കുവൈത്ത് സിറ്റി: രാജ്യത്തെ ക്രിപ്റ്റോകറൻസി മൈനിങ്ങിനെതിരെ ശക്തമായ നടപടി സ്വീകരിച്ചു പബ്ലിക് പ്രോസിക്യൂഷൻ. 59 വസതികളിൽ നിയമവിരുദ്ധമായി ക്രിപ്റ്റോകറൻസി മൈനിങ്ങിന് ഉപയോഗിച്ചതായി സംശയിക്കുന്ന 31 കേസുകൾ അന്വേഷിക്കാൻ പബ്ലിക് പ്രോസിക്യൂഷൻ ഉത്തരവിട്ടു. കേസിൽ 116 പ്രതികളെ ചോദ്യം ചെയ്തതായും പ്രോസിക്യൂഷൻ പ്രസ്താവനയിൽ വ്യക്തമാക്കി.
വൈദ്യുതി രാജ്യത്തെ ഒരു തന്ത്രപ്രധാനമായ വിഭവമാണെന്നും അത് പതിവ് ആവശ്യങ്ങൾക്ക് മാത്രമായി ഉപയോഗിക്കണമെന്നും പ്രോസിക്യൂഷൻ ഓർമിപ്പിച്ചു. ചില വ്യക്തികൾ വീടുകളിൽ വൈദ്യുതി ഉപയോഗിച്ച് ക്രിപ്റ്റോകറൻസി മൈനിങ്ങിൽ ഏർപ്പെടുന്നത് പൊതു വൈദ്യുതി ശൃംഖലയെ ദോഷകരമായി ബാധിക്കുന്നതായും പ്രോസിക്യൂഷൻ കൂട്ടിച്ചേർത്തു.
കഴിഞ്ഞ ആഴ്ച വൈദ്യുതി ഉപഭോഗത്തിലെ അസാധാരണമായ വർധന ശ്രദ്ധയിൽപ്പെട്ടതിന് പിന്നാലെ നടത്തിയ പരിശോധനയിലാണ് ക്രിപ്റ്റോകറൻസി മൈനിങ് കണ്ടെത്തിയത്. തുടർന്ന് ഡ്രോണുകൾ സഹായത്തോടെ വീടുകളും ഫാമുകളും കര്‍ശനമായി പരിശോധിക്കുകയും നടപടി സ്വീകരിക്കുകയും ചെയ്തിരുന്നു. ഒരാഴ്ചക്കിടെ 1,000ത്തിലധികം മൈനിങ് കേന്ദ്രങ്ങളാണ് കണ്ടെത്തിയത്.
ദേശീയ വൈദ്യുതി ഗ്രിഡ് അനധികൃതമായി ഉപയോഗിച്ച് ക്രിപ്റ്റോകറൻസി ഖനനം ചെയ്യുന്നത് ഗുരുതരമായ കുറ്റകൃത്യമാണെന്ന് ആക്ടിങ് പ്രധാനമന്ത്രി ശൈഖ് ഫഹദ് യുസുഫ് അസ്സബാഹ് പരിശോധനക്കിടെ വ്യക്തമാക്കിയിരുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.