്ന് കോടതിയിൽ നൽകിയ ഹരജിയിൽ പറയുന്നു.
ഇതുമൂലം ജോലി, ബിസിനസ്, വിദ്യാഭ്യാസം എന്നിവക്കായി ഈ രാജ്യങ്ങളിലേക്കും പുറത്തേക്കും യാത്രചെയ്യാൻ ആഗ്രഹിക്കുന്ന ആളുകൾ വലിയ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നു. വിമാനയാത്രക്ക് തടസ്സം നേരിട്ടേക്കാവുന്ന ഈ പ്രവൃത്തിമൂലം ഇന്ത്യന്‍ യാത്രക്കാരുടെ ഭരണഘടനാപരമായ അവകാശങ്ങൾ ലംഘിക്കപ്പെടുകയാണെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടി. വിമാനക്കമ്പനികള്‍ക്ക് താരിഫ് നിശ്ചയിക്കുന്നതിന് നൽകിയ അധികാരം റദ്ദാക്കണമെന്നും അടിയന്തര ഇടക്കാല ഉത്തരവ് വേണമെന്നും ഹരജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
വിഷയത്തിൽ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷൻ എന്ത് നിലപാട് സ്വീകരിക്കുമെന്ന് കാത്തിരിക്കുകയാണ് പ്രവാസി സമൂഹം. നിമയ പോരാട്ടവുമായി മുന്നോട്ടുപോകുമെന്ന് കേരള പ്രവാസി അസോസിയേഷന് വ്യക്തമാക്കിയിട്ടുണ്ട്. ഉത്സവ കാലത്തും വെക്കേഷൻ സമയത്തുമാണ് വിമാനക്കമ്പനികൾ ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടി യാത്രക്കാരെ ദ്രോഹിക്കുന്നത്. ഗൾഫിൽനിന്ന് നാട്ടിലേക്ക് കൂടുതൽ പേർ യാത്രചെയ്യുന്ന സമയത്തും തിരിച്ചും നിരക്ക് കുത്തനെ കൂടും. ഇത് പ്രവാസികൾക്ക് വലിയ സാമ്പത്തികനഷ്ടം വരുത്തുന്നതാണ്. എയർ ഇന്ത്യ ഉൾപ്പടെ അഞ്ചും പത്തും ഇരട്ടിയാണ് പലപ്പോഴും യാത്രനിരക്ക് വർധിപ്പിക്കുന്നത്. കുവൈത്തിൽ അവധിക്കാലം അവസാനിക്കാറായതിനാൽ നാട്ടിൽ നിന്നുള്ള എല്ലാ വിമാനങ്ങൾക്കും ഇപ്പോൾ ടിക്കറ്റിന് പൊള്ളുംവിലയാണ്. വർഷങ്ങളായി വിമാനക്കമ്പനികൾ ഈ കൊള്ള തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.