ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ചേർന്ന ഏകോപന യോഗം
കുവൈത്ത് സിറ്റി: തീപിടിക്കുന്ന വസ്തുക്കൾ കൊണ്ടുപോകുന്നതിനുള്ള നിയന്ത്രണങ്ങൾ ക്രമീകരിക്കുന്നതിന് ഉന്നതതല ഏകോപന യോഗം ചേർന്നു. കഴിഞ്ഞയാഴ്ച ഗസാലി റോഡിൽ ട്രക്കിന് തീപിടിച്ചതിന്റെ പശ്ചാത്തലത്തിൽ ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് തലാൽ ഖാലിദ് അൽ അഹ്മദ് അസ്സബാഹിന്റെ നിർദേശപ്രകാരമാണ് യോഗം.
ജനറൽ ഫയർഫോഴ്സ് പ്രസിഡൻസി കെട്ടിടത്തിൽ ചേർന്ന യോഗത്തിൽ ആഭ്യന്തര മന്ത്രാലയം അണ്ടർ സെക്രട്ടറി ലെഫ്റ്റനന്റ് ജനറൽ അൻവർ അബ്ദുൽ ലത്തീഫ് അൽ ബർജാസ്, ജനറൽ ഫയർഫോഴ്സ് മേധാവി ലെഫ്റ്റനന്റ് ജനറൽ ഖാലിദ് റകാൻ അൽ മെക്രാദ്, നാഷനൽ പെട്രോളിയം കമ്പനി, ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് കസ്റ്റംസ്, പബ്ലിക് അതോറിറ്റി ഫോർ ഇൻഡസ്ട്രി, പബ്ലിക് അതോറിറ്റി ഫോർ എൻവയൺമെന്റ് എന്നിവയുടെ പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തു. ട്രക്കിന് തീപിടിക്കാനുണ്ടായ സാഹചര്യം യോഗം വിലയിരുത്തി.
ഭാവിയിൽ തീപിടിക്കുന്ന വസ്തുക്കൾ കയറ്റി ട്രക്ക് അപകടങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള മാനദണ്ഡങ്ങളും പ്രത്യേക നടപടികളും വികസിപ്പിക്കുന്നതിനെക്കുറിച്ച് യോഗം ചർച്ച ചെയ്തു.
അപകടത്തിന്റെ ആവർത്തനം തടയാനും റോഡ് ഉപയോക്താക്കളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും യോഗത്തിൽ തീരുമാനമെടുത്തു. തീപിടിക്കുന്ന വസ്തുക്കൾ സുരക്ഷിത രീതിയിൽ കൊണ്ടുപോകുന്നതിന് അന്താരാഷ്ട്രതലത്തിൽ പ്രയോഗിക്കുന്ന മാനദണ്ഡങ്ങൾ നടപ്പാക്കാനും തീരുമാനമായി.
കമ്പനികളും ഫാക്ടറികളും ഇത്തരം വസ്തുക്കൾ കൊണ്ടുപോകുന്ന ട്രക്കുകളിൽ സുരക്ഷ ഉറപ്പുവരുത്തുന്നതിലും അപകടങ്ങൾ ഒഴിവാക്കുന്നതിലും സുരക്ഷ നടപടികളിലും സഹകരിക്കണമെന്നും അൽ മെക്രാദ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.