മാനദണ്ഡങ്ങൾ പാലിച്ച് ഈദ്ഗാഹുകൾ നടത്താം

മസ്കത്ത്: ഒമാനിൽ കോവിഡ് സുരക്ഷ മാനദണ്ഡങ്ങളും സുപ്രീം കമ്മിറ്റിയുടെ നിർദേശങ്ങളും പൂർണമായി പാലിച്ച് ഈദ്ഗാഹുകൾ നടത്താമെന്ന് ഗ്രാൻഡ് മുഫ്തിയുടെ ഓഫിസ് വ്യക്തമാക്കി. സമൂഹത്തിന്‍റെ സുരക്ഷ കണക്കിലെടുത്ത് ആലിംഗനവും ഹസ്തദാനവും ആശംസകൾ നേരുന്നതും പൂർണമായി ഒഴിവാക്കണം. പ്രാർഥന സ്ഥലങ്ങളിൽ രണ്ടു വാക്സിനേഷനും സ്വീകരിച്ചവർക്ക് മാത്രമാണ് പ്രവേശനം അനുവദിക്കുക. 12 വയസ്സിന് താഴെയുള്ള കുട്ടികളെ അനുവദിക്കില്ല തുടങ്ങിയ നിരവധി നിർദേശങ്ങൾ സുപ്രീം കമ്മിറ്റി മുന്നോട്ടുവെക്കുന്നുണ്ട്. അനുവാദം നിലവിലുണ്ടെങ്കിലും കോവിഡ് പ്രതിസന്ധി മാനിച്ച് സാധാരണ നടന്നുവരാറുള്ള മലയാളി ഈദ്ഗാഹുകൾ പലതും ഈവർഷം നടക്കാൻ സാധ്യതയില്ല.

ഒമാനിലെ ഏറ്റവും വലിയ ഈദ്ഗാഹായ ഗാല അൽ റുസൈഖി ഗ്രൗണ്ടിൽ നടക്കാറുള്ള ഈദ്ഗാഹ് ഈവർഷം ഉണ്ടായിരിക്കില്ലെന്ന് അധികൃതർ വ്യക്തമാക്കി. ഇതുവരെ ഒരുക്കം നടത്താൻ കഴിഞ്ഞിട്ടില്ലെന്നും കുട്ടികളുടെ വിഷയത്തിലടക്കമുള്ള സുരക്ഷമാനദണ്ഡങ്ങൾ പാലിക്കാൻ ഏറെ മുൻകരുതലുകൾ ആവശ്യമാണെന്നും അതിനാൽ ഈ പ്രാവശ്യം ഈദ്ഗാഹ് നടത്താൻ കഴിയില്ലെന്ന തീരുമാനമാണ് എടുത്തതെന്നും ബന്ധപ്പെട്ടവർ പറഞ്ഞു. നാട്ടിൽനിന്ന് പ്രഗല്ഭരായ പണ്ഡിതർ എത്തിയാണ് ഗാല ഈദ്ഗാഹിൽ പ്രഭാഷണം നടത്താറുള്ളത്.

ഗാല ഈദ്ഗാഹിന്‍റെ അനുബന്ധമായി ഒമാന്‍റെ 12 ഭാഗങ്ങളിൽ നടക്കാറുള്ള ഈദ്ഗാഹും നടക്കില്ല. വാദി കബീർ, റൂവി, സീബ്, സുവൈഖ് എന്നിവിടങ്ങളിൽ വർഷം തോറും ഈദ്ഗാഹുകൾ സംഘടിപ്പിക്കാറുള്ള ഇന്ത്യൻ ഇസ്ലാഹി സെൻററും അന്തിമ തീരുമാനം എടുത്തിട്ടില്ല. വിഷയം ഒന്നുകൂടി പഠിച്ചശേഷം തീരുമാനം അറിയിക്കുമെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു. റൂവി അപ്പോളോ ഹോസ്പിറ്റൽ ഗ്രൗണ്ടിൽ 'വിസ്ഡം' സംഘടിപ്പിക്കാറുള്ള ഈദ്ഗാഹ് സംബന്ധമായ അന്തിമ തീരുമാനവും വന്നിട്ടില്ല. 

Tags:    
News Summary - Eidgahs can be conducted in compliance with the Covid norms

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.