കുവൈത്ത് സിറ്റി: അറബിക് സ്കൂളുകളും കോളജുകളും രണ്ടാം സെമസ്റ്റർ അധ്യയനത്തിനായി തുറന്നതോടെ ഞായറാഴ്ച രാവിലെയും ഉച്ചക്ക് ശേഷവും കുവൈത്തിൽ അനുഭവപ്പെട്ടത് രൂക്ഷമായ ഗതാഗതക്കുരുക്ക്. സ്കൂൾ തുറന്നാൽ രാജ്യത്ത് ഗതാഗതക്കുരുക്ക് ഉണ്ടാകുന്നത് പതിവാണ്. രാവിലെ ആളുകൾ ഓഫിസിലേക്കും കുട്ടികൾ സ്കൂളിലേക്കും പോകുന്ന സമയത്തും തിരിച്ചുവരുന്ന ഉച്ചനേരത്തുമാണ് കുരുക്ക് ഉണ്ടാകുന്നത്.
ഈ സമയത്ത് വാഹനങ്ങൾ ഇഴഞ്ഞുനീങ്ങി സമയത്ത് എത്താൻ കഴിയാത്ത സ്ഥിതിയാണ്. 5,34,000ത്തിലേറെ വിദ്യാർഥികളാണ് അറബി സ്കൂളുകളിലും കോളജുകളിലുമായി പഠിക്കുന്നത്. രാജ്യത്തെ റോഡുകൾക്ക് ഉൾക്കൊള്ളാവുന്നതിലും അധികം വാഹനങ്ങൾ റോഡിലുള്ളതാണ് തിരക്കിന് കാരണം. ഓരോ വർഷവും ഒരുലക്ഷം പുതിയ വാഹനങ്ങൾ കുവൈത്തിന്റെ നിരത്തിലെത്തുന്നതായാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്കുകൾ. ഇവയിലധികവും കാറുകളാണ്.
12 ലക്ഷം വാഹനങ്ങളെ ഉൾക്കൊള്ളാനുള്ള ശേഷിയേ ഇവിടുത്തെ റോഡുകൾക്കുള്ളൂ. ഓരോ വർഷവും വർധിച്ചു വരുന്ന വാഹനപ്പെരുപ്പത്തെ ഉൾക്കൊള്ളാൻ രാജ്യത്തെ നിരത്തുകൾക്കു കഴിയുന്നില്ല. അതിനിടെ സ്കൂൾ തുറക്കുന്നതോടെ ഉണ്ടാകുന്ന ഗതാഗതക്കുരുക്ക് നിയന്ത്രിക്കാൻ ആഭ്യന്തര മന്ത്രാലയം ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരുന്നു. സ്കൂളുകൾ, ഹൈവേകൾ, കവലകൾ, ട്രാഫിക് സിഗ്നലുകൾ എന്നിവക്കു മുന്നിൽ ഏകദേശം 400 ട്രാഫിക് പട്രോളിങ് വാഹനങ്ങൾ വിന്യസിച്ചു.
എല്ലാ പ്രധാന റോഡുകളും എ.ഐ കാമറ വഴി കൺട്രോൾ റൂമിൽനിന്ന് നിരീക്ഷിച്ചു. വരും ദിവസങ്ങളിലെ തിരക്ക് കണക്കിലെടുത്ത് നിരീക്ഷണം തുടരുമെന്ന് അധികൃതർ അറിയിച്ചു. രാവിലെ 6.30 മുതൽ 8.30 വരെയും പുലർച്ചെ 12.30 മുതൽ ഉച്ചക്ക് 2.30 വരെയുമാണ് പട്രോളിങ് സംഘം റോഡുകൾ നിരീക്ഷിക്കുക. അപകടമോ റോഡ് ബ്ലോക്കോ ഉണ്ടായാൽ വിവരം ട്രാഫിക് പട്രോളിങ് വിഭാഗത്തിന് കൈമാറും. സഹായം ആവശ്യമായാൽ ഹെലികോപ്ടർ അടക്കമുള്ള സൗകര്യങ്ങളും ഉപയോഗിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.