1998ൽ ചിറയിൻകീഴ് ലോക്സഭാ മണ്ഡലത്തിലായിരുന്നു എന്റെ കന്നി വോട്ട്. വർഷങ്ങൾക്കിപ്പുറം മണ്ഡലം പേര് മാറി ആറ്റിങ്ങൽ എന്നായി. ആദ്യമായി വോട്ട് നൽകിയ സ്ഥാനാർഥിയും കാലയവനികക്കുള്ളിൽ മറഞ്ഞു. എങ്കിലും വോട്ട് ചെയ്തതിന്റെ ഓർമകൾ ബാക്കിയുണ്ട്. തെരഞ്ഞെടുപ്പ് ദിവസം രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി. ദിവസങ്ങളോളം മായാതെ കിടന്ന മഷി അടയാളമായി കൊണ്ടുനടന്നു. ആദ്യ വോട്ട് പാഴാകുമോ എന്ന ആശങ്കയിൽ തെരഞ്ഞെടുപ്പ് ഫലം വരാൻ കാത്തിരുന്നതും ഓർക്കുന്നു. എന്തായാലും ഫലം വന്നപ്പോൾ വോട്ട് പാഴായില്ല. വർക്കല രാധാകൃഷ്ണൻ വിജയിയായി. എന്റെ കൂടി വോട്ടിലാണ് ആ വിജയം എന്നതിൽ അഭിമാനം തോന്നി. വിജയാഘോഷങ്ങളിൽ അന്ന് ഉയർന്ന മുദ്രാവാക്യങ്ങൾ ഇപ്പോഴും ഓർമയുണ്ട്. ‘പെട്ടീ പെട്ടീ ബാലറ്റ് പെട്ടി പെട്ടി തുറന്നപ്പോൾ കോൺഗ്രസ് പൊട്ടി’
അന്നൊക്കെ സ്ഥാനാർഥിയെ നോക്കി വോട്ട് ചെയ്യുന്നവർ കുറവായിരുന്നു. വളർന്നുവരുന്ന സാഹചര്യത്തിനനുസരിച്ച് രാഷ്ട്രീയം ഉടലെടുക്കുന്ന കാലമായിരുന്നു അന്നൊക്കെ ചുറ്റുപാടുകൾ. നാടും നാട്ടുകാരും അവർക്കൊപ്പം വികസിക്കുന്ന രാഷ്ട്രീയവും. വോട്ടുകാല ഓർമയിൽ തെളിയുന്ന മറ്റൊരു കാഴ്ച തെരഞ്ഞെടുപ്പിന്റെ തലേ രാത്രിയിലെ പോളിങ് ബൂത്ത് അലങ്കാരം ആണ്. കൊടിതോരണങ്ങളുമായി ബൂത്തിന് നിശ്ചിത ദൂരത്തിനപ്പുറം നടത്തുന്ന ഉത്സവ സമാനമായ ഒന്നാണത്. പ്രവാസികൾക്ക് ഇതെല്ലാം നഷ്ടമാകുന്നുണ്ട്. വലിയൊരു വിഭാഗം ജനങ്ങൾക്ക് ഇനിയും വോട്ട് അപ്രാപ്യമാണ്. അസ്ഥിരപ്പെടുത്തുന്ന രാഷ്ട്രീയ സാഹചര്യങ്ങളിൽ ലക്ഷക്കണക്കിന് പ്രവാസികൾക്ക് ഗൾഫിൽനിന്ന് തന്നെ വോട്ട് രേഖപ്പെടുത്താൻ കഴിഞ്ഞാൽ പലരുടെയും ജാതി- മത, തൻ പ്രമാണിത്തങ്ങളുടെ വിളിച്ചു കൂവലുകൾക്ക് മാറ്റം ഉണ്ടാക്കാൻ കഴിയും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.