കാറ്ററിങ് കരാറിന്റെ പേരിൽ കോടികളുടെ തട്ടിപ്പ്

കുവൈത്ത് സിറ്റി: കാറ്ററിങ് കരാറുകളുടെ പേരിൽ മൂന്ന് മലയാളികൾ ഉൾപ്പെട്ട സംഘം കുവൈത്തിൽനിന്ന് തട്ടിയത് കോടികൾ. വകദ് ഇന്റർനാഷനൽ എന്ന പേരിൽ തട്ടിപ്പ് കമ്പനി രൂപവത്കരിച്ച് നിരവധി വ്യാപാരികളെ കബളിപ്പിച്ചത്.

ജമീൽ മുഹമ്മദ് എന്ന ഉത്തരേന്ത്യക്കാരനാണ് കമ്പനിയുടമ. കൂടെയുണ്ടായിരുന്നു മൂന്ന് മലയാളികൾ നൽകിയ വിസിറ്റിങ് കാർഡിലെ പേരുകൾ യഥാർഥമാണോ എന്ന് ഉറപ്പില്ല. രണ്ടര മാസം മുമ്പ് കുവൈത്തിൽ മികച്ച നിലയിൽ ഓഫിസും സംവിധാനങ്ങളും തുറന്ന് അതിവിദഗ്ധമായാണ് തട്ടിപ്പ് നടത്തിയത്.

മുത്‍ലയിൽ വില്ല പ്രോജക്ടിനും തുറമുഖത്തെ കയറ്റിറക്ക് തൊഴിലാളികൾക്കും മറ്റും ജീവനക്കാർക്ക് ഭക്ഷണ വിതരണത്തിന് തങ്ങൾക്ക് കരാർ ലഭിച്ചിട്ടുണ്ടെന്നും ഇത് സബ് കോൺട്രാക്ട് നൽകാൻ താൽപര്യമുണ്ടെന്നും ഹോട്ടൽ വ്യാപാരികളെ വിശ്വസിപ്പിക്കുകയായിരുന്നു. ദിവസവും ആയിരം പേർക്ക് ഭക്ഷണം വേണമെന്ന് പ്രമുഖ മലയാളി റെസ്റ്റാറന്റ് ഉടമയെ വിശ്വസിപ്പിച്ചു.

ഇങ്ങനെ പലരിൽനിന്നും ഒരേ സമയം ക്വട്ടേഷൻ വാങ്ങി. കോട്ടും സ്യൂട്ടുമെല്ലാം ധരിച്ച് ഹോട്ടലിൽ പലവട്ടം ഭക്ഷണം കഴിക്കാനെത്തി സൗഹൃദവും വിശ്വാസ്യതയും നേടിയാണ് ഇടപാടിലേക്ക് കൊണ്ടെത്തിച്ചത്. സാൽമിയയിലെ ഓഫിസ് സന്ദർശിച്ച വ്യാപാരികൾക്ക് സംശയമൊന്നും തോന്നാത്ത രീതിയിലായിരുന്നു ഓഫിസ് ക്രമീകരണം. രണ്ടര മാസം മുമ്പ് എടുത്ത ഓഫിസിലെ ജീവനക്കാർക്ക് ശമ്പളം നൽകിയിട്ടില്ല.

ചതിക്കപ്പെട്ടതിന് പുറമെ പറ്റിക്കപ്പെട്ടവരുടെ ചോദ്യങ്ങൾക്ക് മറുപടി പറയാനും കഴിയാതെ പെട്ടുപോയിരിക്കുകയാണ് ജീവനക്കാർ. കാറ്ററിങ് കരാർ നിയമാനുസൃതം അഭിഭാഷകന്റെ സാന്നിധ്യത്തിൽ നടത്തണമെന്ന് നിർബന്ധം പിടിച്ചത് തട്ടിപ്പുസംഘം തന്നെയാണ്. മാസം 68000 ദീനാറിന്റെ കരാർ ഒരു റെസ്റ്റാറന്റുമായി തന്നെ ഉറപ്പിച്ചു. പലരുമായും ഇങ്ങനെ കരാറിലെത്തി. ഇവർക്കെല്ലാം കമ്പനിയുടെ പേരിൽ ചെക്കും നൽകി. എല്ലാവർക്കും ഫെബ്രുവരി രണ്ട് തീയതിയിട്ടാണ് ചെക്ക് നൽകിയത്.

ഇതിനിടയിൽ ഇടപാടുറപ്പിക്കാൻ സഹായിച്ച വകയിൽ കമീഷൻ വാങ്ങിയാണ് സംഘം മുങ്ങിയത്. വർഷത്തിൽ 6.8 ലക്ഷം ദീനാറിന്റെ സ്ഥിരം കച്ചവടം ലഭിക്കുന്നതിനാൽ കമീഷൻ നൽകാൻ വ്യാപാരികൾ തയാറാവുകയായിരുന്നു. 3000 ദീനാർ മുതൽ 20000 ദീനാർ വരെ നൽകിയവരുണ്ട്. കമ്പനിയുടെ മുൻകൂർ ചെക്ക് ലഭിച്ചതായിരുന്നു ഇവരുടെ ആത്മവിശ്വാസം.

ഫെബ്രുവരി രണ്ട് ഞായറാഴ്ച കമ്പനി അടച്ചുപൂട്ടി ഉടമകൾ മുങ്ങിയത് മനസ്സിലാക്കിയ വ്യാപാരികൾ സങ്കടത്തിലാണ്. വലിയ ഓർഡർ കിട്ടിയതിനാൽ പല റെസ്റ്റാറന്റുകളും അടുക്കളയും മറ്റും നവീകരിച്ചു. ഈ വകയിലും വൻ തുക ചെലവായി. തട്ടിപ്പുകമ്പനിയിലെ ജീവനക്കാർക്ക് രണ്ടുമാസമായി ഭക്ഷണം ​നൽകിയ വകയിൽ പണം ലഭിക്കാനുള്ളവരുമുണ്ട്. വാടകക്കെടുത്ത ആഡംബര വാഹനങ്ങളിലാണ് തട്ടിപ്പുസംഘം സഞ്ചരിച്ചിരുന്നത്.

വാഹനം ഉപേക്ഷിച്ചുമുങ്ങി. പഴവർഗങ്ങൾ നൽകിയ വകയിൽ ഒരു മലയാളി വ്യാപാരിക്ക് 7000 ദീനാർ നഷ്ടമായി. സുരക്ഷ ഉപകരണങ്ങൾ നൽകിയ വ്യാപാരിക്ക് 6000 ദീനാറാണ് നഷ്ടം. ദിവസേന പച്ചക്കറി നൽകിയയാൾക്ക് 20000 ദീനാർ പോയി. ​ഇതെല്ലാം തട്ടിപ്പുസംഘം മറിച്ചുവിൽക്കുകയായിരുന്നു എന്നാണ് മനസ്സിലാകുന്നത്.

Tags:    
News Summary - Catering contract fraud

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.