ഏഷ്യാകപ്പ് യോഗ്യത പോരാട്ടത്തിൽ യു.എ.ഇക്കെതിരായ മത്സരത്തിൽ മാൻ ഓഫ് ദ മാച്ചായ മലയാളി താരം എഡിസൺ ഡി സിൽവ പുരസ്കാരം ഏറ്റുവാങ്ങുന്നു

ഏഷ്യാകപ്പ് യോഗ്യത: ആദ്യ മത്സരത്തിൽ ഉജ്ജ്വല വിജയം, ഇനി ഇന്നും ജയിക്കണം

കുവൈത്ത് സിറ്റി: ഏഷ്യാകപ്പ് യോഗ്യതപോരാട്ടത്തിൽ ആദ്യ മത്സരത്തിൽ ശക്തരായ യു.എ.ഇക്കെതിരെ ഉജ്ജ്വല വിജയം നേടിയതിന്റെ ആത്മവിശ്വാസത്തിൽ കുവൈത്ത് ഇന്ന് രണ്ടാം മത്സരത്തിനിറങ്ങുന്നു. ഒമാനിലെ ക്രിക്കറ്റ് അക്കാദമി ഗ്രൗണ്ടിൽ ഹോങ്കോങ്ങാണ് എതിരാളികൾ. ഇന്നത്തെ മത്സരംകൂടി ജയിക്കാനായാൽ കുവൈത്തിന്റെ ഏഷ്യാകപ്പ് പ്രവേശനപ്രതീക്ഷകൾക്ക് സാധ്യത കൂടും. അതിനാൽ വിജയത്തിൽ കുറഞ്ഞതൊന്നും ടീം പ്രതീക്ഷിക്കുന്നില്ല. യു.എ.ഇയെപ്പോലെ ശക്തരല്ല ഹോങ്കോങ് എന്നത് കുവൈത്തിന് മുൻതൂക്കം നൽകുന്നുണ്ട്. ഇന്നത്തെ മത്സരംകൂടി ജയിച്ച് ആത്മവിശ്വാസം നിലനിർത്താനാകും കുവൈത്തിന്റെ ശ്രമം.

ഞായറാഴ്ച യു.എ.ഇക്കെതിരെ പുറത്തെടുത്ത പോരാട്ടവീര്യം തുടരാനായാൽ കുവൈത്തിന് ചൊവ്വാഴ്ച കാര്യങ്ങൾ എളുപ്പമാകുമെന്ന് കണക്കുകൂട്ടുന്നു. ബുധനാഴ്ച സിംഗപ്പൂരുമായാണ് കുവൈത്തിന്റെ അവസാന മത്സരം. ഞായറാഴ്ച അവസാന പന്തുവരെ ആവേശം നിലനിന്ന മത്സരത്തിൽ യു.എ.ഇക്കെതിരെ കുവൈത്തിന് ഒരു വിക്കറ്റിനായിരുന്നു കുവൈത്തിന്റെ ജയം. ആദ്യം ബാറ്റ് ചെയ്ത യു.എ.ഇ നിശ്ചിത 20 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 173 റൺസെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ കുവൈത്ത് ഒരു പന്ത് ബാക്കിനിൽക്കെ ഒമ്പതു വിക്കറ്റ് നഷ്ടത്തിൽ വിജയം നേടി. മലയാളി താരങ്ങൾ കുവൈത്തിന്റെ വിജയത്തിൽ നിർണായക പങ്കുവഹിച്ചു.

ഏഴാമനായി ഇറങ്ങി 14 പന്തിൽനിന്ന് 25 റൺസെടുത്ത മലയാളിതാരം എഡിസൺ ഡി സിൽവയാണ് മത്സരം കുവൈത്തിന്റെ ഭാഗത്തേക്ക് തിരികെ എത്തിച്ചത്. 13.5 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 110 റൺസ് എന്ന നിലയിൽ കുവൈത്ത് പരുങ്ങുമ്പോഴാണ് എഡിസൺ ക്രീസിലെത്തിയത്. അതിവേഗത്തിൽ സ്കോർ ചെയ്ത എഡിസൺ യു.എ.ഇ ബൗളർമാരെ കണക്കിനു ശിക്ഷിച്ചു. 17ാം ഓവറിൽ ക്യാച്ചിലൂടെ മടങ്ങേണ്ടിവന്നുവെങ്കിലും കുവൈത്ത് സ്കോർ മിന്നൽവേഗത്തിൽ 157ലെത്തിക്കാൻ എഡിസന് കഴിഞ്ഞു. മിന്നൽപ്രകടനം എഡിസനെ കളിയിലെ താരവുമാക്കി. അവസാന ഓവറിൽ ഒമ്പതു റൺസായിരുന്നു കുവൈത്തിന്റെ വിജയലക്ഷ്യം.

ഇതോടെ ആവേശം പരകോടിയിലെത്തി. അവസാന ഓവറിലെ നാലാം പന്തിൽ സെയ്ദ് മോനിബ് റണ്ണൗട്ടായതോടെ രണ്ടു പന്തിൽ കുവൈത്തിനുവേണ്ടിയിരുന്നത് ഒരു റൺ. അവസാനക്കാരനായി ക്രീസിലെത്തിയ മലയാളിതാരം മുഹമ്മദ് ഷഫീഖ് ആദ്യ പന്തുതന്നെ ബൗണ്ടറിയിലേക്കു പറത്തി കുവൈത്തിനെ വിജയതീരത്തെത്തിച്ചു. ടോസ് നേടിയ കുവൈത്ത് ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. യു.എ.ഇക്കുവേണ്ടി ചിരാഗ് സൂരി 88 (61), മുഹമ്മദ് വസീം 35 (23), വൃത്യ അരവിന്ദ് 33 (29) എന്നിവർ മികച്ച പ്രകടനം കാഴ്ചവെച്ചു. കുവൈത്തിനുവേണ്ടി മലയാളി താരങ്ങളായ മുഹമ്മദ് ഷെഫീഖ്, ഷിറാസ് ഖാൻ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. യു.എ.ഇയുടെ മലയാളി താരം ബാസിൽ ഹമീദ് 22 റൺസ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തി.

Tags:    
News Summary - Asia Cup Qualifying: Brilliant win in first match, must win today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.