കുവൈത്ത് സിറ്റി: കുവൈത്തിനെ പ്രധാന താവളമാക്കി ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികൾക്കെതിരെയുള്ള പോരാട്ടം ശക്തിപ്പെടുത്താൻ യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ് പദ്ധതി തയാറാക്കിയതായി റിപ്പോർട്ട്. അമേരിക്കൻ ഭരണകൂടവുമായി ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക പത്രമാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
ഇറാഖിലും സിറിയയിലുമാണ് ഐ.എസ് തീവ്രവാദികൾ കൂടുതൽ തമ്പടിച്ചിരിക്കുന്നത്. ഈ രണ്ട് രാജ്യങ്ങൾക്കുമിടിയിൽ തന്ത്രപ്രധാനമായ സ്ഥാനമാണ് കുവൈത്തിനുള്ളത്.
കുവൈത്ത് കേന്ദ്രീകരിച്ച് രണ്ടു രാജ്യങ്ങളിലെയും ഐ.എസ് മേഖലകളിലേക്ക് പോർ വിമാനങ്ങളെ അയക്കുന്നത് ചെലവ് കുറഞ്ഞതും ഫലപ്രദവുമായിരിക്കുമെന്നാണ് കണക്കുകൂട്ടൽ. പ്രാദേശിക തലത്തിലും സഖ്യകക്ഷികളുടെ ആഭിമുഖ്യത്തിലും നടക്കുന്ന ഐ.എസ് വിരുദ്ധ സംരംഭങ്ങളെ സഹായിക്കാനും ഇത് ഉതകും.
തുർക്കിയിലെ അംജർലേക്ക് താവളം കേന്ദ്രീകരിച്ചാണ് ഇപ്പോൾ സിറിയയിലെ ഭീകരവാദികൾക്കെതിരെ പോരാട്ടം നടക്കുന്നത്. നിലവിൽ ഇറാഖിൽ 5500 യു.എസ് സൈനികരും സിറിയയിൽ 1000 സൈനികരും പോർ മുഖത്തുണ്ട്. താമസിയാതെ ഐ.എസ് വേട്ടക്കായി 1000 സൈനികരെ കൂടി കുവൈത്തിലേക്ക് അയക്കുമെന്ന് പെൻറഗൺ വൃത്തങ്ങൾ കഴിഞ്ഞ ആഴ്ച വെളിപ്പെടുത്തിയിരുന്നു. ഇക്കാര്യം കുവൈത്ത് അധികൃതരും സ്ഥിരീകരിച്ചിട്ടുണ്ട്.
കുവൈത്ത് കേന്ദ്രീകരിച്ച് ഐ.എസ് താവളങ്ങളെ തകർക്കാനുള്ള പദ്ധതിക്ക് യു.എസ് കോൺഗ്രസിൽനിന്ന് ട്രംപിന് അനുമതി ലഭിക്കേണ്ടതുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.