കുവൈത്ത് സിറ്റി: നർകോട്ടിക് കൺട്രോൾ ജനറൽ ഡിപ്പാർട്മെന്റിന്റെ നേതൃത്വത്തിൽ ക്രിമിനൽ സെക്യൂരിറ്റി വിഭാഗം നടത്തിയ പരിശോധനയിൽ മയക്കുമരുന്നുമായി 18 പേരെ പിടികൂടി. 10 പൗരന്മാർ, നാല് ബിദൂനികൾ, രണ്ട് ഏഷ്യക്കാർ, രണ്ട് അറബ് വംശജർ എന്നിവരാണ് പിടിയിലായത്. ഏകദേശം നാലു കിലോ വിവിധ മയക്കുമരുന്നുകൾ, 830 ലഹരി ഗുളികകൾ, 214 കുപ്പി മദ്യം, ലിറിക്ക, പണം എന്നിവ ഇവരിൽനിന്ന് പിടികൂടി. ചോദ്യം ചെയ്യലിൽ പ്രതികൾ അനധികൃത വസ്തുക്കൾ കൈവശം വെച്ചതായി സമ്മതിച്ചു.
രാജ്യത്ത് മയക്കുമരുന്ന് ഒളിപ്പിച്ച് കടത്തുന്നതും ഇടപാടുകളും ഉപയോഗവും തടയാനും ഇത്തരം ശ്രമങ്ങളെ ശക്തമായി നേരിടാനും ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് തലാൽ ഖാലിദ് അൽ അഹമ്മദ് അസ്സബാഹിന്റെ കർശന നിർദേശമുണ്ട്. മയക്കുമരുന്ന് കേന്ദ്രങ്ങൾ കണ്ടെത്തുന്നതിലും ഡീലർമാരെയും പ്രമോട്ടർമാരെയും പിടികൂടുന്നതിലും കർശന പരിശോധന തുടരുമെന്ന് അധികൃതർ അറിയിച്ചു.
രാജ്യത്തിന്റെ സുരക്ഷയെയും പൗരന്മാരുടെ ക്ഷേമത്തെയും അപകടപ്പെടുത്തുന്നവർക്ക് കനത്തശിക്ഷ നൽകുമെന്നും മുന്നറിയിപ്പ് നൽകി. ലഹരി മാഫിയയിൽനിന്ന് യുവാക്കളെ രക്ഷിക്കാനും രാജ്യത്തിന്റെ ഭാവിയെ സംരക്ഷിക്കാനുമുള്ള ദൃഢനിശ്ചയത്തോടെ മയക്കുമരുന്ന് വ്യാപാരത്തിനെതിരായ പോരാട്ടം തുടരുകയാണെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ദിവസങ്ങൾക്കു മുമ്പ് ഷുവൈഖ് തുറമുഖം വഴി രാജ്യത്തേക്ക് കടത്താൻ ശ്രമിച്ച പത്തുലക്ഷം ക്യാപ്റ്റഗൺ ഗുളികകൾ പിടികൂടിയിരുന്നു. മൂന്നുപേരെ അറസ്റ്റു ചെയ്യുകയുണ്ടായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.