അൽ ഹാല ദ്വീപ്
കുവൈത്ത് സിറ്റി: വ്യത്യസ്തയും മനോഹരിതയും കൊണ്ട് ശ്രദ്ധേയമായി കുവൈത്തിൽ ഒരു കുഞ്ഞു ദ്വീപ്. കുവൈത്ത് കടലിന്റെ തെക്ക് ഭാഗത്താണ് അപൂർവ പ്രകൃതി പ്രതിഭാസമായ ‘അൽ ഹാല’ എന്ന പേരിലുള്ള ദ്വീപ്. ദ്വീപിൽ ഇരുന്ന് കടൽ കാറ്റും കാഴ്ചകളും അനുഭവിക്കാം. തെളിഞ്ഞ വെള്ളത്തിൽ കടൽ ജീവികളെ കാണാം. അവക്കൊപ്പം നീന്താം.
വേലിയിറക്ക സമയത്ത് കടലിൽ പ്രത്യക്ഷപ്പെടുകയും ഉയർന്ന വേലിയേറ്റ സമയത്ത് പൂർണമായും അപ്രത്യക്ഷമാവുകയും ചെയ്യുന്ന മണൽത്തട്ടാണ് അൽ ഹാല. ദ്വീപിന്റെ അതുല്യമായ സ്വഭാവം പ്രകൃതി സ്നേഹികളുടെ പ്രിയപ്പെട്ട ഇടമാക്കി ഇതിനെ മാറ്റുന്നു. സവിശേഷമായ സ്ഥാനവും സ്വഭാവവും സമുദ്ര പരിസ്ഥിതി ടൂറിസം ഇടമായും അൽ ഹാലക്ക് പ്രധാന്യം നൽകുന്നു.
പേർഷ്യൻ ഗൾഫിലെ തെളിഞ്ഞ വെള്ളത്തിനിടയിൽ അസാധാരണമായ അനുഭവം സന്ദർശകർക്ക് ദ്വീപ് നൽകുന്നു. മലിനീകരണത്തിൽ നിന്നും നഗര ചുറ്റുപാടുകളിൽ നിന്നും മുക്തമായി ശുദ്ധമായ പ്രകൃതിയുമായി ഇടപഴകാനുള്ള അവസരവും ഒരുക്കുന്നു.
ദ്വീപ് സന്ദർശിക്കുന്നത് പരിസ്ഥിതി അവബോധം വർധിപ്പിക്കുകയും സുസ്ഥിര ടൂറിസത്തെ പ്രോത്സാഹിപ്പിക്കുമെന്നും കുവൈത്ത് ഫോട്ടോഗ്രാഫറും പരിസ്ഥിതി പ്രവർത്തകനുമായ ഡോ.അബ്ദുള്ള അൽ സൈദാൻ പറഞ്ഞു. ഇത്തരം പ്രദേശങ്ങളുടെയും സമുദ്രജീവികളുടെയും സംരക്ഷണവും പ്രധാന്യവും മനസിലാക്കാൻ ഇവ സന്ദർശിക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹം ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.